കേരളം

kerala

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 16ന് - Net Exam Notifications

By ETV Bharat Kerala Team

Published : May 1, 2024, 2:28 PM IST

യുജിസി നെറ്റ് ജൂണ്‍ മാസത്തെ സെഷനിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എങ്ങനെ, ആർക്കൊക്കെ അപേക്ഷിക്കാം?

HOW TO APPLY FOR NET  NET EXAM DATE  UGC NET JUNE 2024  യുജിസി നെറ്റ് പരീക്ഷ
ugc-net

തിരുവനന്തപുരം :ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നീ തസ്‌തിക നിര്‍ണയത്തിനുള്ള യുണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷന്‍ (യുജിസി) നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയുടെ ജൂണ്‍ മാസത്തെ സെഷനിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 16 ന് നടക്കുന്ന പരീക്ഷയ്‌ക്ക് മെയ് 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷ ആകെ 86 വിഷയങ്ങളിലാകും നടക്കുക.

ഈ വര്‍ഷം നെറ്റ് പരീക്ഷ യോഗ്യത മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനും യോഗ്യത നൽകുന്നതാണ് ആദ്യ വിഭാഗം. പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനും യോഗ്യത നൽകുന്നതാണ് രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ കാറ്റഗറിയില്‍ പിഎച്ച്ഡി പ്രവേശനത്തിന് മാത്രമാകും യോഗ്യത. രണ്ടാമത്തെ വിഭാഗക്കാര്‍ക്ക് ജെആര്‍എഫും മൂന്നാമത്തെ വിഭാഗക്കാര്‍ക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനും യോഗ്യത ലഭിക്കില്ല.

പരീക്ഷ ഫല പ്രഖ്യാപനത്തിലും മാറ്റമുണ്ട്. ഈ വര്‍ഷം മുതല്‍ മാര്‍ക്ക് സഹിതമായിരിക്കും ഫലപ്രഖ്യാപനം. പിഎച്ച്ഡി പ്രവേശനത്തിന് ഉപയോഗിക്കാനുള്ള സൗകര്യാര്‍ഥമാണ് മാറ്റം. ഒരു വര്‍ഷത്തേക്കാണ് നെറ്റ് യോഗ്യതയ്‌ക്ക് സാധുതയുണ്ടാവുക.

യോഗ്യതയും പ്രായവും :01.06.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജെആര്‍എഫ് അപേക്ഷകര്‍ 30 വയസ് കഴിയാന്‍ പാടില്ല. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്. അസിസ്റ്റന്‍റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനം എന്നിവയ്‌ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധിയില്ല.

യുജിസി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നും ഭാഷ വിഷയങ്ങള്‍ ഉള്‍പ്പടെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ 55 മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സംവരണ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

നാല് വര്‍ഷ ബിരുദകാര്‍ക്കും അപേക്ഷിക്കാം :നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്കും നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനാകും. 75 ശതമാനം മാര്‍ക്കോ, തത്തുല്യ ഗ്രേഡോ യോഗ്യതയായി പരിഗണിക്കും. സംവരണ വിഭാഗകാര്‍ക്ക് 5 ശതമാനം മാര്‍ക്ക് ഇളവുണ്ട്. പിഎച്ച്ഡി അഡ്‌മിഷനും ജെആര്‍എഫിനും അര്‍ഹതയുണ്ടെങ്കിലും നാല് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിന് അര്‍ഹതയില്ല. ബിരുദത്തിന് പഠിച്ച വിഷയത്തിന് പുറമെ മറ്റ് വിഷയത്തിലും അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനാകും.

പരീക്ഷ എങ്ങനെ? :ഒഎംആര്‍ രീതിയിലുള്ള മള്‍ട്ടിപ്പില്‍ ചോയ്‌സ് മാതൃകയിലാകും ചോദ്യങ്ങള്‍. 300 മാര്‍ക്കിന് രണ്ട് പേപ്പറുകളിലായാകും പരീക്ഷ. 100 മാര്‍ക്കിന്‍റെ പേപ്പര്‍ 1ല്‍ ടീച്ചിങ് റിസര്‍ച്ച് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവയര്‍നെസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. തെരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ടുള്ള പേപ്പര്‍ 2ല്‍ 200 മാര്‍ക്കിന്‍റെ 100 ചോദ്യങ്ങളുണ്ടാകും.

എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരം നൽകണം. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. നെഗറ്റീവ് മാര്‍ക്കില്ല. ശരിയുത്തരത്തിന് രണ്ട് മാര്‍ക്ക് വീതം ലഭിക്കും. പരീക്ഷ സിലബസ് www.ugcnetonline.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.

അപേക്ഷകള്‍ എങ്ങനെ സമര്‍പ്പിക്കാം? :ugcnet.nta.ac.in, ugcnet.ntaonline.in എന്നീ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 10 ആണ്. മെയ് 13 മുതല്‍ 15 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരമുണ്ട്. മെയ് 12ന് രാത്രി 11.50 വരെ അപേക്ഷ ഫീസടയ്‌ക്കാം. പരീക്ഷ സെന്‍റര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക് 1150 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍/ഇഡബ്‌ള്യുഎസ്/ഒബിസി/എന്‍സിഎല്‍ എന്നീ വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്‌സി/എസ്‌ടി/പിഡബ്‌ള്യുഡി/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 325 രൂപയുമാണ് അപേക്ഷ ഫീസ്.

ABOUT THE AUTHOR

...view details