കേരളം

kerala

പൊരുതി വീണ് ആര്‍ബി ലീപ്‌സിഗ്, ചാമ്പ്യൻസ് ലീഗില്‍ സമനിലയോടെ റയല്‍ മാഡ്രിഡ് മുന്നേറ്റം

By ETV Bharat Kerala Team

Published : Mar 7, 2024, 7:25 AM IST

റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറില്‍. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടറിര്‍ ആര്‍ബി ലീപ്‌സിഗിനെതിരെ 2-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് റയല്‍ ജയം നേടിയത്.

Real Madrid  Real Madrid vs RB Leipzig Result  UEFA Champions League Round Of 16  റയല്‍ മാഡ്രിഡ്  ചാമ്പ്യൻസ് ലീഗ്
Real Madrid vs RB Leipzig Result

മാഡ്രിഡ് : ജര്‍മൻ ക്ലബ് ആര്‍ബി ലീപ്‌സിഗിനോട് (RB Leipzig) സമനില വഴങ്ങിക്കൊണ്ട് സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് (Real Madrid) ചാമ്പ്യൻസ് ലീഗ് (UEFA Champions League) ക്വാര്‍ട്ടറില്‍ കടന്നു. റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു ടീമും പിരിഞ്ഞത്. രണ്ടാം പാദ മത്സരം സമനില ആയെങ്കിലും ആദ്യ പാദത്തില്‍ നേടിയ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് ചാമ്പ്യൻസ് ലീഗില്‍ മുൻ ചാമ്പ്യന്മാര്‍ക്ക് തുണയായത് (Real Madrid vs RB Leipzig UCL Round Of 16 Result).

രണ്ട് പാദങ്ങളിലായി 2-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് റയല്‍ മാഡ്രിഡിന്‍റെ മുന്നേറ്റം. ലീപ്‌സിഗിലെ റെഡ് ബുള്‍ അരീനയില്‍ നടന്ന ഒന്നാം പാദ മത്സരത്തില്‍ ബ്രാഹിം ഡിയസ് നേടിയ ഏക ഗോളിലായിരുന്നു റയല്‍ ജയം പിടിച്ചത്. രണ്ടാം പാദ മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ച ശേഷമായിരുന്നു സ്‌പാനിഷ് വമ്പന്മാര്‍ക്ക് സമനില വഴങ്ങേണ്ടി വന്നത്.

സാന്‍റിയാഗോ ബെര്‍ണബ്യൂ വേദിയായ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ റയല്‍ മാഡ്രിഡിനെ വിറപ്പിക്കുന്ന പ്രകടനമാണ് ജര്‍മൻ ക്ലബായ ആര്‍ബി ലീപ്‌സിഗ് നടത്തിയത്. പന്തടക്കത്തില്‍ പിന്നിട്ടു നിന്നെങ്കിലും ഗോള്‍ വല ലക്ഷ്യമാക്കി കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് സന്ദര്‍ശകരായിരുന്നു. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി.

രണ്ട് ടീമും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോളിലേയ്‌ക്ക് എത്താൻ മാത്രം രണ്ട് കൂട്ടര്‍ക്കുമായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ രണ്ട് ടീമും ഗോളിനായി പോരാട്ടം കടുപ്പിച്ചു. മത്സരത്തിന്‍റെ 48-ാം മിനിറ്റില്‍ തകര്‍പ്പൻ ഒരു അവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ ലീപ്‌സിഗിന് സാധിച്ചില്ല.

എന്നാല്‍, മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മാഡ്രിഡ് ലീപ്‌സിഗിന്‍റെ പ്രതിരോധ കോട്ട പൊളിച്ചു. കൗണ്ടര്‍ അറ്റാക്കിങ്ങിനൊടുവില്‍ ജൂഡ് ബെല്ലിങ്‌ഹാം നല്‍കിയ പാസ് സ്വീകരിച്ചാണ് വിനീഷ്യസ് ലീപ്‌സിഗിന്‍റെ വലയില്‍ പന്തെത്തിച്ചത്. എന്നാല്‍, അധികം വൈകാതെ തന്നെ ലീപ്‌സിഗ് സമനില ഗോള്‍ കണ്ടെത്തി.

ഡേവിഡ് റൗമിന്‍റെ ക്രോസില്‍ നിന്നും പ്രതിരോധ നിര താരം വില്ലി ഓര്‍ബാനാണ് ലീപ്‌സിഗിനായി ലക്ഷ്യം കണ്ടത്. പിന്നീട്, ലീഡ് ഉയര്‍ത്താൻ ലീപ്‌സിഗ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാൻ അവര്‍ക്കായില്ല. ഇതോടെ, മത്സരത്തില്‍ സമനിലയുമായി റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗില്‍ അവസാന എട്ടിലേക്ക് കുതിയ്‌ക്കുകയായിരുന്നു.

Also Read :എത്തിഹാദില്‍ 'ചാരമായി' എഫ്‌സി കോപ്പൻഹേഗൻ, മിന്നും ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറില്‍

ABOUT THE AUTHOR

...view details