കേരളം

kerala

വരുൺ ധവാനും കീർത്തി സുരേഷും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം; പ്രധാന അപ്‌ഡേറ്റ് പ്രേക്ഷകരിലേക്ക്

By ETV Bharat Kerala Team

Published : Feb 4, 2024, 5:05 PM IST

Updated : Feb 4, 2024, 5:33 PM IST

കീർത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'VD18'ന്‍റെ പ്രധാന അപ്‌ഡേറ്റ് നാളെ പുറത്തുവിടും

VD18 Big Reveal  Varun Dhawan Keerthy Suresh movie  Keerthy Suresh Bollywood debut  വരുൺ ധവാൻ കീർത്തി സുരേഷ് സിനിമ  കീർത്തി സുരേഷ് ബോളിവുഡ് ചിത്രം
VD18 Big Reveal

ഹൈദരാബാദ്:ബോളിവുഡ് യുവതാരനിരയിലെ ശ്രദ്ധേയതാരം വരുൺ ധവാനെ നായകനാക്കി തമിഴ് ചലച്ചിത്രകാരൻ കാലീസ് (Kalees) സംവിധാനം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. 'VD18' എന്നാണ് ഈ ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. 2023 ഓഗസ്റ്റിൽ നിർമ്മാണം ആരംഭിച്ചത് മുതൽ ഈ ചിത്രത്തിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്‍റെ ആരാധകർ (Varun Dhawan and Keerthy Suresh starrer VD18).

വരുൺ ധവാന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഇപ്പോഴിതാ പവർ പാക്ക്ഡ് ആക്ഷൻ എന്‍റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച, സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ സിനിമയുടെ ഒരു സുപ്രധാന 'വെളിപ്പെടുത്തൽ' നാളെ ഉണ്ടാകുമെന്നാണ് നടന്‍റെ അറിയിപ്പ് (VD18 movie's Big Reveal tomorrow).

കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എന്താവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇരുണ്ട, മേഘാവൃതമായ പശ്ചാത്തലമാണ് വരുൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിനുള്ളത്. സ്‌ഫോടനത്തിന്‍റെ അവശേഷിപ്പ് സൂചിപ്പിക്കുന്ന തീപ്പൊരികളും പോസ്റ്ററിൽ കാണാം. ചിത്രത്തിൻ്റെ പേരാകും അണിയറ പ്രവർത്തകർ നാളെ വെളിപ്പെടുത്തുക എന്നാണ് ഊഹാപോഹങ്ങൾ.

ഹൈ - ആക്ഷൻ സീക്വൻസുകളും സമ്മിശ്ര വികാരങ്ങളും നിറഞ്ഞിരിക്കുന്നതാണ് ഈ സിനിമ എന്നാണ് വിവിരം. 'VD18'ൻ്റെ ഷൂട്ടിംഗിനിടെ വരുണിന് നാലോളം തവണ പരിക്കേറ്റതും വാർത്തയായിരുന്നു. ഡിസംബറിൽ ഉണ്ടായ അപകടത്തെ തുടർന്ന് തൻ്റെ കാലിൽ പരിക്ക് പറ്റിയതിന്‍റെ വീഡിയോ താരം പങ്കുവച്ചിരുന്നു.

പൊലീസ് ഓഫിസറുടെ വേഷമാണ് വരുൺ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. കഥാഗതിയിലൂടെയും അസാധാരണമായ പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ഈ ചിത്രം ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അതേസമയം തെന്നിന്ത്യയുടെ പ്രിയ താരം കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാകും ഇത്.

വാമിഖ ഗബ്ബിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് 'VD18' ടീം കേരളത്തിലെ ചിത്രത്തിന്‍റെ ഷെഡ്യൂൾ പൂർത്തിയാക്കിയത്. എങ്കിലും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങളൊന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

സിനി 1 സ്റ്റുഡിയോസിന്‍റെ ബാനറില്‍ മുറാദ് ഖേതാനിയും എ ഫോർ ആപ്പിൾ സ്റ്റുഡിയോയുടെ ബാനറില്‍ പ്രിയ അറ്റ്‌ലിയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. അറ്റ്‌ലി കുമാറാണ് സിനിമ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇതിനിടെ അറ്റ്‌ലിയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'തെറി'യുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിർമാതാക്കൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം നിതേഷ് തിവാരിയുടെ റൊമാൻ്റിക് ഡ്രാമ ചിത്രമായ 'ബവാൽ' ആണ് വരുണിൻ്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാൻവി കപൂറാണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം റുസ്സോ ബ്രദേഴ്‌സിൻ്റെ 'സിറ്റാഡൽ' എന്ന പരമ്പരയുടെ ഇന്ത്യൻ അഡാപ്റ്റേഷനിലും വരുൺ ഭാഗമാണ്. ഈ സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ALSO READ:ബോളിവുഡ് അരങ്ങേറ്റത്തിന് കോപ്പുകൂട്ടി കീർത്തി സുരേഷ് ; നായകനായി വരുൺ ധവാൻ

Last Updated :Feb 4, 2024, 5:33 PM IST

ABOUT THE AUTHOR

...view details