കേരളം

kerala

കൊവിഷീൽഡ് പാർശ്വഫലങ്ങൾ; പഠനത്തിന് എയിംസ് പാനല്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി - Covishield Side Effects Plea In SC

By ETV Bharat Kerala Team

Published : May 1, 2024, 6:52 PM IST

കൊവിഷീൽഡ് വാക്‌സിൻ പഠിക്കാനും പാർശ്വഫലങ്ങളും അപകട ഘടകങ്ങളും പരിശോധിക്കാനും ഡൽഹി എയിംസിൽ നിന്നുള്ള മെഡിക്കൽ വിദഗ്‌ധരുടെ പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.

VACCINE DAMAGE PAYMENT SYSTEM  COVISHIELD VACCINE SIDE EFFECTS  COVID 19  കൊവിഷീൽഡ് പാർശ്വഫലങ്ങൾ
COVISHIELD SIDE EFFECTS PLEA IN SC

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങളും അതിന്‍റെ അപകട ഘടകങ്ങളും പരിശോധിക്കാന്‍ മെഡിക്കൽ വിദഗ്‌ധ സമിതി രൂപീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നിന്നുള്ള വിദഗ്‌ധരുടെ പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരന്‍.

കൊവിഷീൽഡ് വാക്‌സിൻ അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങളുണ്ടാക്കിയേക്കാമെന്ന്‌ അടുത്തിടെ നിര്‍മാതാക്കളായ ആസ്ട്രസെനെക്ക വെളിപ്പെടുത്തിയിട്ടുള്ളതായും, ഇന്ത്യയിൽ കൊവിഷീൽഡ് ലൈസൻസിന് കീഴിൽ നിർമ്മിച്ച AZD1222 വാക്‌സിൻ വളരെ അപൂർവ്വം കേസുകളിൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയാനും രക്തം കട്ടപിടിക്കാനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക പറയുന്നതായും വിശാൽ തിവാരിഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് 19 കാലത്ത് വാക്‌സിനേഷൻ ഡ്രൈവിന്‍റെ പാർശ്വഫലങ്ങളാൽ ഗുരുതരമായി അവശത അനുഭവിക്കുന്ന അല്ലെങ്കിൽ മരണമടഞ്ഞ ആളുകൾക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രത്തോട് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.

കൊവിഷീൽഡിന്‍റെ നിർമ്മാണത്തിനായി കൊറോണ വൈറസ് പാൻഡെമിക് സമയത്ത് പൂനെ ആസ്ഥാനമായുള്ള വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) അസ്ട്രസെനെക്കയുടെ വാക്‌സിൻ ഫോർമുല ലൈസൻസ് നൽകിയിരുന്നു. ഇന്ത്യയിൽ 175 കോടിയിലധികം ഡോസ് കൊവിഷീൽഡ് നൽകിയിട്ടുള്ളതായും ഹർജിയിൽ പറയുന്നു.

കൊവിഡ് 19 ന് ശേഷം ഹൃദയാഘാതം മൂലവും പെട്ടെന്നുള്ള രോഗങ്ങള്‍ മൂലവുമുള്ള മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും യുവാക്കളിൽ പോലും നിരവധി ഹൃദയാഘാത കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഭാവിയിൽ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യത്തിനും ജീവിതത്തിനും ഒരു അപകടവും ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ ഈ വിഷയം മുൻഗണനാക്രമത്തിൽ നോക്കേണ്ടതുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

Also Read:കൊവിഷീൽഡിന് പാർശ്വഫലങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വാക്‌സിന്‍ നിർമാതാക്കൾ

ABOUT THE AUTHOR

...view details