കേരളം

kerala

വേട്ടയും വേട്ടക്കാരനും; 'മാരീശന്' തുടക്കം, 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും

By ETV Bharat Kerala Team

Published : Jan 22, 2024, 6:14 PM IST

Maareesan shooting started: സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'മാരീശൻ' ചിത്രീകരണം തുടങ്ങി

Maareesan shooting started  Fahadh Faasil Vadivelu movie  മാരീശൻ  വടിവേലു ഫഹദ് ഫാസിൽ സിനിമ
maareesan movie shooting starts

ലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും തമിഴകത്തിന്‍റെ ഇഷ്‌ടതാരം വടിവേലുവും വീണ്ടും ഒന്നിക്കുന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'മാരീശൻ' എന്ന ചിത്രത്തിലാണ് ഇരുവരും കൈകോർക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു (Fahadh Faasil and Vadivelu starring maareesan movie shooting starts).

സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ഈ ചിത്രം ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോൾ പുറത്തുവന്ന 'മാരീശ'ന്‍റെ പോസ്റ്ററും ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്. 'വേട്ടയും വേട്ടക്കാരനും' (The Hunt & the hunter!) എന്ന ടാ​ഗ് ലൈനുമായാണ് ഈ ചിത്രം എത്തുന്നത്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കലൈസെൽവനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജീവയും 'മാരീശൻ' സിനിമയിൽ പ്രധാന വേഷത്തിലുണ്ടെന്നാണ് വിവരം. അതേസമയം ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്‌ത 'മാമന്നന്‍' എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിലും വടിവേലുവും ഇതിന് മുൻപ് ഒരുമിച്ച് പ്രവർത്തിച്ചത്. മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ ഇരുവരുടെയും പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു. വടിവേലു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രതിനായക വേഷമാണ് ഫഹദ് കൈകാര്യം ചെയ്‌തത്. ഉദയനിധി സ്‌റ്റാലിനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഉദയനിധിയുടെ അവസാന ചിത്രം കൂടിയാണിത്.

'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നി മികവുറ്റ ചിത്രങ്ങൾക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് 'മാമന്നന്‍'. തന്‍റെ സിനിമകളിലൂടെ കാലത്തോടും വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു കൊണ്ടേയിരിക്കുന്ന സംവിധായകന്‍റെ പുതിയ ചിത്രവും പതിവ് തെറ്റിച്ചില്ലെന്ന് പറയാം. സാമ്പത്തിക വിജയത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രത്തിന് നേടാനായി. ഒടിടി റിലീസിന് ശേഷവും 'മാമന്നൻ' വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'മാണ് ഫഹദ് നായകനായി എത്തുന്ന പുതിയ മലയാളം ചിത്രം. 'രോമാഞ്ചം' സിനിമയിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. 'ആവേശം' ഏപ്രിലില്‍ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.

തെലുഗു ചിത്രം 'പുഷ്‌പ 2'ലും ഫഹദ് പ്രധാന വേഷത്തിലുണ്ട്. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിൽ പ്രതിനയക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന 'ഹനുമാന്‍ ഗിയറും' ഫഹദിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്.

ABOUT THE AUTHOR

...view details