കേരളം

kerala

സുഹാനി ഭട്‌നാഗറിന്‍റെ വീട്ടിലെത്തി ആമിര്‍ ഖാന്‍; മാതാപിതാക്കളെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചു

By ETV Bharat Kerala Team

Published : Feb 23, 2024, 3:08 PM IST

ആമിർ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് സുഹാനി ഭട്‌നാഗറായിരുന്നു. ആമിർ ഖാന്‍റെ മകളായിട്ടാണ് താരം ചിത്രത്തിൽ എത്തിയത്.

Aamir Khan Dangal Star Suhani Bhatnagar അമീർ ഖാൻ സുഹാനി ഭട്‌നഗര്‍ ദംഗല്‍
Aamir Khan Meets Late Dangal Co-Star Suhani Bhatnagar's Parents, Offers Condolence

ബോളിവുഡ് ബാലതാരമായിരുന്ന സുഹാനി ഭട്‌നാഗറിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ആമിര്‍ ഖാന്‍. സുഹാനിയുടെ വീട്ടിലെത്തി മാതാപിതാക്കളെ നേരിട്ട് കണ്ടാണ് ആമിര്‍ ഖാന്‍ അനുശോചനം അറിയിച്ചത്. അദ്ദേഹം അവളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സുഹാനിയുടെ അമ്മാവൻ നവനീത് ഭട്‌നാഗറാണ് നടന്‍ ആമിര്‍ ഖാന്‍റെ സന്ദര്‍ശന വിവരം പങ്കുവച്ചത്.

ആമിർ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് സുഹാനി ഭട്‌നാഗറായിരുന്നു. ആമിർ ഖാന്‍റെ മകളായിട്ടാണ് താരം ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ സുഹാനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു (Aamir Khan Meets Late Dangal Co-Star Suhani Bhatnagar's Parents, Offers Condolence).

ഫെബ്രുവരി 17ന് ശനിയാഴ്‌ചയാണ് 19 കാരിയായ സുഹാനി മരണപ്പെട്ടത്. നടിയുടെ മരണത്തിനു പിന്നാലെ അപൂർവ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് ബാധിച്ചാണ് സുഹാനി മരണപ്പെട്ടതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണം.

നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിന്‍റെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. രണ്ടുമാസം മുൻപ് രോഗം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നതായും, 10 ദിവസം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും കുടുംബം വെളിപ്പെടുത്തി. എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രോഗവിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കവെ ആമിർ ഖാനെ സുഹാനിയുടെ രോഗവിവരം അറിയിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. "ആമിർ സാർ അവളെ എപ്പോഴും വിളിക്കുമായിരുന്നു. അവര്‍ തമ്മില്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. ഞങ്ങൾ ഒരിക്കലും അദ്ദേഹത്തോട് രോഗത്തെപ്പറ്റി സംസാരിച്ചിട്ടില്ല. കാരണം ഞങ്ങൾ വല്ലാതെ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തെ അയച്ചിരുന്നെങ്കിൽ അദ്ദേഹം ഓടിയെത്തുമായിരുന്നു," -സുഹാനിയുടെ അമ്മ പറഞ്ഞു.

സുഹാനിയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് ആമിർ ഖാന്‍ പ്രൊഡക്ഷൻ ഹൗസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. "ഞങ്ങളുടെ സുഹാനിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. അമ്മ പൂജ ജിക്കും മറ്റുകുടുംബാംഗങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. അത്രയും കഴിവുള്ള ഒരു പെൺകുട്ടിയാണ് സുഹാനി. അവള്‍ ഇല്ലായിരുന്നെങ്കിൽ ദംഗൽ പൂർണ്ണമാകില്ലായിരുന്നു. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലനിൽക്കും," -പ്രൊഡക്ഷൻ ഹൗസ് എക്‌സിൽ പങ്കുവച്ചു.

ദംഗലിന് ശേഷം സുഹാനി തന്‍റെ പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നില്ല. 2021 നവംബറിലാണ് സുഹാനി ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിട്ടുള്ളത്. ഏതാനും പരസ്യ ചിത്രങ്ങളിലും സുഹാനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details