കേരളം

kerala

'യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ 3 സിക്‌സ്, ബേബി മലിംഗയുടെ ബൗളിങ്...'; ജയത്തിന്‍റെ 'ക്രെഡിറ്റ്' ധോണിയ്‌ക്കും പതിരണയ്‌ക്കുമെന്ന് സിഎസ്‌കെ നായകൻ - Ruturaj Gaikwad Praised MS Dhoni

By ETV Bharat Kerala Team

Published : Apr 15, 2024, 9:49 AM IST

മുംബൈ ഇന്ത്യൻസിനെതിരായ ജയത്തിന്‍റെ ക്രെഡിറ്റ് എംഎസ് ധോണിക്കും മതീഷ പതിരണയ്‌ക്കും നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ്.

CSK VS MI  MS DHONI SIXES  MATHEESHA PATHIRANA  ഐപിഎല്‍ 2024
RUTURAJ GAIKWAD PRAISED MS DHONI

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ ആവേശപ്പോരാട്ടത്തില്‍ 20 റണ്‍സിന്‍റെ തകര്‍പ്പൻ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റില്‍ 206 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ മുംബൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടാനായത്.

മുംബൈ ഇന്ത്യൻസിനെതിരായ ജയത്തോടെ ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ചെന്നൈയ്‌ക്കായി. സീസണില്‍ സിഎസ്‌കെയുടെ നാലാമത്തെ ജയമായിരുന്നു ഇന്നലെ (ഏപ്രില്‍ 14) വാങ്കഡേയിലേത്. അതേസമയം, മുംബൈയ്‌ക്കെതിരായ ജയത്തിന്‍റെ ക്രെഡിറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണിയ്‌ക്കും യുവ പേസര്‍ മതിഷ പതിരണയ്‌ക്കും അര്‍ഹതപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈയ്‌ക്കായി നാല് പന്ത് നേരിട്ട ധോണി പുറത്താകാതെ 20 റണ്‍സാണ് സ്കോര്‍ ചെയ്‌തത്. ധോണിയുടെ വെടിക്കെട്ട് ഫിനിഷിങ് ആയിരുന്നു സിഎസ്‌കെയെ 200 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ നാല് വിക്കറ്റുകള്‍ പിഴുത് ചെന്നൈ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് പതിരണയായിരുന്നു.

'യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ (എംഎസ് ധോണി) നേടിയ ആ മൂന്ന് സിക്‌സറുകളാണ് മത്സരത്തില്‍ വഴിത്തിരിവായത്. മിഡില്‍ ഓവറുകളില്‍ മികച്ച രീതിയിലാണ് ബുംറ പന്ത് എറിഞ്ഞത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു വേദിയില്‍ 10-15 റണ്‍സ് അധികമായി വേണ്ടിവരുമെന്ന കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ഈ വേദിയില്‍ ജയം നേടണമെങ്കില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളിയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കേണ്ടതുണ്ട്. ഞങ്ങളുടെ മലിംഗ (മതിഷ പതിരണ) മികച്ച രീതിയിലാണ് പന്ത് എറിഞ്ഞത്. അവന്‍റെ യോര്‍ക്കറുകളെല്ലാം കൃത്യമായിരുന്നു. തുഷാറും ശര്‍ദൂല്‍ താക്കൂറും മികച്ച പ്രകടനം തന്നെ നടത്തി'- റിതുരാജ് ഗെയ്‌ക്‌വാദ് വ്യക്തമാക്കി.

Also Read :രോഹിത് സെഞ്ച്വറിയടിച്ചിട്ടും മുംബൈ 'തോറ്റു'; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം, വാങ്കഡെയില്‍ 'ഹീറോ'യായി പതിരണ - MI Vs CSK Match Highlights

അതേസമയം, വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്സിനായി നായകൻ റിതുരാജ് ഗെയ്‌ക്‌വാദ് (69), ശിവം ദുബെ എന്നിവര്‍ (66*) അര്‍ധസെഞ്ച്വറി നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിക്കും മുംബൈയെ ജയത്തിലേക്ക് എത്തിക്കാനായിരുന്നില്ല.

ABOUT THE AUTHOR

...view details