കേരളം

kerala

മുത്തങ്ങയിൽ ബൈക്ക്‌ യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവാക്കൾ

By

Published : Aug 15, 2023, 10:06 PM IST

Updated : Aug 15, 2023, 10:27 PM IST

Elephant running towards bikers at Wayanad

വയനാട് : മുത്തങ്ങയിൽ ബൈക്ക്‌ യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. രക്ഷയില്ലാതെ കാട്ടിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു കർണാടക സ്വദേശികളായ യാത്രികർ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ-ബന്ദിപ്പൂർ മേഖലയിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. വഴിയരികിലുണ്ടായിരുന്ന ആനയെ കണ്ടതോടെ റോഡിന് നടുക്ക് ബൈക്ക് നിർത്തിയ ഇവര്‍ക്കുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ ബൈക്ക്‌ മറിയുകയും ചെയ്‌തു. ബൈക്ക്‌ ഉയർത്തി സ്റ്റാർട്ട് ആക്കുന്നതിനിടയിൽ ആന തൊട്ടടുത്തെത്തിയതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കാട്ടിലേക്ക് ഓടിച്ചുകയറ്റിയ വാഹനം ഉപേക്ഷിച്ച് മറ്റേ യുവാവും ഓടി രക്ഷപ്പെട്ടു. പിറകെയുണ്ടായിരുന്ന കാർ യാത്രികനായ മലപ്പുറം കോട്ടയ്ക്ക‌ൽ സ്വദേശി നാസറാണ് വീഡിയോ പകർത്തിയത്. നേരത്തേയും ഈ വനമേഖലയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. റോഡരികില്‍ വാഹനം നിര്‍ത്തി കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കാനായി പാഞ്ഞടുത്തത്. തിരിഞ്ഞോടിയ ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.

Last Updated :Aug 15, 2023, 10:27 PM IST

ABOUT THE AUTHOR

...view details