കേരളം

kerala

നാറാണംതോട് അപകടം : 59 ശബരിമല തീര്‍ഥാടകര്‍ ചികിത്സയില്‍, 9 കുട്ടികള്‍ക്ക് പരിക്ക്

By

Published : Mar 28, 2023, 11:02 PM IST

പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും

പത്തനംതിട്ട: ഇലവുങ്കല്‍ നാറാണംതോടിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആശുപത്രി അധികൃതര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു. കൃഷി മന്ത്രി പി. പ്രസാദും ആശുപത്രി സന്ദര്‍ശിച്ചു. 

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ഇലവുങ്കല്‍ നാറാണംതോടിന്  സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 64 പേരാണ് ബസില്‍  ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 59 പേരാണ് നിലവില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

പത്തനംതിട്ട ജില്ല ആശുപത്രിയില്‍ 42 പേരും കോട്ടയം മെഡിക്കല്‍ കോളജില്‍ 17 പേരുമാണ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന ഒന്‍പത് കുട്ടികളില്‍  4 കുട്ടികൾ കോട്ടയം മെഡിക്കൽ കോളജിലും  5 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് ചികിത്സ തേടിയിട്ടുള്ളത്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details