കേരളം

kerala

ഇടുക്കി ഏലം കുത്തകപ്പാട്ട ഭൂമി; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി, ആശങ്കയില്‍ കര്‍ഷകര്‍

By

Published : Jun 23, 2023, 7:57 AM IST

ആശങ്കയില്‍ കര്‍ഷകര്‍

ഇടുക്കി :ഏലം കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ ആശങ്കയിലായി കര്‍ഷകര്‍. ജില്ലയിലെ ആയിര കണക്കിന് ആളുകള്‍ കൈവശമുള്ള ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയിലെ ഏലം കുത്തകപ്പാട്ട ഭൂമി വനം ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജിയില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കേടതി നിര്‍ദേശിച്ചത്. 

മാത്രമല്ല പതിറ്റാണ്ടുകളായി ഏലം കൃഷി ചെയ്യുന്ന മേഖലകള്‍ വന ഭൂമിയാക്കി മാറ്റുമോയെന്ന ആശങ്കയിലുമാണ് കര്‍ഷക കുടുംബങ്ങള്‍. പാട്ടത്തിനെടുത്ത ഭൂമിയില്‍ ആയിര കണക്കിന് കുടുംബങ്ങളാണ് ഏലം കൃഷി ചെയ്യുന്നത്. 

ആശങ്കയ്‌ക്ക് ഇടയാക്കിയ ഹര്‍ജി:ജില്ലയിലെ ഏലം തോട്ടങ്ങളെ സംബന്ധിച്ച് 2002ലാണ് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് കോടതിയെ സമീപിച്ചത്. 2,15,720 ഏക്കര്‍ ഭൂമി വന നിയമത്തിന്‍റെ പരിധിയില്‍ വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2005ലെ സമിതി റിപ്പോര്‍ട്ടില്‍ 334 ചതുരശ്ര മൈല്‍ വരുന്ന ഏലമലക്കാടുകള്‍ വനമാണെന്നും കൈയേറ്റവും അനധികൃത നിര്‍മാണവും നിയമ വിരുദ്ധമായ പട്ടയ വിതരണം നടന്നിട്ടുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. 

ഇതിനെതിരെ 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രദേശത്തെ പട്ടണങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനലായങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സത്യവാങ് മൂലം നല്‍കിയത്. കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് അമിക്കസ്‌ ക്യൂറിയുടെ ആവശ്യപ്രകാരം നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 

വന സംരക്ഷണ നിയമം നിലവിൽ വന്ന 1980 ന് ശേഷം സിഎച്ച്ആർ മേഖലയിൽ എത്ര പേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്നും പാട്ടത്തിന് നൽകിയ ഭൂമി എത്രയെന്നും, കൈവശം വച്ചിരിക്കുന്ന ആളുകളുടെ വിവരം, കൈമാറ്റം, പാട്ടം പുതുക്കല്‍, തരം മാറ്റല്‍ വില്‍പ്പന തുടങ്ങിയ കാര്യങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. 1897 ലെ രാജവിളംബരം അനുസരിച്ച് 15,720 ഏക്കർ സ്ഥലമാണ് ഏലം കൃഷി ചെയ്യുന്നതിനായി മാറ്റിയത്.

നിലവില്‍ കാര്‍ഡമം ഹില്‍ റിസര്‍വിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമാണ്. കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകാൻ റവന്യൂ, വനം വകുപ്പുകൾക്ക് പകരം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യവും ഉയരുന്നുണ്ട്.

Also Read:ആയിരത്തില്‍ നിന്ന് കുത്തനെ താഴേക്ക്; ഏലം വിലയിടിവില്‍ ആശങ്കയില്‍ കര്‍ഷകര്‍

ABOUT THE AUTHOR

...view details