കേരളം

kerala

ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ വിളിച്ചു ; ഇഷാന്‍റെ മറുപടി ഇതായിരുന്നു, പുറത്താക്കിയത് വെറുതെയല്ല

By ETV Bharat Kerala Team

Published : Mar 2, 2024, 1:46 PM IST

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ബിസിസിഐ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്.

India vs England Test  Ishan Kishan  BCCI  ഇഷാന്‍ കിഷന്‍  ബിസിസിഐ
Ishan Kishan refused BCCI's offer to paly against England

മുംബൈ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ (India vs England Test) ഇഷാന്‍ കിഷനെ (Ishan Kishan) ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിക്കാന്‍ ബിസിസിഐ (BCCI) ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ബന്ധപ്പെട്ട, ബിസിസിഐയോട് താന്‍ കളിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഇഷാന്‍ മറുപടി നല്‍കിയതെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെയാണ് വിക്കറ്റ്‌ കീപ്പറായി ധ്രുവ് ജുറെലിനെ (Dhruv Jurel) സെലക്‌ടര്‍മാര്‍ പരിഗണിച്ചതെന്നുമാണ് പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കീപ്പറായി കളിച്ച കെഎസ് ഭരത് ബാറ്റുകൊണ്ട് തീര്‍ത്തും നിറം മങ്ങിയ സാഹചര്യത്തിലായിരുന്നു ബിസിസിഐ ഇഷാനെ തിരികെ എത്തിക്കാന്‍ ശ്രമിച്ചത്. താരം ഇതിന് തയ്യാറാവാതിരുന്നതോടെ അവസരം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞതോടെ ധ്രുവ് ജുറെല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അവധിയെടുത്ത ഇഷാന്‍ പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 25-കാരന്‍ അവധി നേടിയത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ താരം ക്രിക്കറ്റ് കളിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) പലകുറി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ തന്‍റെ ടീമായ ജാർഖണ്ഡിനായി ഇറങ്ങാന്‍ താരം തയ്യാറായില്ല. ഇഷാന്‍ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അധികൃതരും അറിയിച്ചിരുന്നു.

ഇതിനിടെ ഐപിഎല്ലിനായി (IPL 2024) തയ്യാറാവുന്നതിനായി ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. തുടർന്നാണ് വാര്‍ഷിക കരാറില്‍ നിന്നും ബിസിസിഐ ഇഷാനെ ഒഴിവാക്കുന്നത്. ഇതിന് മുന്നത്തെ കരാറില്‍ സി ഗ്രേഡ് കരാര്‍ നേടിയ താരമാണ് ഇഷാന്‍.

അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രേയസ് അയ്യര്‍ക്കും (Shreyas Iyer) ബിസിസിഐയുടെ കരാര്‍ നഷ്‌ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ശ്രേയസ് പിന്നീട് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു. രണ്ടാം ടെസ്റ്റിന് ശേഷം ശ്രേയസിന് മുതുക് വേദന അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചെങ്കിലും രഞ്‌ജിയ്‌ക്ക് ഇറങ്ങാതെ 29-കാരന്‍ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ വാര്‍ഷിക കരാറുള്ള താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.

ALSO READ: ആരും രാജ്യത്തേക്കാൾ വലിയവരല്ല; ബിസിസിഐ തീരുമാനത്തിന് അഭിനന്ദനമെന്ന് കപില്‍

അതേസമയം എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളായി 30 താരങ്ങളാണ് ബിസിസിഐയുടെ പുതിയ കരാര്‍ പട്ടികയിലുള്ളത്. 7 കോടി രൂപയാണ് എ പ്ലസ് വിഭാഗത്തിലുള്ള ഓരോ താരത്തിനും പ്രതിഫലം ലഭിക്കുക. എ ഗ്രേഡിലുള്ള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയാണ് പ്രതിഫലം. ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് ലഭിക്കുക. പുതുതായി ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാറ്റഗറി കൂടി ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details