കേരളം

kerala

ഇനി ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ എപ്പോള്‍ തുറക്കും; കളിക്കളത്തിലേക്ക് തിരികെ എത്തി ഇഷാന്‍ കിഷന്‍

By ETV Bharat Kerala Team

Published : Feb 27, 2024, 8:05 PM IST

ഡിവൈ പാട്ടീൽ ടി20 കപ്പിൽ കളിക്കാനിറങ്ങി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍.

Ishan Kishan  BCCI  ഇഷാന്‍ കിഷന്‍  രാഹുല്‍ ദ്രാവിഡ്  Rahul Dravid
Ishan Kishan Returns To Cricket Field

നവി മുംബൈ (മഹാരാഷ്‌ട്ര): കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ (BCCI) ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയില്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഇന്ത്യയു യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan ). ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്ത 25-കാരന്‍ ഏകദേശം രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് എത്തിയിരിക്കുന്നത്. ഡിവൈ പാട്ടീൽ ടി20 കപ്പിൽ ആർബിഐക്ക് വേണ്ടി റൂട്ട് മൊബൈൽ ലിമിറ്റഡിനെതിരെയാണ് ഇഷാന്‍ കളിക്കാന്‍ ഇറങ്ങിയത്.

ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് നേരത്തെ ഇഷാന്‍ കിഷന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജാർഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ ഒരൊറ്റ മത്സരം പോലും കളിക്കാന്‍ ഇഷാന്‍ തയ്യാറായിരുന്നില്ല. 25-കാരന്‍ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും പ്രതികരിച്ചിരുന്നു.

ഇതിനാല്‍ ഇഷാനും ബിസിസിഐയും തമ്മില്‍ ഉടക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുകയും ചെയ്‌തു. ഇതോടെ ഇഷാന് ടീമിലേക്ക് തിരികെ എത്താമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവര്‍ത്തിച്ചു. എന്നാല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തിയ അദ്ദേഹം എന്തെങ്കിലും ക്രിക്കറ്റ് കളിച്ചാല്‍ മാത്രമേ താരത്തിന് മടങ്ങിയെത്താന്‍ കഴിയൂവെന്നായിരുന്നു പറഞ്ഞത്.

പക്ഷെ, രഞ്‌ജി ട്രോഫിയില്‍ നിന്നും പൂര്‍ണായി വിട്ടു നിന്ന ഇഷാന്‍ ഒടുവില്‍ ഹാർദിക് പാണ്ഡ്യയ്ക്കും (Hardik Pandya) ക്രുണാല്‍ പാണ്ഡ്യയ്‌ക്കുമൊപ്പം (Krunal Pandya) ബറോഡയിലെ കിരൺ മോറ അക്കാദമിയില്‍ 25-കാരന്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഷാനുമായുള്ള കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയത്.

2022-23 കേന്ദ്ര കരാർ പ്രകാരം ഒരു കോടി രൂപ പ്രതിഫലമുള്ള സി വിഭാഗത്തിലാണ് ഇഷാന്‍ കിഷന്‍ ഉള്‍പ്പെടുന്നത്. ഐപിഎല്ലാണ് ഇനി ഇഷാന്‍ കിഷനെ കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്. മാര്‍ച്ച് 22-നാണ് ഐപിഎല്‍ 2024 ആരംഭിക്കുന്നത്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ആദ്യത്തെ 15 ദിവസത്തെ ഷെഡ്യൂളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ടൂര്‍ണമെന്‍റില്‍ തിളങ്ങിയാല്‍ പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിന് ബിസിസിഐ സെലക്‌ടര്‍മാര്‍ ഇഷാനെ പരിഗണിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. രോഹിത് ശര്‍മയ്‌ക്ക് കീഴിലാണ് ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു.

ALSO READ:കളിക്കാര്‍ക്കിഷ്‌ടം ഐപിഎല്‍ ; ടെസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി ബിസിസിഐ

സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പ് ചുണ്ടകലത്തില്‍ നഷ്‌ടമായ ഇന്ത്യയെ സംബന്ധിച്ച് 10 വര്‍ഷത്തിലേറെ നീളുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള മറ്റൊരു അവസരമാണ് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്.

ABOUT THE AUTHOR

...view details