മുംബൈ:ഇഷാൻ കിഷൻ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയത് ശരിയായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. ഇന്ത്യയുടെ രണ്ട് യുവതാരങ്ങളെയും ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ ഏറ്റവും പുതിയ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ടത്. നാല് വിഭാഗങ്ങളിലായി 30 താരങ്ങളാണ് കരാര്‍ പട്ടികയില്‍ ഉള്ളത് (BCCI Central Contract).
കഴിഞ്ഞ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഗ്രേഡ് ബിയിലാണ് ശ്രേയസ് അയ്യര്‍ ഉള്‍പ്പെട്ടിരുന്നത്. ഗ്രേഡ് സിയിലായിരുന്നു ഇഷാൻ കിഷന്‍റെ സ്ഥാനം. എന്നാല്‍, ഇത്തവണ ഇരുവര്‍ക്കും ഒരു വിഭാഗത്തിലും ഇടം കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു.
ദേശീയ ടീമിനൊപ്പം ഇല്ലാത്ത താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കണമെന്ന നിര്‍ദേശം ഇരുവരും പാലിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു രണ്ട് താരങ്ങളെയും ബിസിസിഐ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഈ നടപടിയിലൂടെ ശരിയായ തീരുമാനമാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം.
'ശ്രേയസും ഇഷാൻ കിഷനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് ബിസിസിഐ ആഗ്രഹിച്ചത്. ഇരുവരും രഞ്ജി ട്രോഫിയില്‍ കളിച്ചില്ലെന്ന കാര്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ കാര്യത്തില്‍ ശരിയായ തീരുമാനമാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.