കേരളം

kerala

ബ്രെന്‍റ്‌ഫോര്‍ഡിനെ തകര്‍ത്തു, പ്രീമിയര്‍ ലീഗില്‍ ഒന്നാമൻമാരായി ആഴ്‌സണല്‍

By ETV Bharat Kerala Team

Published : Mar 10, 2024, 8:19 AM IST

പ്രീമിയര്‍ ലീഗ്: ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ ആഴ്‌സണലിന് ജയം. ആഴ്‌സണലിന്‍റെ ജയം 2-1ന്. പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളെ പിന്നിലാക്കി ടീം ഒന്നാം സ്ഥാനത്ത്.

Etv Bharat
Etv Bharat

ലണ്ടൻ :ഒരു ഇടവേളയ്‌ക്ക് ശേഷം പ്രീമിയര്‍ ലീഗ് (Premier League) പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തി ആഴ്‌സണല്‍ (Arsenal). അവസാന മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെ (Brentford) തകര്‍ത്തുകൊണ്ടാണ് പീരങ്കിപ്പടയുടെ കുതിപ്പ്. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ സീസണിലെ 28-ാം മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെ നേരിടാൻ ഇറങ്ങിയ ഗണ്ണേഴ്‌സ് 2-1ന്‍റെ ജയമാണ് നേടിയത് (Arsenal vs Brentford Result).

ഡെക്ലാൻ റൈസ് (Declan Rice), കായ് ഹാവെര്‍ട്‌സ് (Kai Havertz) എന്നിവര്‍ മത്സരത്തില്‍ ആതിഥേയരായ ആഴ്‌സണലിനായി ഗോള്‍ നേടി. യോനെ വിസ്സ (Yonae Wissa) ആയിരുന്നു ബ്രെന്‍റ്‌ഫോര്‍ഡിനായി ആശ്വാസഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കുമ്പോഴായിരുന്നു ആഴ്‌സണലിന്‍റെ വിജയഗോളിന്‍റെ പിറവി.

സീസണില്‍ ആഴ്‌സണലിന്‍റെ 20-ാം ജയമാണിത്. 64 പോയിന്‍റോടെയാണ് നിലവില്‍ ടീം ലീഗില്‍ ഒന്നാം സ്ഥാനത്ത്. 63 പോയിന്‍റുള്ള ലിവര്‍പൂള്‍, 62 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ആഴ്‌സണലിന് പിന്നില്‍ (Premier League Standings).

ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഇന്ന് പ്രീമിയര്‍ ലീഗില്‍ നടക്കും. ഈ മത്സരത്തില്‍ ജയിക്കുന്ന ടീം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കും. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ആഴ്‌സണലിന് ടേബിള്‍ ടോപ്പര്‍മാരായി തുടരാം.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ 19-ാം മിനിറ്റിലാണ് ആഴ്‌സണല്‍ ആദ്യം ഗോള്‍ നേടിയത്. മധ്യനിര താരം ഡെക്ലാൻ റൈസായിരുന്നു അവര്‍ക്കായി ഗോള്‍ കണ്ടെത്തിയത്. പ്രതിരോധനിരതാരം ബെൻ വൈറ്റ് (Ben White) നല്‍കിയ ക്രോസ് റൈസ് തലകൊണ്ട് മറിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് സന്ദര്‍ശകരായ ബ്രെന്‍റ്‌ഫോര്‍ഡ് സമനില ഗോള്‍ കണ്ടെത്തി. ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ റാംസിഡലിന് സംഭവിച്ച പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു യോനെ വിസ്സ ബ്രെന്‍റ്‌ഫോര്‍ഡിന് ഗോള്‍ നേടിക്കൊടുത്തത്. മത്സരത്തില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഈ ഗോള്‍.

രണ്ടാം പകുതിയില്‍ വിജയഗോള്‍ കണ്ടെത്താൻ രണ്ട് ടീമും കിണഞ്ഞ് പരിശ്രമിച്ചു. ഈ ശ്രമങ്ങളില്‍ ജയം കണ്ടത് ആഴ്‌സണല്‍ ആയിരുന്നു. മത്സരത്തിന്‍റെ 86-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സിന്‍റെ ഗോളിലൂടെയാണ് ആഴ്‌സണല്‍ നിര്‍ണായക മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. ബെൻ വൈറ്റിന്‍റെ ക്രോസില്‍ നിന്നായിരുന്നു ഹാവര്‍ട്‌സും ആഴ്‌സണലിന്‍റെ രണ്ടാം ഗോള്‍ നേടിയത്.

Also Read :ഗോള്‍ പട്ടികയില്‍ പേരില്ല, എങ്കിലും ഹീറോ ഗര്‍നാച്ചോ; എവര്‍ട്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ABOUT THE AUTHOR

...view details