കേരളം

kerala

ഇലക്‌ടറൽ ബോണ്ട് കേസ്; എസ്ബിഐക്ക് തിരിച്ചടി, വിവരങ്ങള്‍ നാളെ നല്‍കണമെന്ന് സുപ്രീംകോടതി

By ETV Bharat Kerala Team

Published : Mar 11, 2024, 12:34 PM IST

രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐയിൽ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തവും, ആത്മാർത്ഥതയും പ്രതീക്ഷിക്കുന്നുവെന്ന് സുപ്രീംകോടതി.

SC to SBI  electoral bonds  ഇലക്‌ടറൽ ബോണ്ട്  സുപ്രീംകോടതി
What steps have you taken to disclose details of electoral bonds: SC to SBI

ന്യൂഡല്‍ഹി:ഇലക്‌ടറൽ ബോണ്ട് കേസില്‍ എസ്ബിഐക്ക് തിരിച്ചടി. ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ നാളെത്തന്നെ (12.03.24) നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചും. ജൂണ്‍ 30വരെ സാവകാശം നല്‍കാനാവില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്‌ച വിവരം പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവ്.

ഇലക്‌ടറൽ ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എസ്ബിഐയോട് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ, അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു (Supreme Court).

തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചാവിഷയമായ ഇലക്‌ടറൽ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് എസ്ബിഐക്ക് സുപ്രധാന ദിനമായിരുന്നു. ഭരണഘടന ബെഞ്ച് റദ്ദാക്കിയ ഇലക്‌ടറൽ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.

വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കുകയായിരുന്നു (Electoral Bonds). ഇലക്‌ടറൽ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചു.

എസ്ബിഐയിൽ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തം കോടതി പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയപാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി (Electoral Bonds).

ഇലക്‌ടറൽ ബോണ്ട് ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ മാർച്ച് ആറ് വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ഈ സമയം അവസാനിച്ച സാഹചര്യത്തിലാണ് ജൂൺ 30 വരെ സമയം കൂട്ടി ചോദിച്ച് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റുകളിൽനിന്ന് ഉൾപ്പെടെ സംഭാവന സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാരിന്‍റെ ഇലക്‌ടറൽ ബോണ്ട്പദ്ധതി ഫെബ്രുവരി 15ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത് (Supreme Court).

ഇലക്‌ടറൽ ബോണ്ടുകൾ ജനങ്ങളുടെ വിവരാവകാശത്തെയും തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെയും ലംഘിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വത്തെയും ലംഘിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ