കേരളം

kerala

തോറ്റാല്‍ 'തീര്‍ന്നു'; ആര്‍സിബിയ്‌ക്കും ഡല്‍ഹിയ്‌ക്കും ഇന്ന് 'അഗ്നിപരീക്ഷ' - RCB vs DC Match Preview

By ETV Bharat Kerala Team

Published : May 12, 2024, 2:14 PM IST

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു -ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം.

IPL 2024  ROYAL CHALLENGERS BENGALURU  DELHI CAPITALS  ആര്‍സിബി VS ഡല്‍ഹി
RCB VS DC (Etv Bharat Network)

ബെംഗളൂരു: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജീവൻമരണപ്പോരാട്ടത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇറങ്ങും. കണക്കുകളില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു കൂട്ടര്‍ക്കും ഇന്ന് ജയിച്ചേ മതിയാകു. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.

തുടര്‍തോല്‍വികളില്‍ നിന്നും കരകയറിയ ആര്‍സിബി തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ ലക്ഷ്യമിടുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവിലെ ഏഴാം സ്ഥാനക്കാരായ ബെംഗളൂരുവിന് 12 കളിയില്‍ 10 പോയിന്‍റാണ് ഉള്ളത്. ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാൻ ചെന്നൈയെ പരാജയപ്പെടുത്തുകയും ചിന്നസ്വാമിയില്‍ ഡല്‍ഹിക്കെതിരെ ജയിക്കുകയും ചെയ്‌താല്‍ അവര്‍ക്ക് ആദ്യ നാലിലേക്ക് എത്താം.

വിരാട് കോലിയുടെ ഫോമാണ് ആര്‍സിബിയുടെ കരുത്ത്. വില്‍ ജാക്‌സും ഫാഫ് ഡുപ്ലെസിസും വീണ്ടും മികവ് ആവര്‍ത്തിച്ചാല്‍ ബാറ്റിങ്ങില്‍ അവര്‍ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടി വരില്ല. കാമറൂണ്‍ ഗ്രീനും രജത് പടിദാറും താളം കണ്ടെത്തിയതും ടീമിന് ആശ്വാസം. ബൗളര്‍മാരും ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നത് ആര്‍സിബിക്ക് ആശ്വസിക്കാൻ വക നല്‍കുന്നതാണ്.

വിലക്ക് ഉള്ളതിനാല്‍ സ്ഥിരം നായകൻ റിഷഭ് പന്ത് ഇല്ലാതെയാകും ഡല്‍ഹി ഇന്ന് ആര്‍സിബിയെ നേരിടുന്നത്. പന്തിന്‍റെ അഭാവത്തില്‍ അക്‌സര്‍ പട്ടേലിനാണ് ടീമിനെ നയിക്കാനുള്ള ചുമതല. പന്ത് കളിക്കാനിറങ്ങാത്ത സാഹചര്യത്തില്‍ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, അഭിഷേക് പോറെല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ക്ക് ഉത്തരവാദിത്തം കൂടും. എന്നാല്‍, ചിന്നസ്വാമിയിലെ ബാറ്റിങ്ങ് പറുദീസയില്‍ ഇവര്‍ മൂവരും തകര്‍ത്തടിച്ചാല്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് വിയര്‍ക്കേണ്ടിവരും.

ബൗളര്‍മാരില്‍ കുല്‍ദീപ് യാദവിന്‍റെയും അക്‌സര്‍ പട്ടേലിന്‍റെയും പ്രകടനമായിരിക്കും ഡല്‍ഹിക്ക് നിര്‍ണായകമാകുക. അതേസമയം, 12 കളിയില്‍ 12 പോയിന്‍റുള്ള ഡല്‍ഹി നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരാണ്. ഇന്ന് ആര്‍സിബിയെ പൂട്ടാൻ സാധിച്ചാല്‍ അവര്‍ക്കും പ്ലേ ഓഫ് സാധ്യതള്‍ വര്‍ധിപ്പിക്കാം.

Also Read :'ജീവിതകാലം മുഴുവന്‍ ആ വിളി കേള്‍ക്കേണ്ടി വന്നു'; വെളിപ്പെടുത്തലുമായി എസ്‌ ശ്രീശാന്ത് - S Sreesanth On IPL Salary

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വില്‍ ജാക്‌സ്, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, വൈശാഖ് വിജയകുമാര്‍, യാഷ് ദയാല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യത ടീം:ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍/ഷായ് ഹോപ്, യാഷ് ദൂള്‍/കുമാര്‍ കുശാഗ്ര, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, റാസിഖ് സലാം, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ജെയ് റിച്ചാര്‍ഡ്‌സണ്‍, ഖലീല്‍ അഹമ്മദ്.

ABOUT THE AUTHOR

...view details