കേരളം

kerala

നേപ്പാള്‍ ഹിന്ദു രാഷ്ട്രമാക്കണം... ആവശ്യത്തിന് പിന്നില്‍ എന്ത്; പ്രക്ഷോഭത്തിന് ഒരുങ്ങി രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി

By ETV Bharat Kerala Team

Published : Feb 23, 2024, 9:56 PM IST

നേപ്പാളിന്‍റെ ഹിന്ദു രാഷ്ട്രമെന്ന പദവി പുനസ്ഥാപിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തി സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങി രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി

Nepal  Hindu Kingdom  Rashtriya Prajatantra Party  ഹിന്ദു രാഷ്ട്രം  നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ
What's Behind Demand For Reinstatement Of Nepal As Hindu Kingdom?

ന്യൂഡൽഹി : നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി ശക്തമായി ഉയരുകയാണ്. നേപ്പാളിലെ രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടിയാണ് ഈ ആവശ്യവുമായി ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇതുള്‍പ്പെടെ 40 ഇന അവകാശ പത്രിക നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പ കമല്‍ ദാഹലിന് സമര്‍പ്പിക്കപ്പെട്ടു. എന്താണ് ഈ ആവശ്യത്തിന് പിറകില്‍. നേപ്പാളിന്‍റെ രാഷ്ട്രീയത്തില്‍ ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുക. ഇടിവി ഭാരത് പ്രതിനിധി അരുണിം ഭുയാന്‍ എഴുതുന്നു.

നേപ്പാളിന്‍റെ ഹിന്ദു രാഷ്ട്രമെന്ന പദവി പുനസ്ഥാപിക്കണമെന്നും ഭരണഘടനാപരമായിത്തന്നെ രാജവാഴ്‌ചയ്ക്ക് അംഗീകാരം നല്‍കണമെന്നുമാണ് രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍. ഈ ആവശ്യം മുന്‍ നിര്‍ത്തി പാര്‍ട്ടി സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"കാഠ്‌മണ്ഡുവിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ ഈ ആവശ്യമുയര്‍ത്തി രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധി റാലികള്‍ നടത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണെങ്കില്‍ ഒരു വന്‍ വിപ്ലവത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും." രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി ചെയര്‍മാന്‍ രാജേന്ദ്ര ലിങ്ങ്ഡിനെ ഉദ്ധരിച്ച് കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ലാണ് പുതിയ ഭരണഘടന അംഗീകരിച്ച് നേപ്പാള്‍ മതേതര റിപ്പബ്ലിക്കായി മാറിയത്. അതിനും മുന്നേ 2008 ല്‍ത്തന്നെ കോണ്‍സ്റ്റ്റ്റ്യുവന്‍റ് അസംബ്ലിയുടെ ഉദ്ഘാടന സെഷനില്‍ത്തന്നെ രാജഭരണത്തെ വിസ്‌മൃതിയിലാഴ്ത്തി നേപ്പാള്‍ ഹിന്ദു രാഷ്ട്രമല്ലാതായിത്തീര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ആരാണ് രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടിയെന്നും എന്താണ് അവരുടെ പുതിയ ആവശ്യങ്ങള്‍ക്കു പിറകിലെന്നും പരിശോധിക്കേണ്ടത്.

രാജ വാഴ്‌ചയക്ക് ഭരണാഘടനാപരമായ അംഗീകാരം വേണമെന്നും നേപ്പാള്‍ ഹിന്ദു രാഷ്ട്രമായി തുടരണമെന്നും വാദിക്കുന്നവരാണ് രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി. 1990 ല്‍ രാജവാഴ്‌ചക്കാലത്തു തന്നെ മുന്‍ പ്രധാനമന്ത്രിമാരായ സൂര്യബഹാദൂര്‍ ഥാപ്പയും ലോകേന്ദ്ര ബഹാദൂര്‍ ചന്ദും ചേര്‍ന്ന് സ്ഥാപിച്ചതാണ് പാര്‍ട്ടി. 1997ല്‍ ഥാപ്പയുടേയും ചന്ദിന്‍റേയും നേതൃത്വത്തില്‍ രണ്ട് തവണ വിജയകരമായ മുന്നണി സര്‍ക്കാരുകളെ നയിച്ച പാര്‍ട്ടിയാണ് ആര്‍ പി പി. രണ്ടായിരമാണ്ട് ആദ്യ ദശകത്തിന്‍റെ ആദ്യ പാദത്തില്‍ ഗ്യാനേന്ദ്ര രാജാവ് ഇരുവരേയും ഓരോ തവണ പ്രധാനമന്ത്രിമാരായി നിയമിക്കുകയും ചെയ്‌തിരുന്നു.

2002 ല്‍ സൂര്യബഹാദൂര്‍ ഥാപ്പയും 2003 ല്‍ ലോകേന്ദ്ര ബഹാദൂര്‍ ചന്ദും പ്രധാനമന്ത്രിമാരായിരുന്നു. 2022 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 14 സീറ്റ് നേടിയ ആര്‍ പി പി 275 അംഗ ജന പ്രതിനിധി സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരുന്നു. നേപ്പാളിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ഏഴ് ദേശീയ പാര്‍ട്ടികളിലൊന്ന് കൂടിയാണിത്. തുടക്കത്തില്‍ ഭരണ മുന്നണിയുടെ ഭാഗമായിരുന്ന രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി 2023 ഫെബ്രുവരി 25 ന് പ്രതിപക്ഷത്തേക്ക് മാറി.

ഹിന്ദു രാഷ്ട്ര പദവിയും രാജവാഴ്‌ചക്ക് ഭരണഘടന അംഗീകാരവും വേണമെന്ന് നിരന്തരം വാദിച്ചു കൊണ്ടിരിക്കുന്ന ഏക പാര്‍ട്ടിയാണ് ആര്‍ പി പി. മറ്റ് നിരവധി പാര്‍ട്ടികളും സമാന ആവശ്യം പല ഘട്ടങ്ങളിലായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നിരന്തരം ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നത് ആര്‍ പി പി മാത്രമാണ്. രാജ ഭരണത്തിനു വേണ്ടി വാദിക്കുന്ന വലിയൊരു കൂട്ടര്‍ 2008ല്‍ രാജവാഴ്‌ച അവസാനിപ്പിച്ചതു തൊട്ടു തന്നെ ഈ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.

അടുത്ത കാലത്തായി ചില ഹിന്ദു ഗ്രൂപ്പുകളും ഇതേ ആവശ്യം ഉയര്‍ത്തുന്നുണ്ടെന്ന് മനോഹര്‍ പരിക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിലെ നേപ്പാള്‍ കാര്യ വിദഗ്‌ധന്‍ നിഹാര്‍ ആര്‍ നായക് പറഞ്ഞു.

2021 ഓഗസ്‌റ്റില്‍ തനാഹുന്‍ ജില്ലയിലെ ദഹ്‌വത്തില്‍ ഒത്തുകൂടിയ 20 ഹിന്ദു മത സംഘടനകള്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനായി ഐക്യമുന്നണി രൂപീകരിച്ചിരുന്നു. ഹിന്ദു രാജ്യമെന്ന ആവശ്യവുമായി അവര്‍ പ്രചാരണത്തിനും തുടക്കം കുറിച്ചിരുന്നു. 2006 മുതല്‍ 2009 വരെ നേപ്പാള്‍ സൈന്യത്തെ നയിച്ച ജനറല്‍ രുക്‌മാംഗദ് കട്വാള്‍ ആയിരുന്നു ഈ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

ഹിന്ദു രാഷ്ട്ര സ്വാഭിമാന്‍ ജാഗരണ്‍ അഭിയാന്‍ എന്നറിയപ്പെട്ട ഈ പ്രസ്ഥാനം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സംഘാടകര്‍ കരു നീക്കി. രാജ്യത്തിന്‍റെ സംസ്‌കാരവും വ്യക്തിത്വവും സംരക്ഷിക്കുകയെന്നതായിരുന്നു പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. പ്രമുഖരായ പല ഹിന്ദു മത ആചാര്യന്മാരും പ്രസ്ഥാനത്തിന്‍റെ ഭാഗമായി. ശങ്കരാചാര്യ മഠാധിപതി കേശവാനന്ദ സ്വാമി, കാഠ്‌മണ്ഡു ശാന്തി ധാം മഠാധിപതി സ്വാമി ചതുര്‍ഭുജ ആചാര്യ, ഹനുമാന്‍ജി മഹാരാജ്, നേപ്പാള്‍ പൊലീസ് മുന്‍ എ ഐജിയും ഹിന്ദു സ്വയം സേവക സംഘം കോ കണ്‍വീനറുമായ കല്യാണ്‍ കുമാര്‍ തിമിള്‍സിന എന്നിവര്‍ ഇവരില്‍പ്പെടും.

"ഹിന്ദു മൗലിക വാദം വളര്‍ത്തലല്ല നമ്മുടെ ലക്ഷ്യം. മുസ്ലീം, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്‌കരിക്കലുമല്ല. ഇത് നേപ്പാളിന്‍റെ ഹിന്ദു വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയുള്ള മുന്നേറ്റമാണ്. " -രുക്‌മാംഗദ് കട്വാല്‍ പറയുന്നു.

നേപ്പാളിനെ മതേതര റിപ്പബ്ലിക്കാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പല രാഷ്ട്രീയ നേതാക്കളും രാജ്യം പഴയ നിലയിലേക്ക് തിരികെ പോകുന്നതിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു രാഷ്ട്രമെന്ന ആവശ്യത്തിന് കരുത്തേറുന്നതായി കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെപി ശര്‍മ ഓലിയെപ്പോലുള്ളവര്‍ പോലും ഈ നീക്കത്തിന് പിന്നിലുണ്ട്.

കമ്യൂണിസ്റ്റ് നേതാവായി അറിയപ്പെടുമ്പോള്‍ തന്നെ ഒലി ഹിന്ദുത്വത്തോടുള്ള താല്‍പ്പര്യം മറച്ചുവയ്‌ക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നേപ്പാളിന്‍റെ ഹിന്ദു രാഷ്ട്ര പദവി പുനസ്ഥാപിക്കുന്നതിനായി സംഘടിപ്പിച്ച വലിയൊരു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌തത് മുന്‍ രാജാവ് ഗ്യാനേന്ദ്രയായിരുന്നു. നമുക്ക് മതത്തേയും ദേശത്തേയും ദേശീയതയേയും സംസ്‌കാരത്തേയും പൗരൻമാരേയും സംരക്ഷിക്കാം എന്ന് വിളംബരം ചെയ്‌ത് നേപ്പാളിലെ കിഴക്കന്‍ ജാപ്പ ജില്ലയിലെ കക്കര്‍ഭിട്ടയില്‍ നടത്തിയ സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകന്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ദുർഗ പ്രസായി ആയിരുന്നു. കെ പി ശര്‍മ ഓലിയുടെ പാര്‍ട്ടിയുടെ മറ്റൊരു സമുന്നത നേതാവാണ് ദുര്‍ഗ പ്രസായി.

കഴിഞ്ഞ നവംബറിലും ഹിന്ദു രാഷ്ട്ര പദവിയും രാജവാഴ്‌ചയും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. അതും നയിച്ചത് ദുര്‍ഗ പ്രസായി ആയിരുന്നു. നേപ്പാളിലെ ജനാധിപത്യ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെന്ന് വാദിക്കുന്ന ജനാധിപത്യ വിരുദ്ധ ഗ്രൂപ്പുകളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നിലെന്ന് നിഹാര്‍ ആര്‍ നായക് അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി ഈ മുന്നേറ്റങ്ങളെ കൂടുതല്‍ ജനകീയവത്‌കരിക്കുകയാണ്. അവരുടെ ഓരോ റാലിയിലും നാലായിരവും അയ്യായിരവും പേരാണ് പങ്കെടുക്കുന്നത്. അതു കൊണ്ടു തന്നെ ഇത് രാഷ്ട്രീയ രംഗത്ത് വലിയ ചലനമൊന്നുമുണ്ടാക്കാനിടയില്ല. നേപ്പാളിലെ ഏറ്റവും വലിയ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു വിഭാഗവും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും പാര്‍ട്ടി അത് തള്ളുകയായിരുന്നു. ഈ ആവശ്യങ്ങളെ പാര്‍ട്ടി പിന്തുണക്കുന്നില്ലെന്നാണ് നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ് ഷേര്‍ ബഹാദൂര്‍ ഡ്യൂബ പറഞ്ഞത്.

ABOUT THE AUTHOR

...view details