സമകാലിക ആഗോള-പ്രാദേശിക വെല്ലുവിളികള്‍ നേരിടാന്‍ തങ്ങളുടെ പൂര്‍ണപിന്തുണ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അടുത്തിടെ ഉറപ്പ് നല്‍കി. 2019 ജൂലൈയില്‍ വൈറ്റ് ഹൗസില്‍ വച്ച് അന്നത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഷഹബാസിന് ഒരു അഭിനന്ദന സന്ദേശം പോലും ബൈഡന്‍ അയച്ചിരുന്നില്ലെന്നതാണ് രസകരം. പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ഒരിക്കല്‍ പോലും അമേരിക്ക അപലപിച്ചിട്ടില്ല. സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്‌തിട്ടില്ല. എന്നാലിപ്പോള്‍ കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാമെന്നാണ് വാഗ്ദാനം. ഇസ്ലാമാബാദാകട്ടെ അന്താരാഷ്‌ട്ര നാണ്യനിധിയില്‍ നിന്ന് ഒരു അധിക വായ്‌പ കൂടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇതിന് അമേരിക്കയുടെ പിന്തുണയും ആവശ്യമുണ്ട്.
ബൈഡന്‍റെ സന്ദേശത്തിന് തൊട്ടുപിന്നാലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദറും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. പൊതുതാത്‌്പര്യമുള്ള മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യം ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. പ്രാദേശിക പ്രാധാന്യമുള്ള ഗാസയിലെ സ്ഥിതിഗതികള്‍, ചെങ്കടല്‍ വിഷയം, അഫ്‌ഗാനിസ്ഥാനിലെ വിഷയങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇതൊരു നിര്‍ണായക വഴിത്തിരിവായാണ് ഈ ചര്‍ച്ചകളെ പാക് നയതന്ത്ര കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാകിസ്ഥാനോടുള്ള അമേരിക്കന്‍ നയവ്യതിയാനമായി ചിലര്‍ ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാക് സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്‍റിലെ മുപ്പതംഗങ്ങള്‍ പ്രസിഡന്‍റ് ബൈഡനും ആന്‍റണി ബ്ലിങ്കനും കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. അത് കൊണ്ടാകാം ഷെഹബാസിനെ അഭിനന്ദിക്കാന്‍ ബൈഡന്‍ കൂട്ടാക്കാതിരുന്നത്.
പാകിസ്ഥാന്‍ ചൈനയും വാഷിംഗ്ടണുമായുള്ള ബന്ധം സന്തുലിതമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനില്‍ നിന്ന് അമേരിക്ക പെട്ടെന്ന് പിന്‍വാങ്ങിയത് അവരുമായുള്ള ബന്ധത്തെ സാരമായി ബാധിച്ചു. പാകിസ്ഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നു എന്ന ആരോപണം പോലും അവസാനമുണ്ടായി. യുക്രൈന്‍ യുദ്ധവേളയിലുള്ള ഇമ്രാന്‍റെ അനവസരത്തിലുള്ള റഷ്യന്‍ സന്ദര്‍ശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. താന്‍ അധികാര ഭ്രഷ്‌ടനാകാന്‍ കാരണം അമേരിക്കയാണെന്ന ഇമ്രാന്‍റെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
തന്നെ നീക്കം ചെയ്യണമെന്ന് വാഷിംഗ്ടണിലെ പാക് സ്ഥാനപതിയുമായി ദക്ഷിണ, മധ്യേഷന്‍ കാര്യ ചുമതലയുള്ള അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്‍റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ചര്‍ച്ച ചെയ്‌തതായി ഇമ്രാന്‍ പരസ്യമായി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇസ്ലാമാബാദിന് ഒരു രഹസ്യ സന്ദേശം അയച്ചതായും ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇമ്രാന്‍ നിലവില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിക്ഷപക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്ന പാകിസ്ഥാന്‍ ഇതിനിടെ രണ്ട് സ്വകാര്യ അമേരിക്കന്‍ കമ്പനികള്‍ വഴി അനൗദ്യോഗികമായി യുക്രൈന്‍ ആയുധങ്ങള്‍ നല്‍കുകയും ഈ ഇടപാടിലൂടെ 3640 ലക്ഷം അമേരിക്കന്‍ ഡോളര്‍ നേടുകയും ചെയ്‌തിരുന്നു. പാകിസ്ഥാനിലെ നുര്‍ ഖാന്‍ എയര്‍ഫോഴ്‌സ് വ്യോമത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് സൈനിക ചരക്ക് വിമാനങ്ങളിലാണ് ഇവ വ്യോമമാര്‍ഗം കൊണ്ടുപോയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കാരണമായി. തുടര്‍ന്ന് പാക് സൈനിക മേധാവി ജനറല്‍ അസിം മുനിര്‍ കഴിഞ്ഞ കൊല്ലം ഡിസംബറില്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് വരെ കാര്യങ്ങളെത്തി. അവിടെ അദ്ദേഹം അമേരിക്കന്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി.
പിന്നീട് പാകിസ്ഥാനില്‍ നടന്നതിന്‍റെ എല്ലാം മുന്നോടി ആയിരുന്നു മുനിറിന്‍റെ ഈ സന്ദര്‍ശനം എന്ന് വേണം വിലയിരുത്താന്‍. തെരഞ്ഞെടുപ്പ് വൈകിയതും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇമ്രാനെ തടവിലാക്കിയതുമെല്ലാം ഇതിന് പിന്നാലെ ആയിരുന്നു. ഇതെല്ലാം അമേരിക്ക അംഗീകരിച്ചതോടെ അവരില്‍ നിന്ന് വിമര്‍ശവും ഇല്ലാതായി. പാകിസ്ഥാനിലെ ജനങ്ങളാണ് അത്യന്തികമായി അവരുടെ രാഷ്‌ട്രീയ ഭാവി നിശ്ചയിക്കേണ്ടത് എന്നായിരുന്നു അമേരിക്കന്‍ വക്‌താവിന്‍റെ പ്രതികരണം. ഈ പ്രതികരണവും കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രതികരണവും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടതുണ്ട്. സമീപനത്തിലെ ഈ വ്യത്യാസം ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യുമില്ലറിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് കാട്ടിയിരുന്നു.