കേരളം

kerala

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഇടിച്ചിട്ട കാര്‍ മടങ്ങിയെത്തി വീണ്ടും ആക്രമിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By

Published : Apr 7, 2023, 4:21 PM IST

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഇടിച്ചിട്ട കാര്‍ മടങ്ങിയെത്തി വീണ്ടും ആക്രമിച്ചു

കൊല്ലം:എഴുകോണിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കിഴക്കെ മാറനാട് സ്വദേശി മനുവിനെയാണ് അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എഴുകോൺ വട്ടമൺ കാവിൽ വച്ച് നമ്പർ പ്ലേറ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലുള്ള സംഘം മനുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടുപോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ ഇടിക്കാൻ ശ്രമിച്ചു. ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം കാറിലുണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട കലഹമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അക്രമം നടന്നതിന് സമീപത്തെ വീട്ടിലെ സിസിടിവി ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മനു ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. 

അതുകൊണ്ടുതന്നെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാകാം വാഹനം ഇടിപ്പിച്ചതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details