കേരളം

kerala

യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ബലാൽസംഗ ദൃശ്യങ്ങൾ, തങ്കമണി സിനിമയ്ക്ക് എതിരെ ഹർജി

By ETV Bharat Kerala Team

Published : Jan 19, 2024, 11:56 PM IST

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്‍റെ 37-ാമത് വാര്‍ഷിക ദിനത്തിലാണ് 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ബലാൽസംഗ ദൃശ്യങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ ബിജുവാണ് കോടതിയെ സമീപിച്ചത്.

Thankamani Film highcourt case
Thankamani Film highcourt case

എറണാകുളം:ഇടുക്കിയിലെ തങ്കമണി ഗ്രാമത്തിൽ നടന്ന പൊലീസ് വെടിവയ്പ്പും കൊലപാതകവും പ്രമേയമായി വരുന്ന ദിലീപ് ചിത്രം 'തങ്കമണി'ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ബലാൽസംഗ ദൃശ്യങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ ബിജുവാണ് കോടതിയെ സമീപിച്ചത്. ഗ്രാമത്തിലെ സ്ത്രീകളെ പൊലീസ് ബലാൽസംഗം ചെയ്തുവെന്നത് ടീസറിലടക്കം കാണുന്നതായും യഥാർത്ഥ സംഭവത്തിൽ ഇതിന് തക്ക തെളിവുകൾ ഇല്ലെന്നും ഗ്രാമത്തിലുള്ളവരെ മോശമായി ചിത്രീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

തങ്കമണി സിനിമയ്ക്ക് എതിരെ ഹർജി

ഹർജി ഹൈക്കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. കേന്ദ്ര സെൻസർ ബോർഡ്, സംസ്ഥാന പൊലീസ് മേധാവി, ചിത്രത്തിന്റെ നിർമ്മാതാക്കൾ, സംവിധായകൻ, നായകൻ ദിലീപ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. നേരത്തെ പുറത്തിറങ്ങിയ തങ്കമണിയുടെ ടീസറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 1986ല്‍ നടന്ന സംഭവത്തോടു കൂടി ആരംഭിച്ച ടീസര്‍ രണ്ട് വ്യത്യസ്‌ത കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ദൃശ്യവത്‌ക്കരിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലാണ് ടീസറില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഗെറ്റപ്പില്‍ നിസ്സഹായനായ തടവുകാരനാണെങ്കില്‍ മറ്റൊരു ഗെറ്റപ്പില്‍ പ്രതികാര ദാഹിയായ ദിലീപിന്‍റെ കഥാപാത്രത്തെയാണ് കാണാനാവുക. 'ദി ബ്ലീഡിങ് വില്ലേജ്' എന്ന ടാഗ്‌ലൈനോടുകൂടിയുള്ള പോസ്‌റ്ററില്‍ വൃദ്ധന്‍റെ ലുക്കില്‍ പ്രതികാര ഭാവത്തിലുള്ള ദിലീപിനെയാണ് കാണാനാവുക.

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്‍റെ 37-ാമത് വാര്‍ഷിക ദിനത്തിലാണ് 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ദിലീപിന്‍റെ കരിയറിലെ ഏറെ വ്യത്യസ്‌തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. ദിലീപിന്‍റെ 148-ാമത് ചിത്രമാണ് 'തങ്കമണി'. രതീഷ് രഘുനന്ദൻ ആണ് സിനിമയുടെ രചനയും സംവിധാനവും.

1986 ഒക്‌ടോബര്‍ 21ന് ഇടുക്കിയിലെ കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്‌പ്പും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് 'തങ്കമണി'യുടെ ചിത്രപശ്ചാത്തലം. പൊലീസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇതാണ് തങ്കമണിക്കൊലക്കേസ് എന്നറിയപ്പെടുന്നത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ അടിപിടിയാണ് പൊലീസ് വെടിവയ്പ്പിൽ കലാശിച്ചത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന കേസില്‍ വലിയ രാഷ്ട്രീയ ചർച്ചകൾ വെടിവെയ്പ്പിനെ ചൊല്ലി നടന്നിരുന്നു.

പ്രണിത സുഭാഷ്, നീത പിള്ള എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ജോണ്‍ വിജയ്‌, സമ്പത് റാം എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, സുദേവ് നായര്‍, മേജര്‍ രവി, അജ്‌മല്‍ അമീര്‍, മനോജ് കെ ജയന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേഷ്, ജിബിന്‍ ജി, തൊമ്മന്‍ മാങ്കുവ, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, മുക്ത, രമ്യ പണിക്കര്‍, ശിവകാമി, അംബിക മോഹന്‍, സ്‌മിനു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെ കൂടാതെ 50ലധികം ക്യാരക്‌ടർ ആർട്ടിസ്‌റ്റുകളും അഭിനയിക്കുന്നുണ്ട്.സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് 'തങ്കമണി'യുടെ നിര്‍മാണം. ഛായാഗ്രഹണം - മനോജ് പിള്ള, എഡിറ്റിങ് - ശ്യാം ശശിധരന്‍, കലാസംവിധാനം - മനു ജഗത്, മേക്കപ്പ് - റോഷന്‍, ഗാനരചന - ബിടി അനില്‍ കുമാര്‍, സംഗീതം - വില്യം ഫ്രാന്‍സിസ്, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, മിക്‌സിംഗ് - ശ്രീജേഷ് നാര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മനേഷ് ബാലകൃഷ്‌ണന്‍, സൗണ്ട് ഡിസൈനര്‍ - ഗണേഷ് മാരാര്‍, പ്രൊജക്‌ട് ഡിസൈനര്‍ - സജിത് കൃഷ്‌ണ, പ്രൊജക്‌ട് ഹെഡ് - സുമിത്ത് ബിപി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സുജിത് ജെ നായര്‍, വിഎഫ്‌എക്‌സ്‌ - എഗ് വൈറ്റ്, സ്‌റ്റില്‍സ്‌ - ശാലു പേയാട്, പിആര്‍ഒ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ABOUT THE AUTHOR

...view details