കേരളം

kerala

പത്ത് പേരുമായി അവസാന 20 മിനിറ്റ്, അലവെസിനെ വീഴ്‌ത്തി ബാഴ്‌സലോണ

By ETV Bharat Kerala Team

Published : Feb 4, 2024, 7:04 AM IST

ലാ ലിഗ ഫുട്‌ബോള്‍: ലീഗിലെ 23-ാം റൗണ്ട് മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് ജയം. അലവെസിനെ പരാജയപ്പെടുത്തിയത് 3-1 സ്‌കോറിന്.

La Liga  Alaves vs Barcelona  La Liga Points Table  ബാഴ്‌സലോണ അലവെസ്
Alaves vs Barcelona

വിറ്റോറിയ ഗസ്‌റ്റേയിസ് (സ്‌പെയിന്‍):സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ ബാഴ്‌സലോണയ്‌ക്ക് (Barcelona) ജയം. എവേ മത്സരത്തില്‍ അലവെസിനെയാണ് കറ്റാലന്‍ ക്ലബ് പരാജയപ്പെടുത്തിയത്. 3-1 എന്ന സ്കോറിനാണ് മത്സരത്തില്‍ ബാഴ്‌സലോണയുടെ വിജയം (Alaves vs Barcelona Match Result).

റോബര്‍ട്ട് ലെവൻഡോസ്‌കി (Robert Lewandowski), ഇല്‍കായ് ഗുണ്ടോഗന്‍ (Ilkay Gundogan), വിറ്റര്‍ റോക്വേ (Vitor Roque) എന്നിവര്‍ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കായി ഗോള്‍ നേടി. സമു ഒമറോഡിയനാണ് (Samu Omorodion) ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ 23 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ (La Liga Points Table).

മെന്‍ഡിസൊറോസ സ്റ്റേഡിയത്തില്‍ ആതിഥേയരായ അലവെസിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ സന്ദര്‍ശകരുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാന്‍ അവര്‍ക്കായി. തുടര്‍ന്നായിരുന്നു ബാഴ്‌സലോണ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പന്ത് കൈവശം കളി തുടങ്ങിയ ബാഴ്‌സലോണ മത്സരത്തിന്‍റെ 22-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഡിയോങ്ങ്, ഗുണ്ടോഗന്‍, ലെവന്‍ഡോസ്‌കി എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളായി മാറിയത്. ആദ്യ ഗോള്‍ നേടിയ ശേഷം കാര്യമായ മുന്നേറ്റങ്ങളൊന്നും ബാഴ്‌സയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.

മറുവശത്ത്, സമനില ഗോള്‍ കണ്ടെത്താന്‍ അലവെസ് നല്ലതുപോലെ തന്നെ സമ്മര്‍ദം ചെലുത്തി. ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റില്‍ ബാഴ്‌സലോണയുടെ പ്രതിരോധത്തെ വെള്ളം കുടിപ്പിക്കാന്‍ അവര്‍ക്കായി. നിരവധി പ്രാവശ്യമായിരുന്നു ആതിഥേയര്‍ ഗോളിനരികില്‍ വരെയെത്തിയത്. ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ഇനാകി പെനയുടെ തകര്‍പ്പന്‍ സേവുകളായിരുന്നു അലവെസിനെ സമനില ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

മത്സരത്തിന്‍റെ രണ്ടാം പകുതി തുടങ്ങിയതും അലവെസിന്‍റെ മുന്നേറ്റങ്ങളോടെയായിരുന്നു. എന്നാല്‍, അവര്‍ ഗോള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ഇല്‍കായ് ഗുണ്ടോഗന്‍ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 49-ാം മിനിറ്റില്‍ പെഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗുണ്ടോഗന്‍ ഗോള്‍ കണ്ടെത്തിയത്.

51-ാം മിനിറ്റില്‍ ഒമിറോഡിയോനിലൂടെ അലവെസ് ആദ്യ ഗോള്‍ നേടി. ഹെഡറിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍. ഇതോടെ, മത്സരം ആവേശകരമായി മാറി.

59-ാം മിനിറ്റില്‍ ഗുണ്ടോഗനെ പിന്‍വലിച്ച് വിറ്റര്‍ റോക്വേയെ സാവി കളത്തിലിറങ്ങി. പകരക്കാരനായി കളത്തിലിറങ്ങി 3 മിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ നേടി റോക്വേ മികവ് കാണിച്ചു.

പിന്നാലെ, 72-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് താരത്തിന് പുറത്തേക്ക് പോകേണ്ടി വന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ പത്ത് പേരുമായിട്ടായിരുന്നു ബാഴ്‌സലോണ കളിച്ചത്. എന്നാല്‍, ഈ ആനുകൂല്യം മുതലെടുക്കാന്‍ അലവെസിന് സാധിക്കാതെ വന്നതോടെ അവര്‍ മത്സരത്തില്‍ പരാജയം സമ്മതിക്കുകയായിരുന്നു.

Also Read :ബാഴ്‌സലോണയില്‍ മെസിയുടെ ആദ്യ കരാർ നാപ്‌കിന്‍ പേപ്പറില്‍... ഇനിയത് ലേലത്തിന്

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ