കേരളം

kerala

ബെംഗളൂരു ജയിലിലെ തീവ്രവാദ ഗൂഢാലോചന കേസ്‌ : 7 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

By ETV Bharat Kerala Team

Published : Mar 5, 2024, 12:43 PM IST

തമിഴ്‌നാട്, കർണാടക അടക്കം ഏഴ്‌ സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്

Bengaluru Prison Radicalisation  NIA raid  തീവ്രവാദ ഗൂഡാലോചന കേസ്‌  എൻഐഎ റെയ്‌ഡ്‌  ബെംഗളൂരു ജയിൽ
NIA

ന്യൂഡൽഹി : മലയാളി ലഷ്‌കറെ ത്വയിബ ഭീകരനായ തടിയന്‍റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങള്‍ നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസി (NIA) പരിശോധന നടത്തുന്നു. തമിഴ്‌നാട്, കർണാടക തുടങ്ങി ഏഴ്‌ സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ എൻഐഎയുടെ റെയ്‌ഡ് പുരോഗമിക്കുന്നത്. തീവ്രവാദ ഗൂഢാലോചനയില്‍ പങ്കാളികളായ പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന.

പ്രസ്‌തുത കേസില്‍, തടവിലുള്ളവരും, ഒളിവിലുള്ള രണ്ട് പ്രതികളുമടക്കം എട്ട് പേർക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി ഈ വർഷം ജനുവരി 12ന് കുറ്റപത്രം സമർപ്പിച്ചിരുന്നത്. 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കണ്ണൂർ സ്വദേശി തടിയന്‍റവിട നസീറാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പേരുകളില്‍ പ്രധാനി. അതേസമയം മറ്റ് മുഖ്യ സൂത്രധാരൻമാരായ ജെഡി എന്ന ജുനൈദ് അഹമ്മദും സൽമാൻ ഖാനും വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുണ്ട്.

സുഹൈൽ എന്ന സയ്യിദ് സുഹൈൽ ഖാൻ, ഉമർ എന്ന മുഹമ്മദ് ഉമർ, സാഹിദ് എന്ന സാഹിദ് തബ്രീസ്, സയ്യിദ് മുദാസിർ പാഷ, സാദത്ത് എന്ന മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരാണ് മറ്റ്‌ പ്രതികൾ. ഇവർ പോക്‌സോ കേസിലെയും, കൊലപാതക കേസിലെയും പ്രതികളാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (Prevention) നിയമം, സ്‌ഫോടക വസ്‌തു നിയമം, ആയുധ നിയമം തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എട്ട് പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

എൻഐഎയുടെ കണ്ടെത്തലുകൾ :നേരത്തെ എൻഐഎ റെയ്‌ഡിൽ പ്രതികളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാൻഡ് ഗ്രനേഡുകളും വോക്കി ടോക്കികളും പിടിച്ചെടുത്തിരുന്നു. തുടർന്ന് 2023 ജൂലൈ 18 ന് ബെംഗളൂരു സിറ്റി പൊലീസ് ആദ്യം കേസ് രജിസ്‌റ്റർ ചെയ്‌തു. ശേഷം പ്രതികളിലൊരാളുടെ വീട്ടിൽ ഏഴുപേരും ഒരുമിച്ചിരിക്കെയാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തടിയന്‍റവിട നസീർ 2017ൽ ബെംഗളൂരു ജയിലിൽ കഴിയവെ മറ്റ് പ്രതികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി എൻഐഎ കണ്ടെത്തി. 2023 ഒക്‌ടോബറിലാണ് എൻഐഎ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്. തടവുകാരെ തീവ്രവാദികളാക്കി മാറ്റി അവരെ ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ നസീർ പ്രവർത്തിച്ചതായി എൻഐഎയുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആദ്യം ജുനൈദിനെയും സൽമാനെയും റിക്രൂട്ട് ചെയ്യാനും ശേഷം ജുനൈദുമായി ഗൂഢാലോചന നടത്തി മറ്റ് പ്രതികളെ റിക്രൂട്ട് ചെയ്യാനും അദ്ദേഹം ശ്രമിച്ചു. ജയിൽ മോചിതനായ ജുനൈദ് മറ്റ് ചില കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് കടന്നതായി കരുതപ്പെടുന്നു. എൻഐഎ അന്വേഷണമനുസരിച്ച് ജയിലിനകത്തും പുറത്തുമുള്ള ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജുനൈദ് തന്‍റെ കൂട്ടുപ്രതികൾക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭ്യമാക്കിയെന്നും എൻഐഎ ആരോപിക്കുന്നു.

ഫിദായീൻ ആക്രമണം നടത്താനും കോടതിയിലേക്കുള്ള വഴിയിൽവച്ച് കസ്‌റ്റഡിയിൽ നിന്നും നസീറിനെ രക്ഷപ്പെടുത്താനും ഗൂഢാലോചനയുടെ ഭാഗമായി മറ്റുള്ളവർക്ക് ആയുധങ്ങൾ എത്തിക്കാനും ജുനൈദ്‌ സൽമാനുമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആക്രമണം നടപ്പാക്കാന്‍ പൊലീസ് തൊപ്പികൾ മോഷ്‌ടിക്കാനും സർക്കാർ ബസുകൾക്ക് തീയിടാനും ജുനൈദ് കൂട്ടുപ്രതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടന അന്വേഷണം എൻഐഎയ്ക്ക് കൈമാറി രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ റെയ്‌ഡുകൾ എന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details