കേരളം

kerala

500 ടെസ്റ്റ് വിക്കറ്റ് നേട്ടം പിതാവിന് സമർപ്പിച്ച്‌ രവിചന്ദ്രൻ അശ്വിൻ

By ETV Bharat Kerala Team

Published : Feb 17, 2024, 6:24 AM IST

98 ടെസ്റ്റ് മത്സരങ്ങളില്‍ 500 വിക്കറ്റുകള്‍... നേട്ടം പിതാവിന് സമര്‍പ്പിച്ച് ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ

Ravichandran Ashwin  R Ashwin 500 Test wickets  India vs England 3rd Test  ഇന്ത്യൻ സ്‌പിന്നർ ആര്‍ അശ്വിൻ  ഇന്ത്യ Vs ഇംഗ്ലണ്ട്
R Ashwin 500 Test wickets

രാജ്‌കോട്ട് : ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ 500 വിക്കറ്റ് നേട്ടം പിതാവിന്‌ സമർപ്പിച്ച് ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്‍റെ ഓപ്പണർ സാക് ക്രാവ്‌ളിയുടെ വിക്കറ്റ് നേടിയാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.

ഏറ്റവും വേഗമേറിയ 500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ മാറി. ഈ നേട്ടം കൈവരിക്കാൻ അദ്ദേഹം 98 മത്സരങ്ങൾ എടുത്തപ്പോൾ ശ്രീലങ്കൻ ഇതിഹാസ സ്‌പിന്നർ മുത്തയ്യ മുരളീധരന്‍ 87 ടെസ്റ്റുകളില്‍ നിന്നാണ്‌ 500 ടെസ്റ്റ്‌ വിക്കറ്റുകളിലേക്കെത്തിയത്. ടെസ്റ്റിൽ 500-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ഇന്ത്യൻ താരം മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയാണ്. 132 ടെസ്റ്റുകളിൽ നിന്ന് 619 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. 131 ടെസ്റ്റുകളില്‍ നിന്ന് 434 വിക്കറ്റുകൾ നേടിയ കപില്‍ ദേവും 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങ്ങുമാണ് അശ്വിന് പിന്നിലുള്ളത്.

പന്തുകളുടെ എണ്ണത്തില്‍ മഗ്രാത്താണ് അശ്വിന് മുന്നിലുള്ളത്. ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ 25528 പന്തുകളാണ് ഓസീസ് പേസര്‍ എറിഞ്ഞിട്ടുള്ളത്. 25714 പന്തുകളില്‍ നിന്നാണ് അശ്വിന്‍റെ 500 വിക്കറ്റ് നേട്ടം. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (28150), സ്റ്റുവര്‍ട്ട് ബ്രോഡ് (28430), കോൾട്‌ണി വാല്‍ഷ് (28833) എന്നിവരാണ് പിന്നില്‍.

'ഇത് വളരെ നീണ്ട യാത്രയാണ്. ആദ്യം ഈ നേട്ടം എന്‍റെ പിതാവിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസ് നേടിയ ഇംഗ്ലണ്ട് ബാറ്റുകൊണ്ടും തങ്ങളുടെ അൾട്രാ അഗ്രസീവ് ബാസ്ബോൾ സമീപനം ഒരിക്കൽ കൂടി കാണിച്ചു. വെറും 29 ഓവറിൽ 176 റൺസ് നേടിയ ഇംഗ്ലണ്ടിനായി മൂന്നാം സെഷനിൽ റൺസ് ഒഴുകിക്കൊണ്ടിരുന്നെ'ന്നും അശ്വിന്‍ പങ്കുവച്ചു.

അശ്വിന്‍റെ നേട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഭിനന്ദനം അറിയിച്ചു. 'റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വപ്‌നങ്ങള്‍ മെനഞ്ഞ ചെന്നൈയുടെ സ്വന്തം കുട്ടി, എല്ലാ വഴികളിലും നിശ്ചയദാർഢ്യത്തിന്‍റെയും വൈദഗ്ധ്യത്തിന്‍റെയും കഥ നെയ്‌തെടുത്ത്‌ ഒരു യഥാർഥ സ്‌പിന്‍റാക്യുലർ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്‍റെ 500-ാം ടെസ്റ്റ് വിക്കറ്റ് സമർഥമായി നേടിയ അശ്വിന്‍റെ മാന്ത്രിക സ്‌പിന്നിന് ഹാറ്റ്‌സ്‌ ഓഫ്, നമ്മുടെ സ്വന്തം ഇതിഹാസം ഇനിയും കൂടുതൽ വിക്കറ്റുകളും വിജയങ്ങളും നേടും' -സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.

Also Read: അശ്വിൻ @500...ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര നേട്ടവുമായി ഇന്ത്യൻ സ്‌പിന്നർ...

അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 445 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ക്രാവ്‌ളിയും ബെൻ ഡക്കറ്റും ചേർന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ആക്രമിച്ച കളിക്കുന്ന ഡക്കറ്റ് 39 പന്തില്‍ 50 റൺസ് തികച്ചിരുന്നു.

ABOUT THE AUTHOR

...view details