കേരളം

kerala

'ബജറ്റില്‍ റയില്‍വേയ്‌ക്ക് പിന്തുണ, സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത് സുരക്ഷിത യാത്രയ്‌ക്ക്': അശ്വിനി വൈഷ്‌ണവ്

By ETV Bharat Kerala Team

Published : Feb 1, 2024, 10:28 PM IST

റയില്‍വേയ്‌ക്ക് കൂടുതല്‍ പിന്തുണയുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ്. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്. പ്രധാനമന്ത്രി ഗതി ശക്തി യോജനയിലൂടെ റയില്‍വേ വികസന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍.

Railway Minister Ashwini Vaishnaw  ബജറ്റില്‍ റയില്‍വേ  അശ്വിനി വൈഷ്‌ണവ്  വന്ദേ ഭാരത്  Union Budget 2024
Railway Minister Ashwini Vaishnaw; Union Budget 2024

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ റയില്‍വേയ്‌ക്ക് കൂടുതല്‍ പിന്തുണയെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയില്‍വേ ട്രാക്കുകള്‍ കൂടുതല്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ 40,000 കോച്ചുകള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 40,000 കോച്ചുകളുടെ നവീകരണത്തിനായി 15,200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരുടെയും റയിലുകളുടെയും സുരക്ഷയ്‌ക്കായി പുതിയ നടപടികളെടുക്കും. 3300 സ്റ്റേഷനുകള്‍ വികസിപ്പിക്കും. യാത്ര ദുരിതം അനുഭവിക്കുന്ന ഇടങ്ങളില്‍ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുമതിക്കും. മാത്രമല്ല അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ അനുവദിച്ചിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് സൗകര്യം ഏര്‍പ്പെടുത്തും. റയില്‍വേ വികസനം ഉള്‍പ്പെടെയുള്ളവയ്‌ക്കായി 21,247.94 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റില്‍ റയില്‍വേയ്‌ക്ക് കോടികള്‍: കേന്ദ്ര സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റില്‍ റയില്‍വേക്ക് കൂടുതല്‍ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ് ഇത്തവണ റയില്‍വേക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് റെയില്‍ ഇടനാഴികള്‍ ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരാമര്‍ശിച്ചു.

പ്രധാനമന്ത്രി ഗതി ശക്തി യോജനയ്‌ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. മാത്രമല്ല ചരക്ക് ഗതാഗത പദ്ധതി വികസിപ്പിക്കും. സാധാരണ റയില്‍വേ കോച്ചുകള്‍ വന്ദേ ഭാരത് സ്റ്റാന്‍ഡേര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. 40,000 കോച്ചുകളാണ് ഇത്തരത്തില്‍ വന്ദേ ഭാരത് സ്റ്റാന്‍ഡേര്‍ഡിലേക്ക് മാറ്റുക.

മെട്രോ, നമോ ഭാരത് എന്നിവ വിപുലീകരിക്കും. കൂടാതെ പാസഞ്ചര്‍ ട്രെയിനുകളുടെ സുരക്ഷയും അതോടൊപ്പം വേഗത മെച്ചപ്പെടുത്തിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details