കേരളം

kerala

വിക്കറ്റ് വേട്ടയില്‍ മുംബൈ പേസറുടെ കുതിപ്പ്; പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുപിടിച്ച് ജസ്‌പ്രീത് ബുംറ - Jasprit Bumrah In Purple Cap List

By ETV Bharat Kerala Team

Published : May 4, 2024, 7:46 AM IST

ഐപിഎല്ലില്‍ പതിനേഴാം പതിപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ജസ്‌പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്.

MOST WICKETS IN IPL 2024  PURPLE CAP UPDATED LIST  ജസ്‌പ്രീത് ബുംറ  ഐപിഎല്‍ 2024
JASPRIT BUMRAH (IANS)

മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ വീണ്ടും മുന്നിലെത്തി മുംബൈ ഇന്ത്യൻസിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മിന്നും പ്രകടനത്തോടെയാണ് ബുംറ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുപിടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ബുംറ എറിഞ്ഞിട്ടത്.

3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ബുംറയുടെ വിക്കറ്റ് വേട്ട. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ടോപ് സ്കോറര്‍ ആയ വെങ്കടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകള്‍ ആയിരുന്നു ബുംറ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ സീസണില്‍ താരം നേടിയ വിക്കറ്റുകളുടെ എണ്ണം 11 മത്സരങ്ങളില്‍ നിന്നും 17 ആയി.

6.25 എക്കോണമി റേറ്റില്‍ പന്തെറിയുന്ന ബുംറ വിക്കറ്റ് വേട്ടയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ടി നടരാജനെ പിന്നിലാക്കിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഹൈദരാബാദിനായി ഈ സീസണില്‍ എട്ട് മത്സരം മാത്രം കളിച്ച നടരാജൻ 15 വിക്കറ്റാണ് സ്വന്തമാക്കിയത്. 8.96 ആണ് താരത്തിന്‍റെ എക്കോണമി.

പഞ്ചാബ് കിങ്‌സിന്‍റെ ഹര്‍ഷല്‍ പട്ടേലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റാണ് ഹര്‍ഷലിന്‍റെ പക്കല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുസ്‌തഫിസുര്‍ റഹ്മാൻ, പഞ്ചാബ് കിങ്‌സിന്‍റെ അര്‍ഷ്‌ദീപ് സിങ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. മുസ്‌തഫിസുര്‍ 9 കളിയില്‍ 14 വിക്കറ്റ് നേടിയപ്പോള്‍ 10 കളിയില്‍ 13 വിക്കറ്റാണ് അര്‍ഷ്‌ദീപ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് താരം ജെറാള്‍ഡ് കോട്‌സീ, ചെന്നൈയുടെ മതീഷ പതിരണ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം മുകേഷ് കുമാര്‍, കെകെആര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ൻ, രാജസ്ഥാൻ റോയല്‍സ് താരം യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും 13 വിക്കറ്റാണ് സീസണില്‍ ഇതുവരെ നേടിയത്.

Also Read :'വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടുകെട്ടുകളുണ്ടാക്കാനായില്ല'; കൊല്‍ക്കത്തയോടേറ്റ തോല്‍വിയുടെ കാരണം പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya On MI Loss

അതേസമയം, റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്നും 509 റണ്‍സാണ് ചെന്നൈ നായകന്‍റെ സമ്പാദ്യം. വിരാട് കോലി (500), സായ് സുദര്‍ശൻ (418), റിയാൻ പരാഗ് (409), കെഎല്‍ രാഹുല്‍ (406) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്ള മറ്റ് താരങ്ങള്‍.

ABOUT THE AUTHOR

...view details