കേരളം

kerala

Diesel lorry accident| ഡീസലിൽ മുങ്ങി ഒരു പ്രദേശം; ലോറി മറിഞ്ഞ് 15ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

By

Published : Jun 24, 2023, 5:52 PM IST

ഡീസലിൽ മുങ്ങി ഒരു പ്രദേശം; ലോറി മറിഞ്ഞ് 15ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കാസർകോട്:ഒരു പ്രദേശം ഡീസലില്‍ മുങ്ങിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ തികച്ചും അവിശ്വസനീയമാണ്. എന്നാല്‍,അത് വിശ്വസിച്ചെ മതിയാകു. ഡീസലിന്‍റെ സാന്നിധ്യം ഇല്ലാത്ത ഒരു തുള്ളി വെള്ളം ഇവിടെ കാണാനാകില്ല.

അതിരൂക്ഷമായ ഗന്ധം കാരണം ശാരീരിക അസ്വസ്ഥതകള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പരിയാരത്തെ കുടുംബങ്ങൾ ഇത്തരത്തില്‍ ജീവിക്കുവാന്‍ ആരംഭിച്ചിട്ട് ഇന്നേയ്‌ക്ക് ഏഴു ദിവസമായിരിക്കുകയാണ്. ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞ പ്രദേശത്താണ് ഡീസലിന്‍റെ സാന്നിധ്യം. 

കിണറിൽ പോലും ഡീസലായതോടെ പതിനഞ്ചോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. അപകടത്തെ തുടർന്ന് 12,000 ലിറ്റർ ഡീസലാണ് പ്രദേശത്ത് ഒഴുകിയത്. പഞ്ചായത്തിൽ നിന്നും കിട്ടുന്ന രണ്ടു പാത്രം വെള്ളമാണ് ഇവരുടെ ആശ്രയം.

കഴിഞ്ഞ വെള്ളിയാഴ്‌ച(16.06.2023) രാത്രി 9.30ഓടെയായിരുന്നു പാണത്തൂർ പരിയാരത്ത് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിയാരം സ്വദേശി ഹസൈനാരിന്‍റെ വീട്‌ ഭാഗികമായി തകർന്നിരുന്നു. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പൂർണമായും ഡീസൽ ചോർന്നു. 

ഇത് പ്രദേശവാസികൾക്ക് ഉണ്ടാക്കിയത് ഇരട്ടി ദുരിതമാണ്. പ്രദേശത്തെ വീടുകളിലെ കിണറുകളിൽ വെള്ളത്തിനൊപ്പം ഡീസലും കലർന്നു. മഴ കൂടി പെയ്‌തതോടെ ഡീസൽ ആകെ വ്യാപിച്ചിരിക്കുകയാണ്. 

അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ പൂർണമായും മുക്തരായിട്ടില്ല. വീട്‌ ഭാഗികമായി തകർന്ന ഹസൈനാരും കുടുംബവും തലനാരിഴക്കാണ് രക്ഷപെട്ടത്. രാത്രി 9.30 ഓടെയായിരുന്നു അപകടം.

നിയന്ത്രണം തെറ്റിയ ലോറി കല്ലിൽ ഇടിച്ചു താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം ഹസൈനാരുടെ കുടുംബം ഭക്ഷണം കഴിക്കുകയായിരുന്നു. അടുക്കള ഭാഗം പൂർണമായും തകർന്നു. 

അധികൃതർ കനിയാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് വർഷം മുമ്പ് ഇതേ സ്ഥലത്താണ് ടൂറിസ്‌റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചത്. അപകടം ആവർത്തിച്ചിട്ടും ദുരന്ത വളവെന്ന് പേരിട്ടു വിളിച്ചതല്ലാതെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ചെറുതും വലുതുമായി നാല് അപകടങ്ങൾ ഈ പ്രദേശത്ത് നടന്നതായും നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details