കേരളം

kerala

'ഇന്ത്യയുടെ ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ വേണ്ട': ലോകരാജ്യങ്ങളോട് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ - Jagdeep Dhankhar On UN Comment

By ETV Bharat Kerala Team

Published : Mar 30, 2024, 11:22 AM IST

കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതി - ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍.

RULE OF LAW  ARVIND KEJRIWAL ARREST  VICE PRESIDENT JAGDEEP DHANKHAR  INDIAN JUDICIAL SYSTEM
On Rule Of Law, Jagdeep Dhankhar Counters US, Germany, Says India Does Not Need Lessons

ന്യൂഡല്‍ഹി :ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്‌ചയെക്കുറിച്ച് ആരില്‍ നിന്നും രാജ്യത്തിന് പാഠങ്ങള്‍ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദമി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും വിമര്‍ശന പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം.

'ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിനോ വേണ്ടി വിട്ടുവീഴ്‌ച ചെയ്യാന്‍ രാജ്യത്തിന് കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല' -ജഗ്‌ദീപ് ധന്‍കര്‍ പറഞ്ഞു.

പൗരന്മാരുടെ അവകാശങ്ങളും, രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ പൗരന്മാര്‍ക്ക് കഴിയണം എന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്. ജര്‍മ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

കെജ്‌രിവാളിന്‍റെ അറസ്റ്റ് കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറകടറേറ്റ് (ഇഡി) മരവിപ്പിച്ചതിനെയും ജര്‍മനിയും യുഎസും ഐക്യരാഷ്ട്രസഭയും വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്‍റെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമത്തിന് അതീതരാണ് തങ്ങളെന്ന് കരുതുന്നവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയാണെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

'നിയമം അതിന്‍റെ കടമ നിര്‍വഹിക്കുമ്പോള്‍ അവരതിനെ തെരുവുകളിലേക്ക് കൊണ്ടുവരും, വാദപ്രതിവാദങ്ങള്‍ നടത്തും, മനുഷ്യാവകാശങ്ങളുടെ പേരില്‍ തങ്ങളുടെ ഏറ്റവും വികലമായ സ്വഭാവത്തിന്‍റെ കുറ്റബോധം മറയ്ക്കും, നമ്മുടെ കണ്‍മുന്നിലാണ് ഇതൊക്കെ നടക്കുന്നത്' -കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞായറാഴ്‌ച ഡല്‍ഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിലെ വിവിധ നേതാക്കള്‍ പങ്കെടുത്ത് നടത്തുന്ന റാലിയെ പരാമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും അവസരത്തിലേക്കോ തൊഴിലിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള കരാറിലേക്കോ ഉള്ള മാര്‍ഗമല്ല അഴിമതിയെന്നും, മറിച്ച് അത് ജയിലിലേക്കുള്ള വഴിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഉത്സവാവസരമോ വിളവെടുപ്പുകാലമോ ആണെന്ന കാര്യം കണക്കിലെടുത്ത് അഴിമതിയെ പാടേ അവഗണിക്കാനാകുമോയെന്നും കുറ്റം ചെയ്‌തവരെ സംരക്ഷിക്കാനാകുമോയെന്നും ധന്‍കര്‍ ചോദിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍റെ (ഐഐപിഎ) സ്ഥാപക ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഐഐപിഎന്‍റെ നവീകരിച്ച പരിസരം വൈസ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്‌തു. വേദിയില്‍ ഐഐപിഎയുടെ നിരവധി പ്രസിദ്ധീകരണങ്ങളും അദ്ദേഹം പ്രകാശനം ചെയ്‌തു. ഐഐപിഎ ഡിജി സുരേന്ദ്രനാഥ് ത്രിപാഠി, ഐഐപിഎ രജിസ്ട്രാർ അമിതാഭ് രഞ്ജൻ, മറ്റ് പ്രമുഖർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details