കേരളം

kerala

പോയി വല്ല നാടകത്തിലും ചേര്; പാക് യുവ താരത്തിനെതിരെ വസീം അക്രം

By ETV Bharat Kerala Team

Published : Mar 11, 2024, 4:45 PM IST

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ യുവതാരം അബ്‌ദുല്ല ഷഫീഖ് നടത്തിയ ആഘോഷത്തിനെതിരെ ഇതിഹാസ താരം വസീം ആക്രം.

Wasim Akram  Abdullah Shafique  Australia vs Pakistan
Wasim Akram criticizes Abdullah Abdullah Shafique

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൂപ്പർ ലീഗ് (PSL 2024) മത്സരത്തിനിടെ യുവതാരം അബ്‌ദുല്ല ഷഫീഖ് (Abdullah Shafique) നടത്തിയ ആഘോഷ പ്രകടനത്തിൽ കടുത്ത വിമര്‍ശനവുമായി ഇതിഹാസ താരം വസീം അക്രം (Wasim Akram). ഇസ്ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഹോർ ക്വാലാൻഡേഴ്സിനെതിരായി കളിക്കാന്‍ ഇറങ്ങിയ അബ്‌ദുല്ല ഷഫീഖ് ഫീല്‍ഡിങ്ങിനിടെ ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തിരുന്നു. നേരത്തെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ചുണ്ടത്ത് വിരൽ വച്ചായിരുന്നു 24-കാരന്‍ ഇതു ആഘോഷിച്ചത്.

ക്യാച്ച് നല്ലതായിരുന്നുവെങ്കിലും അബ്‌ദുല്ല ഷഫീഖിന്‍റെ ആഘോഷം ഒരല്‍പം അതിരുവിട്ടതായാണ് വസീം അക്രം നിലപാട് എടുത്തിരിക്കുന്നത്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ താരം നാടകത്തില്‍ ചേരുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്.

"ആ ക്യാച്ച് നല്ലതായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ നഷ്‌ടപ്പെടുത്തിയ 36 ക്യാച്ചുകൾക്ക് ആരാണ് ഉത്തരവാദി?. അതിന് ആരാണ് മറുപടി പറയുക?. എനിക്ക് തോന്നുന്നത്. അബ്‌ദുല്ല ഷഫീഖ് ക്രിക്കറ്റ് കളിക്കുന്നതിനേക്കാല്‍ വല്ല നാടകത്തിലും ചേരുന്നതാവും നല്ലത് എന്നാണ്" -വസീം അക്രം പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പാകിസ്ഥാന്‍ (Australia vs Pakistan ) താരങ്ങളുടെ മോശം ഫീല്‍ഡിങ് ഏറെ ചര്‍ച്ചയായിരുന്നു. ഓട്ടക്കയ്യുമായി ഫീല്‍ഡ് ചെയ്‌ത പാക് താരങ്ങള്‍ അനായാസമായ നിരവധി ക്യാച്ചുകളായിരുന്നു നിലത്തിട്ടത്. മൂന്ന് മത്സര പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ഇതുമായി ബന്ധപ്പട്ട് പാകിസ്ഥാന്‍ മീഡിയം പേസര്‍ ഹസന്‍ അലിയെ ആരാധകരില്‍ ചിലര്‍ കളിയാക്കുകയും ചെയ്‌തിരുന്നു.

ALSO READ: മുംബൈ വിട്ട് രോഹിത് ചെന്നൈയിലേക്ക്...ഇത് അമ്പാട്ടി റായിഡുവിന്‍റെ സ്വപ്‌നമല്ല...

മത്സരത്തിന് ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് ആരാധകരില്‍ നിന്നും ഒരു അപ്രതീക്ഷിത പ്രതികരണം ഹസനലിക്ക് നേരിടേണ്ടി വന്നത്. പന്തു പിടിക്കാന്‍ പഠിപ്പിച്ചു തരാം എന്നായിരുന്നു പാക് താരങ്ങളുടെ മോശം ഫീല്‍ഡിങ്ങിനെ ട്രോളിക്കൊണ്ട് ഒരാള്‍ കമന്‍റടിച്ചത്. ഇതില്‍ പ്രകോപിതനായ ഹസന്‍ അലി അയാള്‍ക്ക് നേരെ നടന്നടുക്കുകയും പിന്നീട്, ആരാണ് തന്നെ ക്യാച്ച് ചെയ്യാന്‍ പഠിപ്പിക്കുന്നതെന്നും ചോദിക്കുകയും ചെയ്‌തിരുന്നു.

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തു. പരമ്പരയില്‍ പുതിയ നായകന്‍ ഷാന്‍ മസൂദിന് കീഴില്‍ കളിച്ച പാകിസ്ഥാനെ ഓസ്‌ട്രേലിയ വൈറ്റ് വാഷ്‌ ചെയ്‌താണ് തിരികെ അയച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 360 റണ്‍സിനായിരുന്നു പാകിസ്ഥാന്‍റെ തോല്‍വി.

ALSO READ: ബാറ്റിങ് ഒരു പ്രശ്‌നമേ ആയിരുന്നില്ല; ഇപ്പോള്‍ വിക്കറ്റ് കീപ്പിങ്ങും....; ഡല്‍ഹി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പോണ്ടിങ്

മെല്‍ബണില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ പാക് ടീമിനായി. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ക്കും പാകിസ്ഥാന് മത്സരം നഷ്‌ടമായി. മെല്‍ബണില്‍ അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞുവെങ്കിലും സിഡ്‌നിയില്‍ രണ്ട് ഡക്കുകളായിരുന്നു അബ്‌ദുല്ല ഷഫീഖിന് നേടാന്‍ കഴിഞ്ഞത്.

ABOUT THE AUTHOR

...view details