കേരളം

kerala

വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല; ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

By ETV Bharat Kerala Team

Published : Mar 6, 2024, 1:46 PM IST

കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്.

ഭർത്താവിനെ ഭാര്യ കുത്തി  ബെംഗളൂരു  Wife stabbed husband  Bengaluru  wedding anniversary
Wife stabbed husband for not giving gift for wedding anniversary

ബെംഗളൂരു :വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതില്‍ രോഷാകുലയായി ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ ഐടി മേഖലയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കിരണിനാണ് (37) ഭാര്യ സന്ധ്യയുടെ (35) ആക്രമണത്തിൽ പരിക്കേറ്റത്.

ഫെബ്രുവരി 27ന് പുലർച്ചെയായിരുന്നു യുവാവിന് നേരെ ഭാര്യയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവാണ് പൊലീസില്‍ ഭാര്യക്കെതിരെ പരാതി നല്‍കിയത്.

വിവാഹ വാർഷികമായിട്ടും സമ്മാനം ലഭിക്കാത്തതിൽ കടുത്ത നിരാശയിലായിരുന്നു സന്ധ്യയെന്ന് പൊലീസ് പറയുന്നു. ഉറക്കം നഷ്‌ടപ്പെട്ട യുവതിക്ക് ഭർത്താവ് ശാന്തമായി കിടന്നുറങ്ങുന്നത് സഹിച്ചില്ല. തുടർന്നാണ് അടുക്കളയിൽ ഉപയോ​ഗിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചത്. വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവ് കിരണിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസിനോട് സമ്മതിച്ചിരുന്നു.

അടുത്തിടെയാണ് കിരണിന്‍റെ മുത്തച്ഛൻ മരിച്ചത്. ഇതിനാലാണ് കിരൺ വിവാഹ വാർഷികത്തിന് സമ്മാനം നൽകാതിരുന്നതെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം (Wife stabbed husband for not giving gift for wedding anniversary).

''എല്ലാ വർഷവും വിവാഹ വാർഷിക ദിനത്തിൽ ഞാൻ ഭാര്യക്ക് എന്തെങ്കിലും സമ്മാനം കൊടുക്കുമായിരുന്നു. എന്നാൽ ഈ വർഷം എൻ്റെ മുത്തച്ഛൻ മരിച്ചതിനാൽ എനിക്ക് തലേദിവസം ഒരു സമ്മാനം വാങ്ങാൻ കഴിഞ്ഞില്ല. ഇതിന് ദേഷ്യം വന്ന ഭാര്യ രാത്രി 1.30 ഓടെ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നു,'' ഭർത്താവ് കിരണ്‍ പൊലീസിന് മൊഴി നൽകി.

കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് മാർച്ച് ഒന്നിന് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.

ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ബെല്ലന്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഭാര്യയ്‌ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എന്നാൽ കിരണിന്‍റെ അഭ്യർഥനയെ തുടർന്ന് ഭാര്യയെ കൗൺസിലിങ്ങിന് വിധേയയാക്കാൻ പൊലീസ് സാവകാശം നൽകി.

ഭാര്യ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിൽ അസ്വസ്ഥയാണെന്നും, അവളെ കൗൺസിലിങ്ങിന് വിധേയയാക്കണമെന്നും ഭർത്താവ് തങ്ങളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, ഇതൊരു കുടുംബ പ്രശ്‌നമായതിനാൽ ഇരുവരും തമ്മിൽ സംസാരിക്കാനുള്ള സമയം നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ABOUT THE AUTHOR

...view details