കേരളം

kerala

കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിലേക്ക്; മറ്റന്നാള്‍ ബിജെപിയില്‍ ചേരും

By ETV Bharat Kerala Team

Published : Mar 5, 2024, 3:51 PM IST

രാഷ്‌ട്രീയ പ്രവേശനത്തിന്‍റെ സാധ്യതകള്‍ തുറന്നിട്ടായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ രാജി.

Justice Abhijit Gangopadhyay  ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ  കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി  Judge Of Calcutta High Court  Abhijit Gangopadhyay Resigns
Justice Abhijit Gangopadhyay Resigns As Judge Of Calcutta High Court

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി സ്ഥാനത്ത് നിന്നും രാജിവെച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുർമുവിനും, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിനും അദ്ദേഹം തൻ്റെ രാജിക്കത്ത് സമര്‍പ്പിച്ചു. മറ്റന്നാള്‍ ബിജെപിയില്‍ ചേരും.

രാവിലെ ഹൈക്കോടതിയിലെ ചേംബറിൽ എത്തിയാണ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിക്കത്ത് സമര്‍പ്പിച്ചത്. മാർച്ച് അഞ്ചിന് താന്‍ രാജിവെക്കുമെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ഞായറാഴ്‌ച (03-03-2024) പ്രഖ്യാപിച്ചിരുന്നു (Justice Abhijit Gangopadhyay Resigns As Judge Of Calcutta High Court).

'ഞാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണാന്‍ പോകുകയാണ്. ഇവിടെ ഒരു വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു, പക്ഷേ നിരോധന ഉത്തരവുകള്‍ നിലവിലുള്ളതിനാല്‍ ഞാന്‍ തീരുമാനം മാറ്റി. ഇതിനോടകം തന്നെ എന്‍റെ രാജിക്കത്ത് ഞാന്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

ജഡ്‌ജിയെന്ന നിലയിൽ തന്‍റെ ജോലി പൂർത്തിയാക്കിയെന്നും കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗ്ഗം രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ശരിയായ സമയമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അഭിജിത് ഗംഗോപാധ്യായ രാഷ്ട്രീയത്തില്‍ ഇറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജഡ്‌ജി സ്ഥാനത്ത് നിന്നുമുള്ള അദ്ദേഹത്തിന്‍റെ രാജി.

ബിജെപി ടിക്കറ്റില്‍ ബംഗാളിലെ താംലുക്ക് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് അഭിജിത് ഗംഗോപാധ്യായ ജനവിധി തേടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ഒരു ബംഗാളി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവെച്ച് താന്‍ രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് അഭിജിത് ഗംഗോപാധ്യായ സൂചന നല്‍കുകയും ചെയ്‌തിരുന്നു (Justice Abhijit Gangopadhyay Resigns As Judge Of Calcutta High Court).

നിയമന കുംഭകോണമടക്കം പല അഴിമതിവിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്‌ജിയായിരുന്നു ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. വിരമിക്കാന്‍ അഞ്ചുമാസം ബാക്കിയിരിക്കെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ രാജി പ്രഖ്യാപനം.

2018 ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ചേർന്ന അഭിജിത് ഗംഗോപാധ്യായ 2024 ഓഗസ്റ്റില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജിയായി വിരമിക്കേണ്ടതായിരുന്നു. എന്നാല്‍, ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹം നേരത്തെ തന്നെ രാജിക്കത്ത് നല്‍കുകയായിരുന്നു. സേവന കാലയളവില്‍ത്തന്നെ ഒരു ജഡ്‌ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂര്‍വമാണ്.

ABOUT THE AUTHOR

...view details