കേരളം

kerala

സെഞ്ചുറിയുമായി വേരുറപ്പിച്ച് ജോ റൂട്ട് ; റാഞ്ചിയില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്

By ETV Bharat Kerala Team

Published : Feb 23, 2024, 5:04 PM IST

Updated : Feb 23, 2024, 7:51 PM IST

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ 226 പന്തില്‍ പുറത്താവാതെ 106 റണ്‍സ് നേടി ജോ റൂട്ട്.

India vs England 4th Test  Joe Root  Akash Deep  ആകാശ് ദീപ്  ജോ റൂട്ട്
India vs England 4th Test day 1 highlights

റാഞ്ചി : ഇന്ത്യയ്‌ക്കെതിരെ നാലാം ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും കരകയറിയ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോല്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയിട്ടുള്ളത് (India vs England 4th Test day 1 highlights). വമ്പന്‍ തകര്‍ച്ച മുന്നില്‍ കണ്ട ഇംഗ്ലീഷ് ടീമിന് ജോ റൂട്ടിന്‍റെ (Joe Root) സെഞ്ചുറിയാണ് ആശ്വാസമായത്.

226 പന്തില്‍ 106 റണ്‍സ് നേടിയ റൂട്ട് പുറത്താവാതെ നില്‍ക്കുകയാണ്. 60 പന്തില്‍ 31 റണ്‍സുമായി ഒല്ലി റോബിന്‍സണാണ് കൂട്ടുനില്‍ക്കുന്നത്. ബെന്‍ ഫോക്‌സ് (47), സാക് ക്രൗളി (42) എന്നിവരും തിളങ്ങി. ഇന്ത്യയ്‌ക്കായി ആകാശ് ദീപ് (Akash Deep) മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ടും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

തകര്‍ച്ചത്തുടക്കം:ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിന് മുന്നില്‍ ടോപ് ഓര്‍ഡര്‍ നിലംപൊത്തിയതോടെ ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെന്‍ ഡെക്കറ്റും ആദ്യ വിക്കറ്റില്‍ 47 റണ്‍സായിരുന്നു നേടിയിരുന്നത്. ക്രാവ്‌ലിയെ തുടക്കം തന്നെ ആകാശ് ദീപ് ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോ ബോളായതിനാല്‍ രക്ഷപ്പെട്ടു.

പിന്നീട് ആക്രമണം ആരംഭിച്ച ക്രാവ്‌ലിക്ക് പിന്തുണ നല്‍കുകയായിരുന്ന ഡക്കറ്റിനെ വീഴ്‌ത്തിയാണ് ആകാശ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഒല്ലി പോപ്പിനെ (0) താരം അക്കൗണ്ട് തുറക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നെത്തിയ ജോ റൂട്ട് ഏറെ ശ്രദ്ധയോടെ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രൗളിയെ ആകാശ് ദീപ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 57 എന്ന നിലയിലായി.

ഇതോടെ റൂട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ജോണി ബെയര്‍സ്റ്റോയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ ബെയര്‍സ്റ്റോയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ ബെന്‍ സ്റ്റോക്‌സിനെ ജഡേജയും മടക്കിയതോടെ അഞ്ചിന് 112 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

ബാസ്‌ബോള്‍ വിട്ട് റൂട്ട്; തിരിച്ചടിച്ച് ഇംഗ്ലണ്ട്: പക്ഷെ പിന്നീട് ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവാണ് കാണാന്‍ കഴിഞ്ഞത്. ബാസ്‌ബോള്‍ വിട്ട് മോശം പന്തുകള്‍ക്കായി ക്ഷമയോടെ കാത്ത് നിന്ന ജോ റൂട്ടും ബെന്‍ ഫോക്‌സും പിടിച്ചു നിന്നു. 113 റണ്‍സ് ചേര്‍ത്ത് അപകടം തീര്‍ത്ത ഈ കൂട്ടുകെട്ട് മുഹമ്മദ് സിറാജാണ് പൊളിച്ചത്.

ഫോക്‌സിനെ ജഡേജ പിടികൂടുകയായിരുന്നു. ടോം ഹാര്‍ട്‌ലിയേയും (13) സിറാജ് മടക്കി. തുടര്‍ന്ന് ഒന്നിച്ച റൂട്ട്- ഒല്ലി റോബിന്‍സണ്‍ സഖ്യം പിരിയാത്ത എട്ടാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. മത്സരത്തിന്‍റെ രണ്ടാം ദിനമായ നാളെ ഇംഗ്ലണ്ടിന്‍റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എത്രയും വേഗത്തില്‍ എറിഞ്ഞിടാനാവും ഇന്ത്യ ശ്രമിക്കുക.

ALSO READ: ജോലിക്കെന്ന വ്യാജേന ക്രിക്കറ്റിനായി സ്വദേശം വിട്ടു, അച്ഛന്‍റെയും സഹോദരന്‍റെയും മരണം ഉലച്ചു, ദാരിദ്ര്യത്തോട് മല്ലിട്ട് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍

Last Updated : Feb 23, 2024, 7:51 PM IST

ABOUT THE AUTHOR

...view details