കേരളം

kerala

പമ്പ നദിയിലേക്ക് മലിനജലം ഒഴുക്കുന്ന വീഡിയോ വൈറൽ; അടിയന്തിര നടപടി സ്വീകരിച്ച് ദേവസ്വം ബോർഡ്, ഓട പൂർണ്ണമായും അടയ്ക്കണമെന്ന് ജനങ്ങൾ

By ETV Bharat Kerala Team

Published : Dec 26, 2023, 4:54 PM IST

Devaswom Board has taken action on Pampa river pollution issue

പത്തനംതിട്ട: പമ്പയിലേക്ക് ഓടയിൽ നിന്നും മലിനജലം ഒഴുക്കുന്ന വീഡിയോ ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ പോസ്റ്റ്‌ ചെയ്‌തത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ അടിയന്തിര നടപടിയുമായി ദേവസ്വം ബോർഡ്‌.  പമ്പ ത്രിവേണി പാലത്തിനടുത്ത് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് , പമ്പ നദിയിലേക്ക് തുറന്നു വച്ചിരിക്കുന്ന ഓടയിൽ നിന്നും, മലിന ജലം നദിയിലേക്ക് ഒഴുക്കുന്ന വീഡിയോയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തൻ പങ്കുവച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു. പുണ്യമായ പമ്പ നദി മലിനപ്പെടുത്തരുതെന്ന് ഭക്തർക്ക് നിർദ്ദേശം നൽകുന്ന അധികൃതർ തന്നെ ലക്ഷകണക്കിന് ഭക്തർ സ്‌നാനത്തിനായി ഉപയോഗിക്കുന്ന പമ്പ നദിയിലേക്ക് മലിന ജലം ഒഴുക്കാനുള്ള ഓട നിർമ്മിച്ചതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. വീഡിയോ ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ്‌ അധികൃതർ ഇടപെട്ട് നദിയിലേക്ക് മലിന ജലം ഒഴുക്കുന്നത് തടഞ്ഞു. ഭക്തൻ പങ്കുവച്ച വീഡിയോയും അതിനു നടപടി സ്വീകരിച്ചു കൊണ്ടുള്ള വീഡിയോയും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്‌തു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ സ്ഥലത്തെത്തുകയും, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മലിനജലം തടയുകയും പൈപ്പുകൾ വഴി ദേവസ്വം ബോർഡിൻ്റെ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേയ്ക്ക് മാറ്റുകയുമായിരുന്നെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ നദിയിലേക്ക് തുറന്നു വച്ചിരിക്കുന്ന ഓട പൂർണ്ണമായും അടയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതുള്ള നടപടി താൽക്കാലികം ആണെന്നുമാണ് പ്രസിഡന്‍റിന്‍റെ പോസ്റ്റിന് പ്രതികരണങ്ങൾ വരുന്നത്. 

ABOUT THE AUTHOR

...view details