കേരളം

kerala

നേര്‍ക്കുനേര്‍ പോരിന് യുവനായകന്മാര്‍; ചെപ്പോക്കില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം - IPL 2024

By ETV Bharat Kerala Team

Published : Mar 26, 2024, 10:19 AM IST

ഐപിഎല്‍ പതിനേഴാം പതിപ്പിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇരു ടീമിനും ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം ജയം.

CSK VS GT  CSK VS GT PREVIEW  MS DHONI  CHENNAI SUPER KINGS
CSK VS GT

ചെന്നൈ:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം (CSK vs GT Match Preview). തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

പുതിയ നായകന്മാര്‍ക്ക് കീഴില്‍ സീസണിലെ ആദ്യ മത്സരം തന്നെ ജയിച്ച് നയം വ്യക്തമാക്കാൻ ഇരു ടീമിനും സാധിച്ചു. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിനായിരുന്നു റിതുരാജ് ഗെയ്‌ക്‌വാദും സംഘവും തകര്‍ത്തത്. അതേസമയം, മറുവശത്ത് മുംബൈ ഇന്ത്യൻസിനെതിരെ ആറ് റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടിയാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെയും കൂട്ടരുടെയും വരവ്.

ആദ്യത്തെ കളിയില്‍ ആര്‍സിബിയ്‌ക്കെതിരെ തകര്‍പ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയത്. ബൗളിങ്ങില്‍ മുഷ്‌ഫീഖര്‍ റഹീമിന്‍റെയും ബാറ്റിങ്ങില്‍ രചിൻ രവീന്ദ്ര, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങളായിരുന്നു മത്സരത്തില്‍ സൂപ്പര്‍ കിങ്‌സിന് നിര്‍ണായകമായത്. ഇന്ന്, ഗുജറാത്തിനെതിരെയും പ്രധാന താരങ്ങള്‍ മികവ് കാട്ടിയാല്‍ ചെന്നൈയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ചെന്നൈ നിരയില്‍ ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് താളം കണ്ടെത്തേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ 15 റണ്‍സ് മാത്രമായിരുന്നു സിഎസ്‌കെ നായകന് നേടാൻ സാധിച്ചത്. ബൗളിങ്ങില്‍ തുഷാര്‍ ദേശ്‌പാണ്ഡെ തല്ലുവാങ്ങി കൂട്ടുന്നത് ടീമിന് തലവേദനയാണ്. ആദ്യ മത്സരം കളിക്കാതിരുന്ന യുവ പേസര്‍ മതീഷ പതിരണ ചെന്നൈ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ആരെ പുറത്തിരുത്തുമെന്നത് കണ്ടറിയണം.

ടോപ് ഓര്‍ഡറില്‍ നായകൻ ശുഭ്‌മാൻ ഗില്‍, സായ് സുദര്‍ശൻ എന്നിവരുടെ ഫോമിലാണ് ടൈറ്റൻസിന്‍റെ പ്രതീക്ഷകള്‍. ആദ്യ മത്സരത്തില്‍ ഇരുവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍, അഹമ്മദാബാദിന് പുറത്ത് ഗില്ലിന്‍റെ പ്രകടനങ്ങള്‍ ഗുജറാത്തിന് ആശങ്കയ്‌ക്ക് വഴിയൊരുക്കുന്ന ഘടകമാണ്. മോഹിത് ശര്‍മ, റാഷിദ് ഖാൻ, അസ്മത്തുള്ള ഒമര്‍സായി എന്നിവരുടെ പ്രകടനങ്ങള്‍ ബൗളിങ്ങില്‍ ടീമിന് നിര്‍ണായകമാകും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ടീം:റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മഹീഷ് തീക്ഷ്‌ണ/മതീഷ പതിരണ, തുഷാര്‍ ദേശ്‌പാണ്ഡെ, മുസ്‌തഫിസുര്‍ റഹ്മാൻ.

ഗുജറാത്ത് ടൈറ്റൻസ് സാധ്യത ടീം:ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശൻ, അസ്‌മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, ഉമേഷ് യാദവ്, സ്പെൻസര്‍ ജോണ്‍സൺ, മോഹിത് ശര്‍മ, സായ് കിഷോര്‍.

ABOUT THE AUTHOR

...view details