കേരളം

kerala

ശശാങ്ക് സിങ് കത്തിക്കയറി, ത്രില്ലര്‍ പോരില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് - GT vs PBKS IPL 2024 Match Result

By ETV Bharat Kerala Team

Published : Apr 5, 2024, 6:49 AM IST

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി പഞ്ചാബ്. സന്ദര്‍ശകരായ പഞ്ചാബ് 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നത് ഒരു പന്ത് ശേഷിക്കെ. 29 പന്തില്‍ 61 റണ്‍സ് നേടി പഞ്ചാബ് കിങ്‌സിന്‍റെ വിജയത്തില്‍ നിര്‍ണായകമായി ശശാങ്ക് സിങ്.

GUJARAT TITANS  PUNJAB KINGS  SHASHANK SINGH  IPL RESULT
GT VS PBKS IPL 2024 MATCH RESULT

അഹമ്മദാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറില്‍ ജയം പിടിച്ച് പഞ്ചാബ് കിങ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഒരു പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയാണ് മറികടന്നത്. യുവതാരങ്ങളായ ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് പഞ്ചാബിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 199 റണ്‍സ് നേടിയത്. പുറത്താകാതെ 48 പന്തില്‍ 89 റണ്‍സ് നേടിയ നായകൻ ശുഭ്‌മാൻ ഗില്ലിന്‍റെ പ്രകടനമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. വൃദ്ധിമാൻ സാഹ (11), കെയ്‌ൻ വില്യംസണ്‍ (26), സായ് സുദര്‍ശൻ (33), വിജയ് ശങ്കര്‍ (8), രാഹുല്‍ തെവാട്ടിയ (23*) എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് താരങ്ങളുടെ സ്കോര്‍. പഞ്ചാബ് കിങ്‌സിനായി കഗിസോ റബാഡ രണ്ടും ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് രണ്ടാം ഓവറില്‍ തന്നെ നായകൻ ശിഖര്‍ ധവാനെ നഷ്‌ടമായി. രണ്ട് പന്തില്‍ ഒരു റണ്‍ നേടിയ ധവാനെ ഉമേഷ് യാദവ് ക്ലീൻ ബൗള്‍ഡാക്കി. പിന്നീട്, ജോണി ബെയര്‍സ്റ്റോയും പ്രഭ്‌സിമ്രാൻ സിങും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബെയര്‍സ്റ്റോയെ (22) നൂര്‍ അഹമ്മദ് പുറത്താക്കി.

തന്‍റെ അടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനെയും (35) നൂര്‍ അഹമ്മദ് തന്നെ കൂടാരം കയറ്റി. പിന്നാലെ സാം കറനെ (5) അസ്‌മത്തുള്ള ഒമര്‍സായി കെയ്‌ൻ വില്യംസണിന്‍റെ കൈകളിലേക്ക് എത്തിച്ചു. ഇതോടെ, 8.4 ഓവറില്‍ 70-4 എന്ന നിലയിലായിരുന്നു പഞ്ചാബ്.

16 പന്തില്‍ 15 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയുടെ വിക്കറ്റ് 13-ാം ഓവറിലാണ് മോഹിത് ശര്‍മ നേടുന്നത്. തുടര്‍ന്ന്, ജിതേഷ് ശര്‍മ - ശശാങ്ക് സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം. തകര്‍ത്തടിച്ചുകൊണ്ടിരുന്ന ജിതേഷ് ശര്‍മ 16-ാം ഓവറില്‍ പുറത്തായത് മത്സരത്തില്‍ വഴിത്തിരിവാകുമെന്ന് കരുതി. എന്നാല്‍, പിന്നീട് ഇംപാക്‌ട് പ്ലെയറായി എത്തിയ അഷുതോഷ് ശര്‍മ കൂടുതല്‍ അപകടകാരിയായി. മറുവശത്ത് ശശാങ്ക് സിങ്ങും ഗുജറാത്ത് ബൗളര്‍മാരെ പഞ്ഞിക്കിട്ടു.

അവസാന ഓവറില്‍ ഏഴ് റണ്‍സ് അകലെയായിരുന്നു പഞ്ചാബിന്‍റെ ജയം. എന്നാല്‍, ദര്‍ശൻ നല്‍കോണ്ട എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തില്‍ അഷുതോഷ് ശര്‍മ (17 പന്തില്‍ 31) പുറത്തായെങ്കിലും ഹര്‍പ്രീത് ബ്രാറിനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് (29 പന്തില്‍ 61) പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.

Also Read :ആര്‍സിബി രക്ഷപ്പെടണമെങ്കില്‍ 'വിരാട് കോലി അവിടെ വേണം...' നിര്‍ദേശവുമായി എബി ഡിവില്ലിയേഴ്‌സ് - AB De Villiers Instruction To RCB

ABOUT THE AUTHOR

...view details