കേരളം

kerala

പുതിയ സിനിമയുമായി ഷൂജിത് സിർകാർ ; ശ്രദ്ധനേടി അനൗൺസ്‌മെന്‍റ് ടീസർ - Shoojit Sircar new movie

By ETV Bharat Kerala Team

Published : Mar 25, 2024, 11:27 AM IST

അഭിഷേക് ബച്ചൻ, ജോണി ലിവർ, അഹല്യ ബാംറൂ, ജയന്ത് കൃപ്‌ലാനി എന്നിവരാണ് ഷൂജിത്തിന്‍റെ പുതിയ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

SHOOJIT SIRCAR NEW FILM TEASER  SHOOJIT SIRCAR FILM ANNOUNCEMENT  ABHISHEK BACHCHAN  BOLLYWOOD UPCOMING MOVIES
Shoojit Sircar Movie

ബോളിവുഡ് സിനിമാലോകത്തിന് ഒരുപിടി മനോഹര സിനിമകൾ സമ്മാനിച്ച മാന്ത്രിക സംവിധായകൻ ഷൂജിത് സിർകാർ പുതിയ ചലച്ചിത്രവുമായി എത്തുന്നു. 2021ൽ പുറത്തിറങ്ങിയ 'സർദാർ ഉദ്ദം' എന്ന സിനിമയ്‌ക്ക് ശേഷമുള്ള ഷൂജിത് സിർകാറിന്‍റെ ചിത്രമാണിത്. ചെറിയ ടീസർ പുറത്തുവിട്ടാണ് നിർമാതാക്കൾ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. ഷൂജിത് സിർകാറിന്‍റെ ഇതുവരെയുള്ള സിനിമകളെല്ലാം കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 2005ൽ റിലീസായ, അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം 'യഹാൻ' മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'സർദാർ ഉദ്ദം' വരെയുള്ള സിനിമകളുടെ മനോഹരമായ ഗ്ലിംപ്‌സുകൾ ടീസറിലുണ്ട്. ഏതായാലും പുതിയ സിനിമയുടെ വരവറിയിച്ച രീതി ഗംഭീരമായെന്നാണ് സിനിമാസ്വാദകരുടെ പ്രതികരണം.

അതേസമയം ഈ ചിത്രത്തിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഭിഷേക് ബച്ചൻ, ജോണി ലിവർ, അഹല്യ ബാംറൂ, ജയന്ത് കൃപ്‌ലാനി എന്നിവരാണ് ഷൂജിത്തിന്‍റെ പുതിയ ചിത്രത്തിലെ അഭിനേതാക്കൾ. ഒരു വിദേശ രാജ്യത്തെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന അഭിഷേക് ബച്ചന്‍റെ കഥാപാത്രത്തെ ടീസറിൽ കാണാം. കാറിന്‍റെ അരികിലുള്ള ഒരു ബെഞ്ചിൽ രണ്ടുപേർ ഇരിക്കുന്ന, തടാകക്കരയിലുള്ള ഒരു ദൃശ്യത്തോടെയാണ് ടീസർ അവസാനിക്കുന്നത്.

'ഷൂജിത് സിർകാറിന്‍റെ അടുത്ത സിനിമ ദൈനംദിന, സാധാരണ അരാജകത്വത്തിൽ ജീവിതത്തിന്‍റെ ആഘോഷത്തെ കുറിച്ചുള്ള ഹൃദയസ്‌പർശിയായ കഥയാണ്!. ജീവിതത്തിലെ വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന, തങ്ങളുടെ അമൂല്യമായ ബന്ധം പുനരുജ്ജീവിപ്പിക്കുന്ന അച്ഛനെയും മകളെയും കുറിച്ചുള്ള രസകരമായ ആഖ്യാനമുള്ള ഒരു വൈകാരിക യാത്രയാണ് ഈ സിനിമ'- നിർമാതാക്കൾ ടീസർ പങ്കുവച്ചുകൊണ്ട് കുറിച്ചു.

ചിരിക്കാനും കരയാനും പ്രണയിക്കാനും ഉള്ളിലുള്ളതെല്ലാം പ്രകടിപ്പിക്കാനും നമ്മെ ഓർമിപ്പിക്കുന്നതാണ് ഷൂജിത്തിന്‍റെ ഓരോ സിനിമകളും. ജീവിതത്തിൻ്റെ ക്ഷണികമായ നിമിഷങ്ങളുടെ യഥാർത്ഥ മൂല്യം കണ്ടെത്താൻ അദ്ദേഹത്തിന്‍റെ പുതിയ സിനിമ നമ്മെ നിർബന്ധിക്കുമെന്നും നിർമാതാക്കൾ കുറിച്ചു.

റൈസിംഗ് സൺ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, കിനോ വർക്‌സ് എൽഎൽപി എന്നിവയുടെ ബാനറുകളിൽ റോണി ലാഹിരി, ഷീൽ കുമാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കി ഡോണർ (2012), മദ്രാസ് കഫെ (2013), പികു (2015), ഒക്‌ടോബർ (2018), ഗുലാബോ സിതാബോ (2020) എന്നിവയാണ് ഷൂജിത് സിർകാർ സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങൾ. ഓപ്പൺ ടീ ബയോസ്‌കോപ്പ് (2015), പിങ്ക് (2016), റണ്ണിങ് ശാദി (2017), ഗുലാബോ സിതാബോ, സർദാർ ഉദ്ദം, ദീപ് 6 (2021) എന്നീ സിനിമകൾ അദ്ദേഹം നിർമിച്ചവയുമാണ്.

ABOUT THE AUTHOR

...view details