കേരളം

kerala

മൂന്നാം ടെസ്റ്റില്‍ ഇനി രവിചന്ദ്രൻ അശ്വിന്‍ ഇല്ല, കുടുംബാവശ്യത്തിനായി താരം ചെന്നൈയിലേക്ക് മടങ്ങി

By ETV Bharat Kerala Team

Published : Feb 17, 2024, 7:28 AM IST

രവിചന്ദ്രൻ അശ്വിന്‍ രാജ്‌കോട്ട് ടെസ്റ്റില്‍ നിന്നും പിന്മാറി. കുടുംബത്തില്‍ ഒരാളുടെ ചികിത്സാവശ്യങ്ങള്‍ക്കായാണ് താരത്തിന്‍റെ പിന്മാറ്റമെന്ന് ബിസിസിഐ.

Ravichandran Ashwin  R Ashwin Withdraw Rajkot Test  R Ashwin Family Medical Emergency  രവിചന്ദ്രന്‍ അശ്വിന്‍  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
Ravichandran Ashwin Withdraws From 3rd Test Against England

രാജ്‌കോട്ട്:നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് (India vs England 3rd Test) മത്സരത്തില്‍ നിന്നും വെറ്ററന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിൻ പിന്മാറി (Ravichandran Ashwin Withdraws From Rajkot Test). കുടുംബത്തില്‍ ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് താരത്തിന്‍റെ പിന്മാറ്റമെന്ന് ബിസിസിഐ (BCCI) സ്ഥിരീകരിച്ചു. ഇന്നലെ (ഫെബ്രുവരി 16) രാത്രി ഏറെ വൈകിയാണ് ബിസിസിഐ ഈ വിവരം പുറത്തുവിട്ടത്.

ആരോഗ്യസ്ഥിതി മോശമായ അമ്മയ്‌ക്കൊപ്പമുണ്ടാകാനായാണ് രവിചന്ദ്രന്‍ അശ്വിന്‍ രാജ്‌കോട്ടില്‍ നിന്നും ചെന്നൈയിലേക്ക് പോയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല (Rajiv Shukla) വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ അമ്മ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം, ഇത്തരമൊരു സാഹചര്യത്തില്‍ താരത്തിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

രാജ്‌കോട്ട് ടെസ്റ്റില്‍ മൂന്ന് ദിവസം ശേഷിക്കെ അശ്വിന്‍റെ അഭാവത്തില്‍ പത്ത് പേരുമായി വേണം ഇന്ത്യയ്‌ക്ക് കളിക്കാന്‍. സാധാരണയായി ഏതെങ്കിലും താരത്തിന് ഗുരുതരമായ പരിക്ക് പറ്റുകയോ കൊവിഡ് ബാധിതന്‍ ആകുകയോ ചെയ്‌താല്‍ മാത്രമാണ് ആ ടീമിന് പകരക്കാരനെ ഇറക്കാന്‍ സാധിക്കുന്നത്. അശ്വിന്‍റെ അഭാവത്തില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരിലാകും ടീമിന്‍റെ സ്‌പിന്‍ പ്രതീക്ഷ.

രാജ്‌കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചിരുന്നു. ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രാവ്‌ലിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒന്‍പതാമത്തെ മാത്രം ബൗളറാണ് അശ്വിന്‍.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് 37 റണ്‍സും അശ്വിന്‍ നേടിയിരുന്നു. എട്ടാം വിക്കറ്റില്‍ ധ്രുവ് ജുറെലിനൊപ്പം 77 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലും അശ്വിന്‍ പങ്കാളിയായി. ഇരുവരുടെയും ഈ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോര്‍ 400 കടത്തുന്നതില്‍ നിര്‍ണായകമായത്.

Also Read :500 ടെസ്റ്റ് വിക്കറ്റ് നേട്ടം പിതാവിന് സമർപ്പിച്ച്‌ രവിചന്ദ്രൻ അശ്വിൻ

അതേസമയം, രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് മത്സരത്തിന്‍റെ രണ്ടാം ദിനം അവസാനിപ്പിച്ചത്. ബെൻ ഡക്കറ്റ് (113), ജോ റൂട്ട് (9) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 238 റണ്‍സ് പിന്നിലാണ് നിലവില്‍ സന്ദര്‍ശകര്‍.

ABOUT THE AUTHOR

...view details