കേരളം

kerala

മോഹൻലാൽ ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയനിൽ അംഗത്വമെടുത്തു - FEFCA Directors Union

By ETV Bharat Kerala Team

Published : Mar 27, 2024, 8:43 PM IST

ഫെഫ്‌ക പ്രസിഡന്‍റ് സിബി മലയിൽ മോഹന്‍ലാലിന് അംഗത്വ കാർഡ് നൽകി. മോഹൻലാൽ സംവിധാന രംഗത്തേക്ക് പ്രവേശിച്ചത് ബറോസ് എന്ന സിനിമയിലൂടെ.

FILM EMPLOYEES FEDERATION OF KERALA  FEFCA DIRECTORS UNION  MOHANLAL JOINED FEFCA  MOHANLAL JOINED DIRECTORS UNION
Actor Mohanlal Joined Film Employees Federation of Kerala Directors Union

നടൻ മോഹൻലാൽ ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയനിൽ അംഗത്വമെടുത്തു

എറണാകുളം :അഭിനയത്തോടൊപ്പം സംവിധാന മേഖലയിലേക്കും പ്രവേശിച്ച് നടൻ മോഹൻലാൽ. ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയനിൽ അദ്ദേഹം അംഗത്വമെടുത്തു. കൊച്ചിയില്‍ നടന്ന ഫെഫ്‌ക ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍വെച്ചാണ് പ്രസിഡന്‍റ് സിബി മലയിൽ അംഗത്വ കാർഡ് നൽകിയത്. ബറോസ് എന്ന സിനിമയിലൂടയാണ് മോഹൻലാൽ സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്.

ഇതര സംസ്ഥാനങ്ങളിലെ സിനിമ മേഖലകളിൽ പ്രവർത്തിക്കുമ്പോഴാണ് മലയാള സിനിമ യൂണിയനുകളുടെ പ്രസക്തി മനസിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും തുടക്കമായി. മോഹന്‍ലാല്‍, നടി ഉർവശി, സംവിധായകന്‍ ജോഷി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്‌തു. ഫെഫ്‌ക തൊഴിലാളി യൂണിയനിലെ അംഗങ്ങൾക്ക് പ്രതിവർഷം 3 ലക്ഷം രൂപയുടെ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.

ഇൻഷുറൻസ് കമ്പനികളുടെ പിന്തുണയില്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചു. ഫെഫ്‌ക സ്‌ത്രീവിരുദ്ധ സംഘടനയാണെന്ന വിമര്‍ശനം ഉണ്ണികൃഷ്‌ണന്‍ തള്ളി. കാരവാന്‍റെ സുഖശീതളിമയിലും സൈബറിടത്തിലിരുന്നും സ്ത്രീവാദം പറയുന്നവരല്ല ഫെഫ്‌കയിലുള്ളതെന്ന് ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി.

കലാകാരന്‍റെ മതവും ജാതിയും വർണ്ണവും ഏതുമാകട്ടെ എല്ലാവരെയും ചേർത്ത് തൊഴിലാളിയെന്ന ഒറ്റ സ്വത്വത്തിലാണ് ഒത്തുകൂടിയത്. തൊഴിലാളികളുടെ ആത്മഭിമാനത്തിന്‍റെ പേരായി ഫെഫ്‌ക വളർന്നു. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഗമമാണ് ഇന്ന് കൊച്ചിയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാരംഗത്തെ വൻ താര നിരയാണ് കൊച്ചിയിൽ നടന്ന ഫെഫ്‌ക തൊഴിലാളി സംഗമത്തിന് ആശംസയർപ്പിക്കാൻ എത്തിചേർന്നത്. വനിത ഡ്രൈവര്‍മാര്‍ക്ക് ഫെഫ്‌ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗത്വം നല്‍കുന്നതുള്‍പ്പടെയുള്ള ചടങ്ങുകള്‍ തൊഴിലാളി സംഗമത്തെ ശ്രദ്ധേയമാക്കി. ഫെഫ്‌കയിലെ 21 അംഗ സംഘടനകളില്‍ നിന്ന് ആയിരങ്ങളാണ് കൊച്ചിയില്‍ നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ പങ്കെടുത്തത്.

Also read : 4കെ റിലീസിനൊരുങ്ങി 'ദേവദൂതൻ'; കോക്കേഴ്‌സ് ഫിലിംസിൽ ജനങ്ങൾക്ക് വിശ്വാസമെന്ന് സിയാദ് കോക്കർ

ABOUT THE AUTHOR

...view details