കേരളം

kerala

'ഇരയ്‌ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം' ; ശിക്ഷിക്കപ്പെട്ടവര്‍ തന്നെപ്പോലെ ഇരയാക്കപ്പെട്ടവരെന്ന് ടി.ജെ ജോസഫ്

By

Published : Jul 12, 2023, 10:04 PM IST

കേസിന്‍റെ പരിസമാപ്‌തി എന്താണെന്ന് അറിയാനുള്ള കൗതുകം മാത്രമാണ് ഉള്ളത്; ഇരയ്‌ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസമെന്ന് ടി ജെ ജോസഫ്

എറണാകുളം :ഒരു സാധാരണ പൗരനെന്ന നിലയിൽ കൈവെട്ട് കേസിന്‍റെ പരിസമാപ്‌തി എന്താണെന്ന് അറിയാനുള്ള ഇന്ത്യൻ പൗരന്‍റെ കൗതുകം മാത്രമാണ് തനിക്ക് ഉള്ളതെന്ന് ടി ജെ ജോസഫ്. തന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ എൻഐഎ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2015ൽ ഈ കേസിന്‍റെ ആദ്യഘട്ട വിധി വന്നപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പങ്കുവയ്ക്കാനുള്ളത്. 

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിന്‍റെ നീതി നടപ്പിലാകുന്നു എന്നാണ് മനസിലാക്കുന്നത്. പ്രതികളെ ശിക്ഷിക്കുകയോ, ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ തനിക്ക് വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ ഇല്ല എന്നതാണ് വാസ്‌തവം. 

ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ എന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്‍റെ പേരിലാണ് അവർ എന്നെ ഉപദ്രവിച്ചത് എന്നാണ് മനസിലാക്കുന്നത്. അങ്ങനെ ഗോത്രവർഗക്കാരുടെ ഇടയിൽ പണ്ട് നിലനിന്നിരുന്ന ഒരു പ്രാകൃത നിയമത്തിന് ഇരയായ എന്നെപ്പോലെ അവരും അതേ വിശ്വാസങ്ങൾക്ക് ഇരയായത് കൊണ്ടാണ് തന്നെ ആക്രമിച്ചത്.

എല്ലാ മനുഷ്യരും ശാസ്ത്രബോധം ഉൾക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് ആധുനിക പൗരന്മാരായിട്ട് മാറേണ്ട കാലം അതിക്രമിച്ചു. തനിക്കേറ്റ മുറിവുകളും തന്നെ ഉപദ്രവിച്ചവർ അനുഭവിക്കുന്ന കഷ്‌ട്ടപ്പാടുകളും പ്രാകൃത വിശ്വാസങ്ങളുടെ അടിമത്തത്തിൽ നിന്ന് മോചിതരായി മനുഷ്യരെല്ലാവരും സാഹോദര്യത്തോടെ കഴിയുന്ന ഒരു പുതിയ തലമുറയുടെ പിറവിക്ക് കാരണമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രതിയെ ശിക്ഷിക്കുന്നത് കൊണ്ട് ഇരയ്ക്ക് നീതികിട്ടുമെന്നത് അബദ്ധ വിശ്വാസമാണ്. 

പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഒരു ഇരയ്ക്കും എന്തങ്കിലും ലാഭം ഉണ്ടാകുമെന്ന മിഥ്യാധാരണയൊന്നും തനിക്കില്ല. മുഖ്യപ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംവിധാനത്തിന്‍റെ കുറവാണ്. മുഖ്യപ്രതിയെ പിടിക്കാൻ കഴിയാത്തത് പരാജയമാണ്. 

ശരിക്കുമുള്ള പ്രതികള്‍ കേസിന് പുറത്ത് : പ്രതികൾ തന്നെ നേരിട്ട് അറിയുന്നവരോ, വൈരാഗ്യമുള്ളവരോ അല്ല. തന്നെ ഉപദ്രവിച്ചവർ വെറും ആയുധങ്ങൾ മാത്രമാണ്. ശരിക്കുമുള്ള പ്രതികൾ കേസിന് പുറത്താണ്. 

തന്നെ ആക്രമിക്കാൻ തീരുമാനമെടുത്തവരാണ് ശരിയായ പ്രതികൾ. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതാണ് രാജ്യത്തെ ഏറ്റവും വലിയ ദുര്യോഗം. ആയുധങ്ങളാകുന്നവർ മാത്രമാണ് വിചാരണ ചെയ്യപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നത്. 

യഥാർഥ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്താണ്. തന്‍റെ ജീവിതം തകർന്നിട്ടില്ല. താൻ ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട്. തനിക്ക് ഭയപ്പാടില്ലെന്നും പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ടി ജെ ജോസഫ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details