കേരളം

kerala

'ധരംശാലയില്‍ രവിചന്ദ്രൻ അശ്വിന് പുതിയ റോള്‍ നല്‍കണം' ; ആവശ്യവുമായി സുനില്‍ ഗവാസ്‌കര്‍

By ETV Bharat Kerala Team

Published : Feb 26, 2024, 12:18 PM IST

Updated : Feb 26, 2024, 5:26 PM IST

ടെസ്റ്റ് കരിയറിലെ നൂറാം മത്സരത്തിനായിരിക്കും അശ്വിൻ ധരംശാലയില്‍ ഇറങ്ങുക

Ravichandran Ashwin  Sunil Gavaskar  India vs England 5th Test  R Ashwin 100th Test  രവിചന്ദ്രൻ അശ്വിൻ നൂറാം ടെസ്റ്റ്
R Ashwin 100th Test India vs England

റാഞ്ചി :ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ (India vs England) അവസാന മത്സരത്തില്‍ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനെ (Ravichandran Ashwin) ഇന്ത്യൻ ടീം നായകനാക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). ധരംശാല വേദിയാകുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരം ടെസ്റ്റ് കരിയറില്‍ അശ്വിന്‍റെ നൂറാമത്തെ പോരാട്ടമായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക ആവശ്യവുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്.

നിലവില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പൻ ഫോമില്‍ പന്തെറിയുകയാണ് അശ്വിൻ. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ വമ്പൻ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇംഗ്ലണ്ടിനെ തകര്‍ത്തത് അശ്വിന്‍റെ പ്രകടനമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെയായിരുന്നു ഗവാസ്‌കര്‍ ഈ കാര്യം ആവശ്യപ്പെട്ടത്.

'റാഞ്ചി ടെസ്റ്റില്‍ ജയിച്ചാല്‍ ധരംശാലയില്‍ രോഹിത് ശര്‍മ അശ്വിനെ നായകനാക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് അശ്വിൻ നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ അത് വലിയൊരു അംഗീകാരമായിരിക്കും - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. എന്നാല്‍, ഇത്തരം സ്ഥാനങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗവാസ്‌കറിന് അശ്വിൻ നല്‍കിയ മറുപടി.

'സണ്ണി ഭായ്, നിങ്ങള്‍ വലിയൊരു ഉദാരമനസ്‌കനാണ്. ഇത്തരം കാര്യങ്ങളൊന്നും പ്രതീക്ഷിക്കുന്ന ഒരാളല്ല ഞാൻ. ടീമിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് ഞാൻ പലപ്പോഴും ശ്രമിക്കുന്നത്. അത് എന്ന് വരെയുണ്ടാകുമോ അത്രയും കാലം ഞാൻ സന്തോഷവാനായിരിക്കും'- അശ്വിന്‍ വ്യക്തമാക്കി.

റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ ഇന്ത്യൻ മണ്ണില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കുന്ന ബൗളറായി രവിചന്ദ്രൻ അശ്വിന്‍ മാറി (Most Test Wickets In India). അനില്‍ കുംബ്ലെയുടെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു റാഞ്ചിയില്‍ ഇന്നലെ (ഫെബ്രുവരി 25) അശ്വിന്‍ പഴങ്കഥയാക്കിയത്. 350 വിക്കറ്റുകളായിരുന്നു ഇന്ത്യൻ മണ്ണില്‍ കുംബ്ലെയുടെ പേരില്‍.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനം അശ്വിന്‍റെ വിക്കറ്റ് നേട്ടം 352ലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യയില്‍ 265 വിക്കറ്റുള്ള ഹര്‍ഭജൻ സിങ്, 219 വിക്കറ്റ് നേടിയ കപില്‍ ദേവ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. അതേസമയം, സ്വന്തം നാട്ടില്‍ 350 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിലും അശ്വിന് സ്ഥാനം പിടിക്കാനായിരുന്നു.

Read More :ചരിത്രത്തില്‍ ആദ്യം ; വമ്പന്‍ നേട്ടം സ്വന്തമാക്കി ആര്‍ അശ്വിന്‍

Last Updated : Feb 26, 2024, 5:26 PM IST

ABOUT THE AUTHOR

...view details