കേരളം

kerala

ETV Bharat / entertainment

ഭ്രമയുഗത്തിൽ അർജുൻ ഇത്രയും മനോഹരമായി അഭിനയിക്കുമെന്ന് കരുതിയില്ല - ഹരിശ്രീ അശോകൻ

ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി.

Actor Harisree Asokan  Arjun Asokan  ഹരിശ്രീ അശോകന്‍  അര്‍ജുന്‍ അശോകന്‍
Actor Harisree Asokan About His Son Arjun Asokans perfomance

By ETV Bharat Kerala Team

Published : Mar 9, 2024, 3:56 PM IST

ഭ്രമയുഗത്തിൽ അർജുൻ ഇത്രയും മനോഹരമായി അഭിനയിക്കുമെന്ന് കരുതിയില്ല - ഹരിശ്രീ അശോകൻ

എറണാകുളം: ഭ്രമയുഗത്തിൽ അർജുൻ അശോകന്‍ ഇത്രയും മനോഹരമായി അഭിനയിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് നടന്‍ ഹരിശ്രീ അശോകൻ. കടകൻ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭ്രമയുഗം കണ്ടോ എന്ന ചോദ്യമാണ് ആദ്യം ഹരിശ്രീ അശോകന് നേരെ ഉയരുന്നത്. മകൻ അർജുൻ അശോകന്‍റെ ചിത്രത്തിലെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നും മാധ്യമ പ്രവർത്തകർ ആരാഞ്ഞു (Bramayugam).

ഭ്രമയുഗം മാത്രമല്ല മലയാളത്തിൽ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടെന്നായിരുന്നു ഹരിശ്രീ അശോകന്‍റെ മറുപടി (Harisree Asokan) ഭ്രമയുഗത്തിൽ അർജുൻ അശോകന്‍ ഇത്രയും മനോഹരമായി അഭിനയിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് ഹരിശ്രീ അശോകൻ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്...

"ഭ്രമയുഗം അതിഗംഭീരമായ ചിത്രമാണ്. മമ്മൂക്കയെ പറ്റി എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ചിത്രത്തിലെ എല്ലാ അഭിനേതാക്കളുടെയും പ്രകടനം അവിസ്‌മരണീയമായിരുന്നു. അർജുന്‍റെ പ്രകടനം കണ്ട് സത്യത്തിൽ അമ്പരന്നു. ഇവൻ ഇത്രയും മനോഹരമായി അഭിനയിക്കുമോ എന്ന കൗതുകം ആയിരുന്നു ഉള്ളിൽ. ഇത്തരത്തിലുള്ള ഒരു മികച്ച പ്രകടനം ഞാൻ ഒരിക്കലും അവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്‍റെ എല്ലാ ടെക്‌നിക്കൽ വശങ്ങളും ലോക നിലവാരത്തിലുള്ളതും ആയിരുന്നു. അർജുൻ ചെയ്യാൻ പോകുന്ന ചിത്രങ്ങളെക്കുറിച്ച് തന്നോട് സംസാരിക്കാറൊന്നുമില്ല. ഈ ചിത്രത്തില്‍ അഭിനയിക്കാൻ പോകുമ്പോഴും ഒരു മമ്മൂട്ടി ചിത്രത്തിലെ ഭാഗം ആകുന്നു എന്നതിലുപരി മറ്റു ചർച്ചകൾ ഒന്നും ഉണ്ടായില്ല എന്നുള്ളതായിരുന്നു വാസ്‌തവം. പക്ഷേ ഞാൻ അവനെ വിളിക്കും. തിരക്കില്ലെങ്കിൽ അവൻ ഫോൺ എടുക്കും. ഇന്നത്തെ ചിത്രീകരണം എങ്ങനെയുണ്ടായിരുന്നു നന്നായി ചെയ്യുവാൻ സാധിച്ചോ എന്നിങ്ങനെ അന്വേഷണങ്ങൾ നടത്തും. ആ കുഴപ്പമില്ല എന്ന രീതിയിൽ ഒഴുക്കം മട്ടിൽ ആകും അർജുന്‍റെ മറുപടി. അത്തരത്തിൽ സംസാരിക്കുന്ന ഒരു വ്യക്തിയാണ് അവൻ. ചെയ്യുന്ന പ്രകടനം മികച്ചതായി തോന്നിയാലും, തന്നോട് പോലും അത് നന്നായി എന്ന് ഒരിക്കലും പറയാറില്ല. അതിപ്പോൾ ഏതു ചിത്രത്തിൽ ആയാലും. പരമാവധി കുഴപ്പമില്ല എന്ന പ്രയോഗം മാത്രം. ഏതെങ്കിലും സംവിധായകൻ വീട്ടിൽ വന്ന് കഥ പറഞ്ഞിട്ട് പോയാലോ അപ്പോഴും മറുപടി കുഴപ്പമില്ല എന്ന് തന്നെ. ചിത്രം കണ്ടപ്പോൾ അർജുൻ ഒരുപാട് കഠിനാധ്വാനം ചെയ്‌തു, അനായാസ അഭിനയത്തിന്‍റെ തലങ്ങൾ കീഴടക്കി എന്ന് തോന്നി. പ്രകടനം എക്‌സ്‌ട്രാ ഓർഡിനറി ആയിരുന്നു".

ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമയുഗം. ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയറ്ററിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി.

60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച അഭിപ്രായം നേടി. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു (Arjun Asokan).

സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം അർജുന്‍റെയും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി എത്തിയ സിദ്ധാർഥ് ഭരതന്‍റേയും പ്രകടനം കൈയടി നേടി. അമാൽഡ ലിസ്, മണികണ്‌ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തിയേറ്ററുകളിൽ വലിയ വിജയം നേടി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിത്രം മാർച്ച് 15 മുതൽ സോണി ലൈവ് ഒടിടിയിലൂടെ പ്രദർശനം ആരംഭിക്കും.

ABOUT THE AUTHOR

...view details