കേരളം

kerala

ഇഴഞ്ഞുനീങ്ങി കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതി ; തുടർക്കഥയായി അപകടങ്ങൾ

By

Published : Aug 1, 2023, 11:31 AM IST

വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതി

ഇടുക്കി :കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ മൂന്നിടത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു അണ്ടർപാസുകൾ നിര്‍മ്മിക്കാനുള്ള പദ്ധതി മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ദേശീയപാത വിഭാഗത്തിന് കത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതിയാണിത്. കാട്ടാനക്കൂട്ടങ്ങളും വന്യമൃഗങ്ങളും ദേശീയപാതയിൽ ഇറങ്ങുന്നത് തടയാനാണ് അണ്ടർപാസുകൾ നിർമ്മിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ബോഡിമെട്ടിനടുത്ത് തോണ്ടിമല, മൂലത്തുറ, ആനയിറങ്കൽ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളാണ് ഇതിന് കണ്ടെത്തിയത്. റോഡിനായി വനംവകുപ്പ് വിട്ടു നൽകിയ സ്ഥലത്തിനും മുറിച്ചു മാറ്റിയ മരങ്ങൾക്കുമായി ദേശീയപാത വിഭാഗം അടച്ച തുകയാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. ആറു കോടി തൊണ്ണൂറു ലക്ഷം രൂപയാണ് ഇതിനായി ദേശീയപാത വിഭാഗം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്‍റ് ആന്‍റ് പ്ലാനിങ് അതോറിട്ടി അഥവ ക്യാംപ എന്ന ഉപദേശക സമിതിയിൽ അടച്ചത്. ഒരു വർഷം മുമ്പ് ദേശീയപാത വിഭാഗത്തിന്‍റെ സഹായത്തോടെ അണ്ടർ പാസുകളുടെയും ഓവർ ബ്രിഡ്‌ജുകളുടെയും രൂപ രേഖയും എസ്റ്റിമേറ്റും തയ്യാറാക്കി വനംവകുപ്പ് ക്യാംപക്ക് സമ‍ർപ്പിച്ചിരുന്നു. ദേവികുളം ഗ്യാപിന് സമീപം വരയാടുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ 4 മീറ്റര്‍ വീതിയില്‍ മേല്‍പാലവും ഇതിലുൾപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതി നീണ്ടു പോകുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായിട്ടും അണ്ടർപാസുകളുടെ പണി ആരംഭിച്ചില്ല. പദ്ധതി നടപ്പാക്കാത്തതിനാൽ ദേശീയപാതയിൽ പല ഭാഗത്തും‍ കാട്ടാന റോഡിലിറങ്ങുന്നത് പതിവ് കാഴ്‌ചയായി. ഒരു മാസം മുൻപ് ദേശീയ പാതയില്‍ ചൂണ്ടലിന് സമീപം ചക്കക്കൊമ്പന്‍റെ ദേഹത്ത് കാർ ഇടിക്കുകയും യാത്രക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details