കേരളം

kerala

സുഹൃത്തുക്കൾ മയക്കുമരുന്ന്‌ നൽകിയെന്ന് മാതാവ്, പതിനേഴുകാരന്‍റെ മരണത്തില്‍ ദുരൂഹത: അന്വേഷണം

By

Published : Mar 21, 2023, 8:21 PM IST

പെരുമാതുറയിൽ പതിനേഴുകാരന്‍റെ ദുരൂഹ മരണം

തിരുവനന്തപുരം:പെരുമാതുറയിൽ 17 കാരന്‍റെ ദുരൂഹ മരണം മയക്കുമരുന്ന് നൽകിയതിനെത്തുടർന്നാണെന്ന് കുടുംബത്തിന്‍റെ പരാതി. പെരുമാതുറ സ്വദേശിയായ 17 കാരൻ ഇന്ന്‌ (21.03.23) രാവിലെയാണ് മരിച്ചത്. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് യുവാവ് പറഞ്ഞിരുന്നതായി മാതാവ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് യുവാവിനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. തുടർന്ന് ഏഴ്‌ മണിയോടെ യുവാവിനെ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ യുവാവ് അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പിന്നാലെ ശക്തമായ ഛർദ്ദിയുമുണ്ടായി.

തുടർന്ന് മാതാവ് ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഏതോ ലഹരി ഉപയോഗിച്ചതായി ഇവർ ഡോക്‌ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രാത്രി രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം വൈകുന്നേരം പെരുമാതുറ സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കി. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്‌മാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details