കേരളം

kerala

പ്രഖ്യാപിച്ചത് 18,000 കോടി, അനുവദിച്ചത് 20 കോടി ; ഇടുക്കി പാക്കേജ് വെള്ളത്തിലെ വരയെന്ന് വിവരാവകാശ രേഖ

By ETV Bharat Kerala Team

Published : Nov 5, 2023, 3:16 PM IST

Idukki package

ഇടുക്കി : ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ്, ജല രേഖയായതായി വിവരാവകാശ രേഖകള്‍. പതിനെണ്ണായിരം കോടി രൂപ പ്രഖ്യാപിച്ച പാക്കേജില്‍ ആകെ അനുവദിച്ചത് 20 കോടി മാത്രമാണ് (Idukki Package Updates). പാക്കേജില്‍ ഉള്‍പ്പെടുത്തി വന്‍ പദ്ധതികള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല എന്നാണ്, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. 2019ല്‍ പുനര്‍ജനി പദ്ധതി പ്രകാരം 5000 കോടിയും, 2020ല്‍ ഇടുക്കി പാക്കേജിനായി ആയിരം കോടിയും, 2021ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി മുഖ്യമന്ത്രി കട്ടപ്പനയില്‍ എത്തി പ്രഖ്യാപിച്ച 10000 കോടിയും ഉള്‍പ്പടെ ആകെ 18000 കോടി രൂപയാണ് ഇടുക്കി പാക്കേജില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ വര്‍ഷങ്ങളിലായി ആകെ അനുവദിച്ചത് 150 കോടി രൂപ മാത്രം. ഇതില്‍ കഴിഞ്ഞയിടെ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിനായി അനുവദിച്ച 10 കോടിയും ആറ് പദ്ധതികള്‍ക്കായി അനുവദിച്ച 10 കോടി 70 ലക്ഷം രൂപയും ഉള്‍പ്പടെ ആകെ 20.7 കോടി രൂപയുടെ പദ്ധതികള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ തുകയും ചെലവഴിച്ചിട്ടില്ല. ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസനം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയെന്ന് വാദങ്ങളുണ്ടായിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം നടത്തിയതായും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഇടുക്കിയിലെ ജനങ്ങളെ എല്‍ഡിഎഫ് വഞ്ചിയ്ക്കുകയായിരുന്നുവെന്നും ഇപ്പോഴും തെറ്റിധാരണ പരത്തി പ്രചാരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ABOUT THE AUTHOR

...view details