കേരളം

kerala

തെളിഞ്ഞ മുഖം വാടാന്‍ 4 പന്തിന്‍റെ ദൂരം; കാവ്യ വീണ്ടും വൈറല്‍ - Kavya Maran Viral Video

By ETV Bharat Kerala Team

Published : Mar 24, 2024, 1:44 PM IST

ഐപിഎല്ലില്‍ കൊല്‍ക്കത്ത- ഹൈദരാബാദ് സൂപ്പര്‍ ത്രില്ലറിനിടെയുള്ള കാവ്യ മാരന്‍റെ മുഖഭാവങ്ങള്‍ വൈറല്‍.

KAVYA MARAN  KKR VS SRH  IPL 2024  HEINRICH KLAASEN
Kavya Maran's Change Of Emotions During KKR vs SRH IPL 2024 Viral

കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad ) കളത്തിലെത്തുമ്പോഴെല്ലാം ശ്രദ്ധാകേന്ദ്രമാണ് ടീമിന്‍റെ സഹ ഉടമ കാവ്യ മാരന്‍ (Kavya Maran). 17-ാം സീസണില്‍ സണ്‍റൈസേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) ഇറങ്ങിയപ്പോള്‍ ടീമിനായി കയ്യടിക്കാന്‍ കാവ്യ ഗാലറിയിലുണ്ടായിരുന്നു. കൊല്‍ത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ അവസാന പന്ത് വരെ ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ത്രില്ലര്‍ പോരാട്ടമായിരുന്നു അരങ്ങേറിയത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 209 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് നാല് റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. ഇതിനിടെയുള്ള കാവ്യയുടെ മുഖഭാവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡെത്ത് ഓവറുകളില്‍ ഹെൻറിച്ച് ക്ലാസനും (Heinrich Klaasen) ഷഹ്‌ബാസ് അഹമ്മദും (Shahbaz Ahmed) വെടിക്കെട്ട് നടത്തിയതോടെ അവസാന ആറ് പന്തില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിന് വിജയത്തിനായി വേണ്ടിയിരുന്നത്.

ഹര്‍ഷിത് റാണ (Harshit Rana) എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്തില്‍ ക്ലാസന്‍ സിക്‌സറടിച്ചതോടെ ഹൈദരാബാദ് ഏറെക്കുറെ വിജയം ഉറപ്പിച്ചു. ഇതോടെ സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടുന്ന കാവ്യയെയാണ് ഗ്യാലറിയില്‍ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സന്തോഷം നിരാശയായി മാറാന്‍ ബാക്കി നാല് പന്തുകളുടെ സമയം മാത്രമായിരുന്നു ദൂരമുണ്ടായിരുന്നത്. രണ്ടാം പന്തില്‍ ക്ലാസന്‍ സിംഗിളെടുത്തു.

എന്നാല്‍ മൂന്നാം പന്തില്‍ ഷഹ്ബാസ് ശ്രേയസ് അയ്യരുടെ കയ്യില്‍ അവസാനിച്ചു. ഇതോടെ കാവ്യയുടെ മുഖവും തെല്ലൊന്ന് വാടി. ക്രീസിനെത്തിയ മാര്‍കോ ജാന്‍സന്‍ നാലാം പന്തില്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് ചെയ്‌ത ക്ലാസന് ഹര്‍ഷിത് റാണയുടെ സ്ലോ ബോളില്‍ പിഴച്ചതോടെ കാവ്യയുടെ പ്രതീക്ഷയും നഷ്‌ടമായി. അവസാന പന്തില്‍ നാല് റണ്‍സായിരുന്നു ടീമിന് വേണ്ടിയിരുന്നത്. എന്നാല്‍ സ്‌ട്രൈക്ക് ചെയ്‌ത പാറ്റ് കമ്മിന്‍സിന് പന്ത് തൊടാന്‍ പോലും കഴിയാതിരുന്നതോടെ കൊല്‍ക്കത്ത വിജയം ഉറപ്പിക്കുകയായിരുന്നു.

ALSO READ: ആഘോഷം അതിരുകടന്നു, കൊല്‍ക്കത്തയുടെ 'ഹീറോ'യ്‌ക്ക് പിഴയിട്ട് മാച്ച് റഫറി - IPL 2024

അതേസമയം ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് ആന്ദ്രെ റസല്‍ (25 പന്തില്‍ 64*), ഫില്‍ സാള്‍ട്ട് (40 പന്തില്‍ 54), രമണ്‍ദീപ് സിങ് (17 പന്തില്‍ 35) എന്നിവരുടെ മിന്നും പ്രകടനമാണ് തുണയായത്. നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ടീം 208 റണ്‍സിലേക്ക് എത്തിയത്. ടോപ് ഓര്‍ഡര്‍ തകര്‍ന്ന ടീമിന് മധ്യനിരയാണ് കരുത്ത് പകര്‍ന്നത്. മറുപടിക്ക് ഇറങ്ങിയ ഹൈദരാബാദിനായി ഹെന്‍റിച്ച് ക്ലാസന്‍ (29 പന്തില്‍ 63), അഭിഷേക് ശര്‍മ (19 പന്തില്‍ 32), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 32) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനായില്ല.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ