കേരളം

kerala

രാജ്യത്തെ പ്രതിപക്ഷ സഖ്യം ശക്തം; മമത ബാനർജി ഇപ്പോഴും സഖ്യത്തിൻ്റെ ഭാഗമാണ്; സച്ചിൻ പൈലറ്റ്

By ETV Bharat Kerala Team

Published : Feb 11, 2024, 4:23 PM IST

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

INDIA bloc  Sachin Pilot  സച്ചിൻ പൈലറ്റ്  ഇന്ത്യാ സഖ്യം
സച്ചിൻ പൈലറ്റ്

ഡൽഹി:രാജ്യത്തെ പ്രതിപക്ഷം സഖ്യം ശക്തമാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഇന്ത്യ മുന്നണിയിലെ ചില ഘടകകക്ഷികൾ എൻഡിഎയിലേക്ക് കൂടുമാറികൊണ്ടിരിക്കെയാണ് ഞായറാഴ്ച്ച പൈലറ്റിന്‍റെ പ്രതികരണം. ഇന്ത്യ മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിൽ ആശങ്കയുള്ളതിനാലാണ് എൻ ഡി എ പ്രതിപക്ഷ പാർട്ടികളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. അവരുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകളിലൂടെ മുന്നോട്ടുള്ള വഴി കൂടുതൽ ശതമാകുമെന്നു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബിജെപിയ്ക്ക് സ്വന്തം 370 സീറ്റുകളും എൻ.ഡി.എയ്ക്ക് 400 ൽ കൂടുതൽ സീറ്റും ഉണ്ടെന്നും പറയുന്നത് പ്രായോഗിക വിലയിരുത്തൽ എന്നതിനേക്കാൾ വീരവാദവും വാചാടോപവുമാണ്.

അതേസമയം നിലവിൽ ഛത്തിസ്‌ഗഡിൽ പുരോഗമിക്കുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ-ന്യായ് യാത്ര പാർട്ടിയുടെ തെരഞ്ഞെടുപ്പ് നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായങ്ങൾ സംസ്ഥാന എഐസിസി ജനറൽ സെക്രട്ടറി തള്ളിയിരുന്നു. കൂടാതെ സഖ്യ കക്ഷകളുമായി സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തങ്ങളുടെ സഖ്യകക്ഷികളുമായുള്ള അന്തിമ സീറ്റ് വിഭജന കരാർ പുരോഗമിക്കുകയാണ്. യാത്ര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് മറ്റു കാര്യങ്ങൾ എല്ലാം സംസ്ഥാനത്തെ എഐസിസി നേതൃത്വമാണ് കൈകാര്യം ചെയ്യുന്നത്. പാർട്ടിയുടെ എല്ലാ യോഗങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം വഹിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെയാണെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

ഒറ്റകെട്ടായി നിന്നുകൊണ്ട് തന്നെ പോരാടുമെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സഖ്യത്തിൽ നിന്ന് ചില പാർട്ടികൾ വിട്ടുപോയിട്ടുണ്ട് എന്നാൽ അത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ല. വൈകാതെ സീറ്റ് വിഭജനവും സഖ്യത്തിന്‍റെ ഭാവി റോഡ്‌മാപ്പും പ്രഖ്യാപിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരുടെ മുന്നണി മാറ്റത്തെയും കോൺഗ്രസിനെതിരെയുള്ള മമത ബാനർജിയുടെ കടന്നാക്രമണത്തെയും കുറിച്ച് ചോദിച്ചപ്പോൾ എൻ ഡി എ വിട്ട പാർട്ടികളുടെ എണ്ണം നോക്കൂ എന്നായിരുന്നു പൈലറ്റിന്‍റെ മറുപടി. അകാലി ദൾ, ശിവസേന, പിഡിപി, എഐഎഡിഎംകെ തുടങ്ങി എൻഡിഎയിൽ നിന്നും വന്നവരുടെ എണ്ണം ഇന്ന് നമ്മളെ വിട്ടുപോയവരെക്കാൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യം ശക്തമാണ്. മമത ബാനർജി സഖ്യത്തിൻ്റെ ഭാഗമാണ്. തൃണമൂല കോൺഗ്രസുമായി ചർച്ച നടത്തിവരികയാണ്. നിതീഷ് കുമാർ എൻഡിഎയിലേക്കുള്ള കൂടുമാറ്റത്തിൽ വിശ്വാസ്യതയുടെ ചോദ്യം നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോകുമ്പോൾ ബിഹാറിലെ ജനങ്ങളോട് അദ്ദേഹം മറുപടി പറയേണ്ടി വരും. ഇന്ത്യ സഖ്യവും എൻ ഡി എയും തമ്മിലുള്ള മത്സരം തങ്ങൾക്ക് അനുകൂലമായി മാറിയിരിക്കുകയാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.

ABOUT THE AUTHOR

...view details