കേരളം

kerala

Peruvayal Panachayat On Waste Plant Fire വെള്ളിപറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത; ആരോപണവുമായി പെരുവയല്‍ പഞ്ചായത്ത്

By ETV Bharat Kerala Team

Published : Oct 13, 2023, 1:21 PM IST

Panchayat About Waste Plant Fire Kozhikode

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ് എംസിഎഫ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് (Peruvayal Panachayat On Waste Plant Fire ). ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ യാതൊരു വിധത്തിലും തീപിടിക്കാൻ പറ്റുന്ന സാഹചര്യം ഇല്ലാതിരുന്നിട്ടും പൂർണമായി തീപിടിച്ച് നശിച്ചതിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടോഞ്ചേരി പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് എംസിഎഫ് കത്തി നശിച്ചതിലൂടെ ഉണ്ടായത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എംസിഎഫിന്‍റെ ഉദ്ഘാടന സമയത്ത് പോലും ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരിസരവാസികൾക്ക് യാതൊരുവിധ പ്രയാസങ്ങളും സൃഷ്‌ടിക്കാതെയാണ് എംസിഎഫ് പ്രവർത്തിച്ചിരുന്നത്. വൈദ്യുതി പോലും ലഭിച്ചിട്ടില്ലാത്ത എംസിഎഫിൽ കഴിഞ്ഞ ദിവസമാണ് വയറിങ് പൂർത്തീകരിച്ചത്. വയറിങ് കരാറെടുത്ത കരാർ ഉടമയുടെ ഉപകരണങ്ങളും വയറുകളും പൂർണമായും കത്തിയമർന്നു. ഇവർക്കും കനത്ത നഷ്‌ടമാണ് ഉണ്ടായത്. എംസിഎഫിന്‍റെ ഉള്ളിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും നനഞ്ഞ രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിത കർമ്മ സേന അംഗങ്ങൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടായ തീപിടിത്തം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് ഹരിത കർമ്മ സേന അംഗങ്ങൾ ആവശ്യപ്പെട്ടു. തീ ആളിക്കത്തിയതിനെത്തുടർന്ന് എംസിഎഫിന് തൊട്ടുപിറകിലുള്ള പൂവംപറമ്പ് മണിയുടെ വീട്ടിലെ വയറിങ് കത്തി നശിച്ചു. സംഭവത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:Kozhikode Waste Plant Fire: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു

ABOUT THE AUTHOR

...view details