കേരളം

kerala

ഏറ്റവും വലിയ വ്യാജ ഗ്യാരണ്ടി; ഇലക്‌ടറല്‍ ബോണ്ടില്‍ മോദിക്കെതിരെ തുറന്നടിച്ച് ജയ്‌റാം രമേശ് - Cong Slams Modi On Electoral Bonds

By ETV Bharat Kerala Team

Published : May 2, 2024, 9:35 PM IST

പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ കള്ളങ്ങളുടെ ഭവിഷ്യത്ത് ജൂണ്‍ നാലിന് വ്യക്തമാകുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

CONGRESS SLAMS MODI  ELECTORAL BONDS MODI  വ്യാജ ഗ്യാരണ്ടി മോദി  ഇലക്‌ടറല്‍ ബോണ്ട്
Congress Slams PM Over Electoral Bonds remarking it as Greatest Jumla (Etv Bharat Network)

ന്യൂഡൽഹി: ബിജെപിയെ ‘ഭ്രഷ്‌ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. രാഷ്‌ട്രീയ ഫണ്ടിങ്ങിലെ എല്ലാ സുതാര്യതയും നിയന്ത്രണവും ഇല്ലാതാക്കാൻ ബോധപൂർവം തയാറാക്കിയ പദ്ധതിയാണ് ഇലക്‌ടറൽ ബോണ്ട് എന്നും അദ്ദേഹം വിമര്‍ശിച്ചു.തെരഞ്ഞെടുപ്പ് ബോണ്ടുകൾ രാഷ്‌ട്രീയ ഫണ്ടിങ്ങിന്‍റെ സുതാര്യത വർധിപ്പിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വ്യാജ ഗ്യാരണ്ടി തുറന്നുകാട്ടേണ്ട സമയമാണിതെന്നും ജയ്‌റാം രമേശ് പറഞ്ഞു.

'ഇലക്‌ടറൽ ബോണ്ട് പദ്ധതി വരുന്നതിന് മുമ്പ്, ഏതെങ്കിലും വ്യക്തിയോ കമ്പനിയോ 20,000 രൂപയിൽ കൂടുതലുള്ള സംഭാവന നല്‍കിയാല്‍ ദാതാവിന്‍റെ പേരും വിലാസവും സംഭാവന ചെയ്‌ത തുകയും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ച ശേഷം, ബോണ്ടുകൾ വഴി നൽകുന്ന സംഭാവനകൾ റിപ്പോർട്ടിൽ പരാമർശിക്കേണ്ടതില്ലാത്ത സാഹചര്യം വന്നു.'- ജയ്‌റാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും ആർബിഐയും ഈ നീക്കത്തിനെതിരെ ശബ്‌ദമുയർത്തിയിരുന്നു. 2017 മേയില്‍ ഇലക്ഷൻ കമ്മീഷൻ നിയമ മന്ത്രാലയത്തിന് അയച്ച കത്തിൽ അത് വ്യക്തമാക്കിയിരുന്നു. സംഭാവനകളുടെ സുതാര്യതയെ സംബന്ധിച്ച് ഇത് ഒരു പിന്തിരിപ്പൻ നടപടിയാണെന്നും ഈ വ്യവസ്ഥ പിൻവലിക്കേണ്ടതുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇലക്‌ടറല്‍ ബോണ്ടിന് സുതാര്യത ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞേക്കില്ലെന്ന് 2017 ജനുവരിയില്‍ ആര്‍ബിഐയും കത്ത് നല്‍കിയിരുന്നതായി രമേശ് പറഞ്ഞു. ഇസിയും ആർബിഐയും ഭയപ്പെട്ട പോലെ തന്നെയാണ് സംഭവിച്ചതെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ബിജെപിക്ക് സംഭാവന നൽകിയ കമ്പനികൾക്ക് ഇതേ കാലയളവിൽ 4 ലക്ഷം കോടിയിലധികം രൂപയുടെ സർക്കാർ കരാറുകളും ക്ലിയറൻസുകളും ലഭിച്ചതായും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. ഇലക്‌ടറൽ ബോണ്ടിലെ ഈ അതാര്യത ഇല്ലാതെ ഇത്ര വലിയ അഴിമതി അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ടറൽ ബോണ്ടുകൾ അവതരിപ്പിക്കുന്നതിന് മുമ്പ്, രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിൽ നിന്ന് വിദേശ കമ്പനികളെ നിരോധിച്ചിരുന്നു. ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ചതിന് ശേഷം, ഇന്ത്യയില്‍ അനുബന്ധ സ്ഥാപനങ്ങളുള്ള വിദേശ കമ്പനികൾക്ക് രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ അനുവദിക്കുന്ന തരത്തില്‍ 2010-ലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ടില്‍ (എഫ്‌സിആർഎ) ഭേദഗതി വരുത്തി. ഇത് വിദേശ കമ്പനികള്‍ക്ക് രഹസ്യമായി രാഷ്‌ട്രീയ സംഭാവനകൾ നൽകാൻ അവസരമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇലക്‌ടറൽ ബോണ്ടുകൾ വഴി വിദേശ കമ്പനിള്‍ക്ക് വരെ ബിജെപിയില്‍ സംഭാവന ചെയ്യാമെന്ന സ്ഥിതി ആക്കിയ പ്രധാനമന്ത്രി, കൊവിഡ് 19 കാലത്ത് പിഎം കെയേഴ്‌സ് ഫണ്ട് പദ്ധതിയിലൂടെ സമാന തട്ടിപ്പാണ് നടത്തിയതെന്നും ജയ്‌റാം രമേശ് ആരോപിച്ചു. 'വിശ്വഗുരു'വിനെ പോലെ രാജ്യത്തിന്‍റെ പരമാധികാരത്തില്‍ വിട്ടുവീഴ്‌ച ചെയ്‌ത മറ്റാരുമുണ്ടായിട്ടില്ല എന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. 'മിസ്‌റ്റർ മോദി, നിങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് വീണ്ടും വീണ്ടും കള്ളം പറഞ്ഞു, നിങ്ങളുടെ നുണകൾ ഇപ്പോൾ വെളിച്ചത്തായി. അതിന്‍റെ അനന്തരഫലങ്ങൾ നിങ്ങൾ നേരിടുമെന്ന് ജൂൺ 4-ന് ഈ രാജ്യത്തെ ജനങ്ങൾ ഉറപ്പാക്കും'- ജയ്‌റാം രമേശ് പറഞ്ഞു.

Also Read :'400 സീറ്റെന്നത് തമാശ, 300 അസാധ്യം, 200 സീറ്റ് പോലും ബിജെപിക്ക് വെല്ലുവിളി': ശശി തരൂർ

ABOUT THE AUTHOR

...view details