കേരളം

kerala

പിടിവിട്ട് ലഹരി, പിടികിട്ടാതെ ആൽകോ സ്‌കാൻ വാന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഉദ്യോഗസ്ഥര്‍ - Alko Scan Van Of Kerala Police

By ETV Bharat Kerala Team

Published : Apr 2, 2024, 8:37 PM IST

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടുന്നതിനുള്ള കേരള പൊലീസിന്‍റെ ആല്‍കോ സ്‌കാന്‍ വാന്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഏതോ ജില്ലയിലുണ്ടെന്ന് കേരള പൊലീസ്.

ALKO SCAN VAN OF KERALA POLICE  WHERE IS THE ALKO SCAN VAN  ALKO SCAN VAN  DRINK ALCOHOL WHILE DRIVING
Where Is The Alko Scan Van; Kerala Police Don't Have Any Idea About That

കോഴിക്കോട്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ സർക്കാർ ഒരു വാൻ റോഡിലിറക്കിയിരുന്നു. 'ആൽകോ സ്‌കാൻ വാൻ'. നിയമ ലംഘകരെ പിടികൂടാന്‍ കേരള പൊലീസിന് കരുത്താകേണ്ട ആല്‍കോ സ്‌കാന്‍ വാന്‍ ഇന്ന് എവിടെയുണ്ട്? തലസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ പറയുന്നു ഏതോ ജില്ലയിൽ ഉണ്ടെന്ന്, ഏത് ജില്ലയിൽ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല.

2022 ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ്‌ ഓഫും നിര്‍വ്വഹിച്ചിരുന്നു. മദ്യം മുതല്‍ സിന്തറ്റിക് ലഹരി മരുന്നുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങളുമായാണ് വാൻ രംഗത്തിറങ്ങിയത്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടിയാല്‍ കുറ്റം തെളിയിക്കപ്പെടാന്‍ വൈദ്യപരിശോധന അടക്കം ഏറെ സമയമെടുക്കുന്നത് തലവേദന ആയതോടെയാണ് വാൻ ഇറക്കിയത്.

പിടികൂടുന്നവരുടെ ഉമിനീർ പരിശോധനയിലൂടെ 5 മിനിറ്റ് കൊണ്ട് ഫലത്തിന്‍റെ പ്രിന്‍റ് ലഭിക്കും. 48 മണിക്കൂർ മുമ്പ് വരെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും കണ്ടുപിടിക്കാനാകും. റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെയാണ് ആല്‍കോ സ്‌കാന്‍ വാൻ കേരള പൊലീസിന് കൈമാറിയത്.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ച് വരികയാണ്. ഒരു പരിധിവരെ പൊലീസിന് സഹായമായിരുന്നു ആല്‍കോ സ്‌കാന്‍ വാന്‍. പൊലീസ്, വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചോ എന്നുള്ള പരിശോധന മെഡിക്കല്‍ സെന്‍ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍ വച്ചുതന്നെ വേഗത്തില്‍ നടത്താനാകും. വ്യക്‌തിയുടെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ഥത്തെ വേഗത്തില്‍ തിരിച്ചറിയുവാനും പൊലീസിന് വേഗത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാനുമാകും.

രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന നടപ്പാലാക്കിയത്. വാഹനത്തിനും മെഷീനും ചേര്‍ത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. ഇത്തരത്തിലുള്ള 15 വാനുകൾ 'റോപ്പ്' കേരള പൊലീസിന് കൈമാറുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല എന്ന് മാത്രമല്ല, നിലവിൽ ഒരു പഞ്ചായത്തിൽ ഒരു ആൽകോ സ്‌കാൻ വാൻ ആവശ്യമുള്ള അവസ്ഥയാണ്. അത്രയധികമായാണ് സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചിട്ടുള്ളത്.

Also Read: ചെലവ് ഭീമം ; ലഹരി ഉപയോഗിച്ച് കറങ്ങുന്നവരെ പൂട്ടുന്ന സലൈവ മെഷീൻ പണി നിർത്തി

ABOUT THE AUTHOR

...view details