കേരളം

kerala

മൂന്നാം നമ്പറില്‍ വീണ്ടും 'നിരാശ' ; ശുഭ്‌മാന്‍ ഗില്‍ 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്നെന്ന്' ആരാധകര്‍

By ETV Bharat Kerala Team

Published : Jan 26, 2024, 12:24 PM IST

ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലും മോശം ഫോം തുടര്‍ന്ന് ശുഭ്‌മാന്‍ ഗില്‍. ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍

Shubman Gill Test Form  India vs England 1st Test  Ind vs Eng 1st Test Shubman Gill  ശുഭ്‌മാന്‍ ഗില്‍ ടെസ്റ്റ് പ്രകടനം
Shubman Gill

ഹൈദരാബാദ് :ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ മൂന്നാം നമ്പറില്‍ വീണ്ടും നിരാശപ്പെടുത്തി യുവതാരം ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ 66 പന്തില്‍ 23 റണ്‍സ് മാത്രം നേടിയാണ് ഗില്‍ പുറത്തായത്. ഇംഗ്ലീഷ് അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലിയാണ് ഗില്ലിനെ പുറത്താക്കിയത്.

മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് ഗില്ലിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 80 റണ്‍സ് അടിച്ച ജയ്‌സ്വാള്‍ പുറത്തായ ശേഷം ക്രീസിലെത്തിയ കെഎല്‍ രാഹുലിനെ പോലെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിക്കുന്നതിലും ഗില്‍ ഇന്ന് പരാജയപ്പെട്ടു. ഇക്കാര്യം കമന്‍ററിക്കിടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ചൂണ്ടിക്കാട്ടിയിരുന്നു.

ഓപ്പണറായി രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ സ്ഥാനം പിടിച്ചതോടെയാണ് ഗില്ലിന് ടെസ്റ്റില്‍ തന്‍റെ ബാറ്റിങ് പൊസിഷന്‍ നഷ്‌ടപ്പെട്ടത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തേക്ക് വാതില്‍ തുറന്നതോടെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഗില്ലിന് അവസരവും ലഭിച്ചു. എന്നാല്‍, ഈ അവസരങ്ങള്‍ ഒന്നും കൃത്യമായി മുതലെടുക്കാന്‍ 24കാരനായ താരത്തിന് സാധിച്ചില്ല.

മൂന്നാം നമ്പറില്‍ 9 ഇന്നിങ്‌സ് ബാറ്റ് ചെയ്‌ത ഗില്‍ 23.62 ശരാശരിയില്‍ 189 റണ്‍സാണ് നേടിയിട്ടുള്ളത്. 47 റണ്‍സാണ് ഈ പൊസിഷനില്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇന്ന്, 23 റണ്‍സില്‍ പുറത്തായതോടെ അര്‍ധസെഞ്ച്വറിയില്ലാതെ പത്താമത്തെ ടെസ്റ്റ് ഇന്നിങ്‌സാണ് ഗില്‍ പൂര്‍ത്തിയാക്കിയത് (Shubman Gill Last 10 Test Innings).

ടെസ്റ്റ് ക്രിക്കറ്റില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ ചെയ്യുന്നതെന്നാണ് ആരാധകരുടെ വാദം. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ ഗില്ലിന് സാധിക്കുന്നില്ലെന്നും സൈബറിടങ്ങളില്‍ ആരാധകര്‍ പറയുന്നു.

Also Read :ജയ്‌സ്വാളും ഗില്ലും പുറത്ത്, ഹൈദരാബാദില്‍ ഇന്ത്യയെ വീഴ്‌ത്താന്‍ ഇംഗ്ലണ്ട് പൊരുതുന്നു

അതേസമയം, ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് കുതിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 48 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ച്വറി നേടിയ കെ എല്‍ രാഹുല്‍ (72 പന്തില്‍ 50), ശ്രേയസ് അയ്യര്‍ (51 പന്തില്‍ 29) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 34 റണ്‍സ് പിന്നിലാണ് ഇന്ത്യ.

ABOUT THE AUTHOR

...view details