കേരളം

kerala

ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് പരിക്കേറ്റ ജവാന്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പിനിടെ മണിപ്പൂരിലും പശ്ചിമ ബംഗാളിലും അക്രമം - 2024 Loksabha election violence

By ETV Bharat Kerala Team

Published : Apr 19, 2024, 5:31 PM IST

LOKSABHA ELECTION 2024 - FIRST PHASE - മണിപ്പൂരില്‍ ബൂത്തുകളിലേക്ക് അതിക്രമിച്ച് കയറി വോട്ടിങ് സാമഗ്രികള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

VIOLENCE 2024 LOKSABHA ELECTION  CRPF JAWAN MARTYRED POLLING DUTY  ജവാന്‍ കൊല്ലപ്പെട്ടു  തെരഞ്ഞെടുപ്പ് അക്രമം
CRPF Jawan martyred in grenade blast, Violence in various states amidst 2024 Loksabha election

ന്യൂഡല്‍ഹി:ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറിന്‍റെ (യുബിജിഎല്‍) ഷെല്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ സിആർപിഎഫ് ജവാൻ മരണത്തിന് കീഴടങ്ങി. സിആർപിഎഫിന്‍റെ 196-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഷെല്‍ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉസൂർ പൊലീസ് സ്‌റ്റേഷൻ പരിധിക്ക് കീഴിലുള്ള ഗൽഗാം ഗ്രാമത്തിന് സമീപം ഒരു പോളിങ് ബൂത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ ആയിരുന്നു സംഭവം. നക്‌സൽ ബാധിത പ്രദേശമായ ബസ്‌തർ ലോക്‌സഭ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല ഉൾപ്പെടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കുന്ന മണിപ്പൂരിലെ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇന്നർ മണിപ്പൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് അക്രമമുണ്ടായത്. തംനാപോക്‌പിയിലെ പോളിങ് ബൂത്തിന് സമീപം ആയുധധാരികൾ വെടിയുതിർത്ത് വോട്ടർമാരെ ഭയപ്പെടുത്തി.

ഉറിപോക്കിലും ഇറോയിഷെംബയിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഏജന്‍റുമാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറോയിഷെംബയിലെ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് അതിക്രമിച്ച് കയറുകയും തെരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്.

കിയാംഗെയിലും ഖോങ്മാൻ സോൺ 4 ലും സമാനമായ സംഭവങ്ങൾ ഉണ്ടായി. ഇവിടെയും തർക്കങ്ങളെ തുടര്‍ന്ന് ഇവിഎമ്മുകൾക്ക് നാശമുണ്ടായിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധ ധാരികള്‍ തോക്ക് ചൂണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തങ്ങളുടെ വോട്ടുകൾ മറ്റുള്ളവർ രേഖപ്പെടുത്തിയതായും ആളുകൾ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പശ്ചിമ ബംഗാളിൽ കൂച്ച് ബിഹാർ, അലിപുർദുവാർ, ജൽപായ്‌ഗുരി എന്നീ മൂന്ന് മണ്ഡലങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചന്ദമാരിയിൽ കല്ലേറിനെ തുടര്‍ന്ന് ബിജെപി ബൂത്ത് പ്രസിഡന്‍റിന് പരിക്കേറ്റു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) അനുഭാവികളാണ് കല്ലെറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു.

സിതാൽകുച്ചി, ചോട്ടോസൽബാരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകർ ടിഎംസി പ്രവർത്തകരെ ആക്രമിച്ചു എന്നും ആരോപണമുയര്‍ന്നു. ദിൻഹത-II വിലെ ബിജെപി ബൂത്ത് പ്രസിഡന്‍റിന്‍റെ വസതിയിൽ നിന്ന് ബോംബുകൾ കണ്ടെടുത്തതായും സീതായിലെ ടിഎംസി പോളിങ് ക്യാമ്പ് ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്ന് അക്രമ സംഭവങ്ങളുടെ പരാതികൾ രാവിലെ മുതൽ പ്രവഹിക്കുകയാണെന്നും എല്ലാ പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ഗവർണർ സി വി ആനന്ദ ബോസ്‌ മാധ്യമങ്ങളോട് പറഞ്ഞു.

Also Read :രാജസ്ഥാൻ ലോക്‌സഭ തെരഞ്ഞെടുപ്പ് : മൂന്ന് മണിവരെ പോളിങ് 41.51%, കള്ളവോട്ടിനെ ചൊല്ലി ചുരുവിൽ സംഘർഷം - Rajasthan Lok Sabha Election Update

ABOUT THE AUTHOR

...view details